
ജുബിൻ
തുടർച്ചയായി കഴിക്കേണ്ട മരുന്നുകൾ മണിപ്പാൽ കസ്തൂർബ ആശുപത്രിയിൽ നിന്നും നാട്ടിലെത്തിയപ്പോൾ 4 കുട്ടികളുടെ രക്ഷിതാക്കൾക്ക് ആശ്വാസമായി. നാദാപുരം വടകര മേഖലയിലെ സെറിബ്രൽ പാർസി, ഹോർമോൺ തകരാറുള്ള കുട്ടികൾക്കുള്ള വർഷങ്ങൾ തുടർച്ചയായി കഴിക്കേണ്ട മരുന്നുകളാണ് എത്തിച്ചത്. നാദാപുരത്തെ മാധ്യമ പ്രവർത്തകനും, എൽ.ജെ.ഡി നേതാവുമായ വത്സരാജ് മണലാട്ടാണ് ഈ ദൗത്യത്തിന് മുന്നിട്ടിറങ്ങിയത്. മണിപ്പാൽ ആശുപത്രിയിലെ മരുന്ന് നിർമിക്കുന്ന ഫാർമസിസ്റ്റ് എ.ജെ ജോസിനെ വത്സരാജ് ഫോണിൽ ബന്ധപ്പെട്ടങ്കിലും ലോക്ഡൗണിനെ തുടർന്ന് മണിപ്പാൽ, മംഗലുരു ജില്ലകൾ അടച്ചതു കാരണം മംഗലാപുരം എത്തിക്കാൻ പ്രയാസമാണന്നും മരുന്ന് ഞാൻ തയ്യാറാക്കാം ആരെയെങ്കിലും അയച്ചാൽ മതി എന്ന മറുപടിയാണ് ലഭിച്ചത്. മംഗലാപുരത്തുള്ള സുഹൃത്തുക്കളെ വിളിച്ചപ്പോൾ അവർക്ക് ജില്ലാ അതിർത്തിയിലെ നിയന്ത്രണം കാരണം മണിപ്പാൽ എത്താൻ ഇപ്പോൾ കഴിയാത്ത സാഹചര്യമാണന്നും പറഞ്ഞു.ഇതേ തുടർന്ന് വത്സരാജിൻ്റെ അഭ്യർത്ഥന പ്രകാരം നാദാപുരം എ.എസ്.പി അങ്കിത് അശോക് മണിപ്പാൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറെ ബന്ധപ്പെടുകയും മണിപ്പാൽ ആശുപത്രിയിൽ മരുന്ന് നിർമിക്കുന്ന ഡപ്യുട്ടി ചീഫ് ഫാർമസിസ്റ്റ് മലയാളിയായ എ.ജെ ജോസ് മരുന്ന് നിർമിച്ച് മണിപ്പാൽ പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. തുടർന്ന് പോലീസ് തന്നെ മംഗലാപുരത്ത് എത്തിച്ച് ഗുജറാത്ത് നിന്നും കോഴിക്കോട് പോകുന്ന ചരക്ക് ലോറിയുടെ ഡ്രൈവർ മയൂർ വശം മരുന്ന് ഏൽപ്പിക്കുകയായിരുന്നു രാത്രിയോടെ അത് തലശ്ശേരി പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു പിന്നീട് തലശ്ശേരി പോലീസ് നാദാപുരം ഡിവിഷണൽ ഓഫീസിൽ എത്തിക്കുകയായിരുന്നു. മരുന്നിൻ്റെ വില വത്സരാജ് ഫാർമസിസ്റ്റിൻ്റെ ബാങ്ക് അക്കൗണ്ടിൽ അടക്കുകയും ചെയ്തു.നേരത്തെ മണിപ്പാൽ നിന്നും വീട്ടമ്മക്ക് മരുന്നെത്തിച്ച പത്ര വാർത്തയെ തുടർന്നാണ് രക്ഷിതാക്കൾ വത്സരാജിനെ ബന്ധപ്പെട്ടത്.10 ഉം 15 ഉം വർഷം തുടർച്ചയായി കഴിക്കേണ്ട ഈ മരുന്ന് ഇടക്ക് വച്ച് നിർത്തുകയാണങ്കിൽ വീണ്ടും പഴയപോലെ തുടക്കം മുതൽ വർഷങ്ങളോളം കഴിക്കേണ്ടി വരുമെന്നത് രോഗികളായ കുട്ടികളുടെ ബന്ധുക്കളെ വളരെ വിഷമിപ്പിച്ചിരുന്നു. തലശ്ശേരി ,പയ്യന്നൂർ സ്വദേശികളായ മറ്റ് രണ്ട് കുട്ടികൾക്കുള്ള മരുന്നുകളും ഇതോടൊപ്പം അയച്ചിട്ടുണ്ട്. വടകര സ്വദേശിയായ സെറിബ്രൽ പാർസി രോഗം ബാധിച്ച കുട്ടിയുടെ കാഴ്ചയില്ലാത്ത പിതാവിനെ അശ്രദ്ധമായി മൂന്ന് പേർ സഞ്ചരിച്ച ബൈക്കിടിച്ച് അപകടം പറ്റി ഇപ്പോൾ വടകര നിന്നും ഡയാലിസിസ് ചെയ്യുകയാണ് വടകര സിവിൽ ഡിഫൻസ് വളണ്ടിയറായ വിജീഷാണ് ഈ കുട്ടിയുടെ മരുന്നിൻ്റെ കാര്യം ശ്രദ്ധയിൽ പെടുത്തിയതന്നും മണിപ്പാൽ ആശുപത്രിയിലെ ഫാർമസിസ്റ്റ് ജോസിൻ്റെയും, നാദാപുരം എ.എസ്.പി അങ്കിത് അ ശോകിൻ്റെയും ആത്മാർത്ഥ ശ്രമം മരുന്നുകൾ രോഗികളുടെ കൈവശം എത്രയും വേഗം എത്താൻ സഹായകമായതായും ഇതിൻ്റെ ഇടനിലക്കാരനായി പ്രവർത്തിക്കാൻ കഴിഞ്ഞതു വളരെ സന്തോഷവും സംതൃപ്തിയും നൽകുന്നതാണന്നും രക്തദാനമുൾപ്പെടെയുള്ള ജീവകാരുണ്യ രംഗത്ത് 23 വർഷമായി പ്രവർത്തിക്കുന്ന വത്സരാജ് പറഞ്ഞു.പയ്യന്നൂരിലെയും, പിണറായിയിലെയും രോഗികളായ കുട്ടികൾക്കുള്ള മരുന്നുകൾ കല്ലാച്ചി ഫയർസ്റ്റേഷനിലെ ഓഫീസർ പ്രമോദിനെ ഏൽപ്പിക്കുകയായിരുന്നു . മറ്റ് രണ്ട് രോഗികൾക്കും നേരിട്ട് വത്സരാജ് വീട്ടിലെത്തിച്ചു.കയ്യിലുള്ള മരുന്നുകൾ തീർന്നുകൊണ്ടിരിക്കുന്നതും ഡോസ് കുറച്ച് നിർത്താതെ കൊടുക്കണമെന്ന ഡോക്ടറുടെ നിർദ്ദേശം അനുസരിച്ചും ആധിയോടെ മരുന്നിനായി കാത്തിരുന്ന രക്ഷിതാക്കൾക്ക് വളരെ ആശ്വാസമായി നേരിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത സുമനസ്സുകളുടെ സഹായത്താൽ മരുന്ന് കയ്യിലെത്തിയത്.