KeralaLatest

“Manju”

പ്രജീഷ്.എൻ.കെ

 

ഇന്ന് കണ്ണൂര്‍ 4, കോഴിക്കോട് 2, കാസര്‍കോട് 1 എന്ന നിലയിലാണ് ഫലം പോസിറ്റീവായത്. ഇന്ന് പോസിറ്റീവായവരില്‍ അഞ്ചുപേര്‍ വിദേശത്തുനിന്നു വന്നവരും രണ്ടു പേര്‍ സമ്പര്‍ക്കംമൂലവുമാണ്. 27 പേര്‍ക്ക് പരിശോധനാ ഫലം നെഗറ്റീവായി. കാസര്‍കോട് 24, എറണാകുളം, മലപ്പുറം, കണ്ണൂര്‍ ഒന്നുവീതം എന്നിങ്ങനെയാണ് ഇന്ന് പരിശോധനാ ഫലം നെഗറ്റീവായത്. ഇതുവരെ 394 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 147 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്.

സംസ്ഥാനത്ത് 88,855 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 88,332 പേര്‍ വീടുകളിലും 532 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 108 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 17,400 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 16,459 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിന്‍റെ ഏതാണ്ട് മൂന്നിരട്ടിയാണ് രോഗമുക്തി നേടിയവരുടെ എണ്ണം. അത് നമ്മുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഗുണഫലം തന്നെയാണ്. അതിനു പുറമെ ആശ്വാസം പകരുന്ന മറ്റു ചില കാര്യങ്ങള്‍ കൂടിയുണ്ട്.

ബ്രിട്ടീഷ് എയര്‍വേയ്സിന്‍റെ  പ്രത്യേക വിമാനം ഇന്നലെ കൊച്ചിയില്‍നിന്നും തിരുവനന്തപുരത്തു നിന്നുമായി 268 യാത്രക്കാരുമായി ബ്രിട്ടനിലേക്ക് യാത്രതിരിച്ചു. ഈ കൂട്ടത്തില്‍ കോവിഡ് രോഗം ഭേദപ്പെട്ട ഏഴ് വിദേശ പൗരന്മാരുമുണ്ട്. നമ്മുടെ സംസ്ഥാനം കോവിഡിനെ പ്രതിരോധിക്കുന്നതിന് ഉണ്ടാക്കിയ നേട്ടത്തിന്‍റെ സൂചനയാണിത്. അവര്‍ കേരളത്തിന് പ്രത്യേക കൃതജ്ഞത അറിയിച്ചിട്ടാണ് വിമാനം കയറിയത്. അതോടൊപ്പം നെടുമ്പാശേരി വിമാനത്താവളത്തില്‍ ഡ്യൂട്ടിയിലിരിക്കെ കോവിഡ് ബാധിച്ച രണ്ടുപേര്‍ ഇന്ന് രോഗവിമുക്തരായ കൂട്ടത്തിലുണ്ട് എന്ന കാര്യവും എടുത്തുപറയേണ്ടതാണ്.

നിയന്ത്രണങ്ങള്‍

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മെയ് 3 വരെ നീട്ടിയിരിക്കുകയാണ്. ഹോട്ട്സ്പോട്ട് അല്ലാത്ത ജില്ലകളില്‍ ഏപ്രില്‍ 20 മുതല്‍ കേന്ദ്രം ചില ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്തിനാകെ ബാധകമായ നിയന്ത്രണങ്ങള്‍ കേന്ദ്രസര്‍ക്കാരിന്‍റെ പ്രഖ്യാപനത്തിലുണ്ട്.  ഉദാ: വിമാനയാത്രയും ട്രെയിന്‍ ഗതാഗതവും മെട്രോയും മറ്റ് പൊതുഗതാഗത മാര്‍ഗങ്ങളും പൂര്‍ണമായി നിരോധിച്ചിരിക്കുകയാണ്. സംസ്ഥാനം വിട്ടും ജില്ലകള്‍ വിട്ടുമുള്ള യാത്രകള്‍ക്ക് നിയന്ത്രണമുണ്ട്. അതുപോലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പരിശീലന കേന്ദ്രങ്ങള്‍ എന്നിവയുടെയെല്ലാം പ്രവര്‍ത്തനം കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇത്തരത്തിലുള്ള എല്ലാ നിയന്ത്രണങ്ങളും സംസ്ഥാനത്തും തുടരും.

മെയ് 3 വരെ ലോക്ക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനം സ്വീകരിക്കുന്ന നടപടികള്‍

സംസ്ഥാന അതിര്‍ത്തികള്‍ അടച്ചിരിക്കുകയാണ്. സംസ്ഥാനത്തിനു പുറത്തേക്കോ, സംസ്ഥാനത്തിലേക്കോ ആര്‍ക്കും സഞ്ചരിക്കാനാവില്ല. അന്തര്‍ജില്ലാ യാത്രകളും നിരോധിച്ചിരിക്കുകയാണ്. ഇതു രണ്ടും തുടരും.

കേന്ദ്ര ലിസ്റ്റ് അനുസരിച്ച് കാസര്‍കോട്, കണ്ണൂര്‍, എറണാകുളം, മലപ്പുറം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളെയാണ് ഹോട്ട്സ്പോട്ടുകളായി കണക്കാക്കിയിട്ടുള്ളത്. കോവിഡ് പോസിറ്റീവായി ഇപ്പോള്‍ ചികിത്സയിലുള്ളവരുടെ എണ്ണം കണക്കാക്കിയാല്‍ കാസര്‍കോട്-61, കണ്ണൂര്‍-45, മലപ്പുറം-9 എന്നിങ്ങനെയാണ് ഉള്ളത്. ഈ മൂന്ന് ജില്ലകള്‍ കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുള്ളത് കോഴിക്കോടാണ് 9 എണ്ണം. ഈ നാല് ജില്ലകളും ചേര്‍ത്ത് ഒരു മേഖലയാക്കി നിയന്ത്രണങ്ങള്‍ നടപ്പാക്കും.

ഈ നാല് ജില്ലകളിലും മെയ് 3 വരെ ലോക്ക്ഡൗണ്‍ കര്‍ക്കശമായി തുടരും.

ഈ ജില്ലകളില്‍ തീവ്ര രോഗബാധയുള്ള ഹോട്ട്സ്പോട്ട് പ്രത്യേകമായി കണ്ടെത്തും. അത്തരം വില്ലേജുകളുടെ അതിര്‍ത്തി അടയ്ക്കും.  എന്‍ട്രി പോയിന്‍റും എക്സിറ്റ് പോയിന്‍റും  മാത്രം അനുവദിക്കും. മറ്റു വഴികളെല്ലാം അടയ്ക്കും. ഭക്ഷ്യവസ്തുക്കള്‍ സര്‍ക്കാര്‍ അനുവദിക്കുന്ന ഈ പോയിന്‍റിലൂടെയാണ് എത്തിക്കേണ്ടത്.

അടുത്ത മേഖല പത്തനംതിട്ട (6 കേസുകള്‍), എറണാകുളം (3), കൊല്ലം (5) എന്നീ ജില്ലകള്‍  ഉള്‍പ്പെടുത്തുന്നതാണ്.

ഇവിടെ ഏപ്രില്‍ 24 വരെ ലോക്ക്ഡൗണ്‍ തുടരും. ഹോട്ട്സ്പോട്ടായ പ്രത്യേക പ്രദേശങ്ങള്‍ കണ്ടെത്തി പൂര്‍ണ്ണമായി അടച്ചിടും. ഏപ്രില്‍ 24 കഴിഞ്ഞാല്‍ സ്ഥിതി വിലയിരുത്തി ആവശ്യമെങ്കില്‍ ചില ഇളവുകള്‍ അനുവദിക്കും.

മൂന്നാമത്തെ മേഖല ആലപ്പുഴ (3), തിരുവനന്തപുരം (2), പാലക്കാട് (2), തൃശൂര്‍ (1), വയനാട് (1) ജില്ലകള്‍ ഉള്‍പ്പെടുന്നതാണ്. ഈ മേഖലയില്‍  ഭാഗികമായി സാധാരണ ജീവിതം അനുവദിക്കും. എന്നാല്‍ മറ്റെല്ലാ നിയന്ത്രണങ്ങളും ഇവിടെ ബാധകമായിരിക്കും. സിനിമാ ഹാളുകള്‍, ആരാധനാലയങ്ങള്‍ അടഞ്ഞുകിടക്കണം. കൂട്ടംകൂടല്‍, പൊതു-സ്വകാര്യ പരിപാടികള്‍, വിവിധ കൂടിച്ചേരലുകള്‍ (പാര്‍ടി) മെയ് 3 വരെ നിരോധിക്കും. ഹോട്ട്സ്പോട്ടുള്ള പ്രദേശം അടച്ചിടും. ജില്ലാ അതിര്‍ത്തിയില്‍ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് സുരക്ഷാക്രമീകരണങ്ങളോടെ അനുവദിക്കും. കടകള്‍, റസ്റ്റോറന്‍റുകള്‍ തുടങ്ങിയവ വൈകുന്നേരം 7 മണി വരെ തുറന്നു പ്രവര്‍ത്തിക്കാം.

പോസിറ്റീവ് കേസുകള്‍ ഇല്ലാത്ത കോട്ടയവും ഇടുക്കിയും മറ്റൊരു മേഖലയായി തിരിക്കും. തമിഴ്നാട് അതിര്‍ത്തി പങ്കിടുന്ന ജില്ല എന്ന നിലയ്ക്ക് ഇടുക്കിയില്‍ കൂടുതല്‍ ജാഗ്രത ഉണ്ടാകും.  സംസ്ഥാന അതിര്‍ത്തി പൂര്‍ണമായും അടച്ചിടും. ഇവിടേയും ജില്ലവിട്ടുള്ള യാത്ര അനുവദിക്കില്ല. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളോടെ സാധാരണ ജീവിതം അനുവദിക്കാനാണ് ഉദ്ദേശിക്കുന്നത്.

എവിടെയായാലും പുറത്തിറങ്ങുന്നവര്‍ മാസ്ക്ക് ധരിച്ചിരിക്കണം. എല്ലാ ഇടങ്ങളിലും സാനിറ്റൈസറും കൈ കഴുകാന്‍ സൗകര്യവും ഒരുക്കണം.

കോവിഡ് പ്രതിരോധ നടപടികള്‍ വിജയിപ്പിക്കുന്നതിന് ഓരോ ജില്ലയ്ക്കും പ്രത്യേകമായ രോഗപ്രതിരോധ പ്ലാന്‍ ഉണ്ടാക്കും. ചില പഞ്ചായത്തുകളും നഗരസഭകളും ഹോട്ട്സ്പോട്ട് മേഖലയില്‍ വരുന്നതായാല്‍ സവിശേഷമായ പ്ലാനിങ് വേണ്ടിവരും.

രോഗവിമുക്തരായി ഡിസ്ചാര്‍ജ് ചെയ്യുന്നവരും  കുടുംബാംഗങ്ങളും 14 ദിവസം പുറത്തിറങ്ങുകയോ മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്യരുത്. തദ്ദേശസ്വയംഭരണ തലത്തില്‍ ഈ കുടുംബങ്ങളെ നിരീക്ഷിക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തും.

ജനങ്ങള്‍ക്ക് സ്വാഭാവിക ജീവിതം നയിക്കാന്‍ സഹായകമായ രീതിയില്‍ ചില മേഖലകളില്‍ ഇളവുകള്‍ നല്‍കേണ്ടി വരും. ക്രയവിക്രയ ശേഷി വര്‍ധിപ്പിക്കുന്നതിന് ആളുകള്‍ക്ക് വരുമാനം ഉണ്ടാകണം. തൊഴില്‍മേഖല സജീവമാക്കാനാവണം. പിഡബ്ല്യൂഡി പ്രവൃത്തികളും സ്വകാര്യ മേഖലയിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും സ്തംഭിച്ചിരിക്കുകയാണ്.

ഹോട്ട്സ്പോട്ട് പ്രദേശങ്ങള്‍ ഒഴിവാക്കി ബാക്കി സ്ഥലങ്ങളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ച് കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്കനുസൃതമായി നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തനം പുനരാരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ശാരീരിക അകലം പാലിക്കുകയും ശുചിത്വ മാനദണ്ഡങ്ങള്‍ അനുസരിക്കുകയും വേണം. ഓരോ പ്രവൃത്തി സ്ഥലത്തും എത്തുന്ന തൊഴിലാളികളുടെ ആരോഗ്യ പരിശോധന നിര്‍ബന്ധമാണ്. തൊഴില്‍ നടത്തിക്കുന്ന ആളുകളുടെ ചുമതലയായിരിക്കും അത്.

വ്യവസായ മേഖലയില്‍ കഴിയുന്നത്ര പ്രവര്‍ത്തനം ആരംഭിക്കാനാവണം. പ്രത്യേകിച്ച് കയര്‍, കശുവണ്ടി, കൈത്തറി, ബീഡി, ഖാദി എന്നീ മേഖലകളില്‍. ഹോട്ട്സ്പോട്ടുകള്‍ അല്ലാത്ത പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം പുനരാരംഭിക്കണം. ഇത്തരം സ്ഥാപനങ്ങളില്‍ പ്രത്യേക എന്‍ട്രി പോയിന്‍റുകളിലൂടെയാവണം ജീവനക്കാര്‍ പ്രവേശിക്കേണ്ടത്. ജീവനക്കാര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്ന് മാനേജ്മെന്‍റുകള്‍ ഉറപ്പുവരുത്തണം. സ്ഥാപനത്തോട് അനുബന്ധിച്ച് പ്രത്യേക താമസ സൗകര്യം ഇല്ലാത്ത കമ്പനികള്‍ ജീവനക്കാര്‍ക്ക് വരുന്നതിനും പോകുന്നതിനും വാഹന സൗകര്യവും ഏര്‍പ്പെടുത്തണം. കൂടുതല്‍ തൊഴിലാളികള്‍ ഉള്ള സ്ഥാപനങ്ങളില്‍ 50 ശതമാനത്തില്‍ താഴെ മാത്രം തൊഴിലാളികളെ വച്ച് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തനം നടത്താന്‍ ശ്രദ്ധിക്കേണ്ടതാണ്.

മെഡിക്കല്‍ രംഗത്ത് വിവിധ ആവശ്യങ്ങള്‍ക്ക് റബ്ബര്‍ ഉപയോഗിക്കുന്നതിനാല്‍ റബ്ബര്‍ സംസ്കരണ യൂണിറ്റുകള്‍ക്ക് ഇളവുകള്‍ നല്‍കും.

കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാതിവഴിയില്‍ നിര്‍ത്തിവയ്ക്കേണ്ടിവന്ന സ്ഥിതിയാണുള്ളത്. മെയ് മാസം കഴിയുന്നതോടെ കനത്ത മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ അതിനകം നല്ല ഭാഗം പൂര്‍ത്തീകരിക്കാന്‍ കഴിയണം. ലൈഫ് പദ്ധതിയിലുള്ള വീടുകളുടെ നിര്‍മാണവും ഉടനെ പൂര്‍ത്തിയാക്കണം. അതിനുവേണ്ടി താല്‍ക്കാലികമായ സംവിധാനങ്ങള്‍ ഒരുക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഇതിന് അനുമതി നല്‍കേണ്ടതാണ്.

ഹോട്ട്സ്പോട്ട് ഒഴികെയുള്ള പ്രദേശങ്ങളില്‍ കാര്‍ഷികവൃത്തി അനുവദിക്കും. വിത്ത് ഇടുന്നതിന് പാടശേഖരങ്ങള്‍ പാകപ്പെടുത്തുന്നതിനും മഴക്കാലപൂര്‍വ്വ പ്രവര്‍ത്തനങ്ങളും അനുവദിക്കും.

കാര്‍ഷികോല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റിലെത്തിക്കേണ്ടതുണ്ട്. ഇതിനുവേണ്ടി മാര്‍ക്കറ്റുകള്‍ തുറക്കാം. ഭക്ഷ്യ സംസ്കരണ യൂണിറ്റുകള്‍ (ഓയില്‍ മില്‍, റൈസ് മില്‍, ഫ്ളവര്‍ മില്‍, വെളിച്ചെണ്ണ ഉല്‍പ്പാദനം) തുടങ്ങിയവ പ്രവര്‍ത്തിപ്പിക്കാം. കേന്ദ്ര സര്‍ക്കാരിന്‍റെ മാര്‍ഗനിര്‍ദേശത്തില്‍ വെളിച്ചെണ്ണ ഉള്‍പ്പെട്ടിരുന്നില്ല. അതുകൂടി ഉള്‍പ്പെടുത്തുകയാണ്. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്ന യൂണിറ്റുകള്‍ക്കും അനുമതി നല്‍കും.വളവും വിത്തും മറ്റും വില്‍ക്കുന്ന കടകള്‍ക്ക് അനുമതി നല്‍കും.

മിനിമം ജീവനക്കാരെ വെച്ച് സഹകരണ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാം. പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, കൃഷി ഭവന്‍, അക്ഷയ സെന്‍ററുകള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കേണ്ടതാണ്. ജനങ്ങള്‍ക്കുള്ള സേവനം ഒരു തരത്തിലും മുടങ്ങാന്‍ പാടില്ല.

തോട്ടം മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ഏലം വിട്ടുപോയിട്ടുണ്ട്. ഏലവും കൂടി ഇതില്‍  ഉള്‍പ്പെടുത്തുന്നു. 50 ശതമാനം തൊഴിലാളികളെ വെച്ചാണ് ഒരുഘട്ടത്തിലുള്ള പ്രവര്‍ത്തനം തോട്ടങ്ങളില്‍ നടത്തുക.

ആശുപത്രികള്‍, ക്ലിനിക്കുകള്‍, ലാബുകള്‍, ഫിസിയോതെറാപ്പിയുടെ യൂണിറ്റുകള്‍ തുടങ്ങിയവ തുറന്നു പ്രവര്‍ത്തിക്കേണ്ടതാണ്. തദ്ദേശസ്വയംഭരണാതിര്‍ത്തിയില്‍ ഓരോ വാര്‍ഡിലും ഉള്ള രോഗം വരാന്‍ സാധ്യത കൂടുതലുള്ള (വള്‍നെറബിള്‍) ഗ്രൂപ്പിനെ പ്രത്യേകം അടയാളപ്പെടുത്തണം (60 വയസ്സിനു മുകളിലുള്ളവര്‍, ഹൃദയം, വൃക്ക, കരള്‍, പ്രമേഹം, ബിപി തുടങ്ങിയ അസുഖങ്ങള്‍ക്ക് ചികിത്സയിലുള്ളവര്‍). രോഗബാധിതരായ മുതിര്‍ന്ന പൗരډാര്‍ക്ക് ഡോക്ടറുമായി ബന്ധപ്പെടാന്‍ അവസരം വേണം. അതിന് തദ്ദേശസ്വയംഭരണ അതിര്‍ത്തിയില്‍ ടെലിമെഡിസിന്‍ സൗകര്യങ്ങള്‍ ഉറപ്പുവരുത്തും.

ആരെയെങ്കിലും ഡോക്ടര്‍ക്ക് കാണേണ്ടതുണ്ടെങ്കില്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്‍റെ വാഹനം അതിനായി ഉപയോഗിക്കാം. രോഗിയുടെ വീട്ടില്‍ ഡോക്ടര്‍ എത്തുന്ന ക്രമീകരണമാണ് ഉദ്ദേശിക്കുന്നത്. പ്രദേശത്തിന്‍റെ പ്രത്യേകതയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ രോഗികളെ ഇത്തരത്തില്‍ കാണേണ്ടിവരുമെങ്കില്‍ ഒരു മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് ഏര്‍പ്പെടുത്താവുന്നതാണ്. ഇക്കാര്യത്തില്‍  സ്വകാര്യമേഖലയുടെ സഹായവും തേടാന്‍ നിശ്ചയിച്ചിട്ടുണ്ട്. ഓരോ ജില്ലയിലും ജില്ലാ കലക്ടറും ഡി.എം.ഒയും കൂടി സ്വാകാര്യ മേഖലയിലെ ആശുപത്രി പ്രതിനിധികളുടെ യോഗം വിളിക്കും. ടെലിമെഡിസിന്‍റെ കാര്യത്തിലും മൊബൈല്‍ യൂണിറ്റിന്‍റെ കാര്യത്തിലും എത്രത്തോളം സ്വകാര്യമേഖലയ്ക്ക് സഹായിക്കാനും സഹകരിക്കാനും പറ്റുമെന്നത് ആരായും. ഒരു ഡോക്ടര്‍, ഒരു സ്റ്റാഫ് നേഴ്സ്, ഒരു പാരാമെഡിക്കല്‍ സ്റ്റാഫ്, മറ്റ് ആവശ്യമായ സജ്ജീകരണങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് സജ്ജമാക്കേണ്ടതാണ്.

സ്വകാര്യ ആശുപത്രികളെയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ ഭാഗമാക്കും. ഓരോ ആശുപത്രിയുടെയും സൗകര്യങ്ങള്‍ രണ്ട് ഭാഗമാക്കും. ഒരു ഭാഗം കോവിഡ് ചികിത്സയ്ക്കു മാത്രമായി മാറ്റിവയ്ക്കും. രണ്ടാമത്തെ ഭാഗം മറ്റ് അസുഖങ്ങള്‍ക്കുള്ളവര്‍ക്കായി മാറ്റിവയ്ക്കും. ഇത്തരത്തില്‍ വിഭജനം കഴിഞ്ഞാല്‍ ബാക്കി വരുന്ന ആ സ്ഥാപനത്തിലെ ജീവനക്കാര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഫീല്‍ഡില്‍ പ്രവര്‍ത്തിക്കാന്‍ സഹായിക്കണം. ഇതോടൊപ്പം ആയൂര്‍വ്വേദ മേഖലയിലും ഹോമിയോ വിഭാഗത്തിലുമുള്ള ചികിത്സാലയങ്ങളും മരുന്ന് ഷോപ്പുകളും തുറന്നു പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.

തൊഴിലുറപ്പ് പദ്ധതി (അയ്യങ്കാളി തൊഴിലുറപ്പ് ഉള്‍പ്പെടെ) പ്രകാരമുള്ള ജോലി സംസ്ഥാനത്ത് ആരംഭിക്കും. അഞ്ചില്‍ കൂടുതല്‍ തൊഴിലാളികള്‍ ഒരു ടീമില്‍ ഉണ്ടാകാത്ത രീതിയില്‍ ക്രമീകരിക്കും.

പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് ആയൂര്‍വേദ മരുന്നുകളുടെ പ്രാധാന്യം പൊതുവെ അംഗീകരിച്ചിട്ടുണ്ട്. ആയൂര്‍വേദ/ ഹോമിയോ മരുന്ന് നിര്‍മാണ കമ്പനികള്‍ക്ക് സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. മരുന്നുകള്‍ കൊണ്ടുപോകുന്നതിന് സംസ്ഥാനതലത്തിലായാലും അന്തര്‍സംസ്ഥാന തലത്തിലായാലും അനുമതി നല്‍കും.

മെയ് 3 വരെ കോസ്മറ്റിക്സ് ഉപയോഗിച്ചുള്ള സൗന്ദര്യവര്‍ദ്ധന സേവനങ്ങള്‍ ഇല്ലാതെ ബാര്‍ബര്‍ ഷോപ്പുകള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രവര്‍ത്തിപ്പിക്കാം. എസി ഉപയോഗിക്കരുത്. രണ്ടില്‍ കൂടുതല്‍ ആളുകള്‍ ഷോപ്പില്‍ കാത്തിരിക്കാന്‍ പാടില്ല. പ്ലംബര്‍, ഇലക്ട്രീഷ്യന്‍, മൊബൈല്‍-കമ്പ്യൂട്ടര്‍ ടെക്നീഷ്യന്‍ തുടങ്ങിയവര്‍ വാതില്‍പ്പടി സേവനം നല്‍കുമ്പോള്‍ ശരിയായ ശാരീരിക അകലം പാലിക്കുകയും മാസ്ക്ക് ഉപയോഗിക്കുകയും വേണം. പനി, ചുമ, ജലദോഷം എന്നിവ ഉള്ളവര്‍ പുറത്തിറങ്ങാനേ പാടില്ല.

ഓരോ പ്രദേശവും അണുമുക്തവും മാലിന്യ മുക്തവും ആക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്രത്യേക പദ്ധതി തയ്യാറാക്കും. വീടുകളും പരിസരവും ശുചിയാക്കുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കാന്‍ ഇപ്പോഴത്തെ സാഹചര്യത്തിന്‍റെ പ്രത്യേകത അനുസരിച്ച് ക്യാമ്പയിന്‍ സംഘടിപ്പിക്കാനാവണം.

അടച്ചിട്ട ഓഫീസുകളും വ്യാപാര സ്ഥാപനങ്ങളും തുറക്കുന്ന ഘട്ടത്തില്‍ അണുവിമുക്തമാക്കുകയും പരിസരമടക്കം ശുചീകരിക്കുകയും വേണം. കമ്യൂണിറ്റി കിച്ചണുകള്‍ നല്ല നിലയ്ക്ക് നടക്കുന്നുണ്ട്. അര്‍ഹതയുള്ളവര്‍ക്കാണ് അവിടെ  ഭക്ഷണം നല്‍കേണ്ടത്. നേരത്തെ അനര്‍ഹരായ ആളുകള്‍ക്ക് കൊടുത്തിട്ടുണ്ടെങ്കില്‍ അവരെ ഒഴിവാക്കുന്നതില്‍ പ്രശ്നമില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ എല്ലാവരുടെയും കൈയില്‍ റേഷന്‍ എത്തിയതിനാല്‍ കമ്മ്യൂണിറ്റി കിച്ചണില്‍ നിന്ന് ഭക്ഷണം വേണ്ട എന്നു പറയുന്ന അവസ്ഥയുണ്ട്. അതില്ലാതെ വിഷമിക്കുന്നവര്‍ക്കാണ് ഇതിലൂടെ ഭക്ഷണം നല്‍കേണ്ടത്.

ജോലിയില്ലാതെ ധാരാളം അതിഥിതൊഴിലാളികളുണ്ട്. പൊതുസ്ഥലങ്ങളിലെ ശുചീകരണത്തിനും  കുളങ്ങള്‍, തോടുകള്‍ എന്നിവയുടെ പുനരുദ്ധാരണത്തിനും അതിഥിതൊഴിലാളികളെ ഉപയോഗിക്കുന്ന കാര്യം പരിശോധിക്കണം. ഇതുവഴി അവര്‍ക്ക് ചെറിയ തൊഴിലും വരുമാനവും കിട്ടും.

ലൈഫ് പദ്ധതിയില്‍ മുടങ്ങിപ്പോയ വീടുകളുടെ നിര്‍മാണം മഴയ്ക്കു മുന്‍പെ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഈ പ്രവൃത്തിക്കും അതിഥിതൊഴിലാളികളെ ഉപയോഗിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കണം.

പൊതുശുചീകരണ പ്രവൃത്തികള്‍ക്ക് ശുചിത്വമിഷന്‍റെയും തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്‍റെയും ഫണ്ട് ഉപയോഗിക്കാന്‍ കഴിയുമോ എന്ന് നോക്കണം. ശുചീകരണ പ്രവൃത്തികള്‍ക്ക് ഹരിതസേനയെ ഉപയോഗിക്കാം.

നിശ്ചിത മാനദണ്ഡങ്ങള്‍ പ്രകാരം തുറക്കാന്‍ അനുമതിയില്ലാത്ത സ്ഥാപനങ്ങള്‍ക്ക് തുറന്ന് വൃത്തിയാക്കാന്‍ ഒരു ദിവസം അനുമതി നല്‍കും.

എല്ലാ ഇളവുകളും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളും ശാരീരിക അകലവും പാലിച്ചുകൊണ്ടു മാത്രമേ പ്രയോജനപ്പെടുത്താനാവൂ.  അത്യാവശ്യം വേണ്ട ആളുകളെ മാത്രമേ ജോലിക്ക് നിയോഗിക്കാവൂ. രോഗലക്ഷണമുള്ളവരെ ഒരു കാരണവശാലും ഈ ഇളവിന്‍റെ പേരില്‍ ജോലി ചെയ്യിക്കരുത്.

ഏപ്രില്‍ 20 മുതല്‍ ഇടവിട്ട ദിവസങ്ങളില്‍ ഒറ്റ, ഇരട്ട അക്ക നമ്പര്‍ വാഹനങ്ങള്‍ ഓടാന്‍ അനുവദിക്കുന്ന രീതിയില്‍ ക്രമീകരണം ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്നു. സ്ത്രീകള്‍ ഓടിക്കുന്ന വാഹനങ്ങള്‍ക്ക് ഇളവുകള്‍ ഉണ്ടാകും.

നിര്‍ത്തിയിട്ട വാഹനങ്ങള്‍ കേടാവാതിരിക്കാന്‍ ആഴ്ചയില്‍ ഒരിക്കല്‍ അവ സ്റ്റാര്‍ട്ട് ചെയ്യുന്നതിനുള്ള അനുമതി നല്‍കും. യൂസ്ഡ് വാഹനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്. മറ്റെവിടെയെങ്കിലും നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്കും ഈ അവസരം ഉപയോഗിക്കാവുന്നതാണ്.

അതിഥി തൊഴിലാളികള്‍ക്കും സാമൂഹ്യ അടുക്കളയിലേക്കും ഭക്ഷ്യവസ്തുക്കള്‍ ലഭിക്കുന്നില്ല എന്ന പരാതി ഒഴിവാക്കാന്‍ സിവില്‍ സപ്ലൈസ് കൂടി ശ്രദ്ധിക്കണം.

അവശ്യ മരുന്നുകള്‍ വിദേശത്ത് എത്തിക്കുന്നതിന് ഇപ്പോള്‍ സംവിധാനമുണ്ട്. കസ്റ്റംസുമായി യോജിച്ച് നോര്‍ക്ക ഇത് നല്ല നിലയില്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. സേവനം ആവശ്യമുള്ളവര്‍ നോര്‍ക്കയുമായി ബന്ധപ്പെട്ടാല്‍ മതിയാകും.

ഇന്ന് കലക്ടര്‍മാരും ജില്ലാ പൊലീസ് മേധാവികളുമായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുമായും വീഡിയോ കോണ്‍ഫറന്‍സ് നടത്തിയിരുന്നു. മൂന്നാഴ്ചത്തെ ലോക്ക്ഡൗണ്‍ കാലത്ത് സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് അവരെല്ലാം നടത്തിയത്. എല്ലാവരെയും അഭിനന്ദിച്ചു.

കാലവര്‍ഷം വരുന്ന സ്ഥിതിക്ക് ഓടും ഓലയും മേഞ്ഞ വീടുകള്‍ക്ക് അറ്റകുറ്റപ്പണി വേണ്ടിവരും. അതിന് അനുമതി നല്‍കും. കിണറുകള്‍ വൃത്തിയാക്കാനും അനുമതിയുണ്ടാകും.

ശേഖരിച്ചുവെച്ച കശുവണ്ടി പ്രത്യേക ലോറിയില്‍ കൊല്ലം വരെ എത്തിക്കാന്‍ സഹകരണ സംഘങ്ങള്‍ക്ക് പ്രത്യേക അനുമതി നല്‍കും. കശുവണ്ടി വികസന കോര്‍പ്പറേഷനും കാപ്ക്സുമാണ് കശുവണ്ടി എടുക്കുന്നത്.

അങ്കണവാടികള്‍ അടച്ചിട്ട സാഹചര്യത്തില്‍ ഭക്ഷണ സാധനങ്ങള്‍ വീടുകളിലെത്തിച്ചു നല്‍കാന്‍ തീരുമാനിച്ചിരുന്നു. ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ മെയ് 15 വരെ ഭക്ഷണ സാധനങ്ങള്‍ വീടുകളില്‍ എത്തിച്ചു നല്‍കും.

അങ്കണവാടി പ്രവര്‍ത്തകര്‍ 37 ലക്ഷം വയോധികരുടെ വിവരങ്ങള്‍ അന്വേഷിക്കുകയും അവര്‍ക്കാവശ്യമായ സാഹയങ്ങള്‍ ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്.

കേരള ബാങ്കിന്‍റെ 779 ശാഖകളിലൂടെ പ്രത്യേക പ്രവാസി സ്വര്‍ണപണയ വായ്പാ പദ്ധതി നടപ്പാക്കുന്നുണ്ട്. സ്വര്‍ണപണയത്തിേډല്‍ മൂന്നുശതമാനം പലിശക്ക് ഒരു പ്രവാസി കുടുംബത്തിന് പരമാവധി അമ്പതിനായിരം രൂപ വരെ വായ്പ നല്‍കുന്നതാണ് പദ്ധതി. ഇന്‍ഷുറന്‍സ് അപ്രൈസല്‍, പ്രോസസ്സിങ് ചാര്‍ജുകള്‍ ഈടാക്കാത്ത ഈ വായ്പയുടെ കാലാവധി നാലുമാസമാണ്.

സഹായം

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തന്‍റെയും തന്‍റെ സ്ഥാപനങ്ങളുടെയും പൂര്‍ണ സഹകരണം പി വി അബ്ദുള്‍വഹാബ് എംപി വാഗ്ദാനം ചെയ്തു. ജന്‍ശിക്ഷന്‍ സന്‍സ്താന്‍ തങ്ങളുടെ ഉടമസ്ഥതയിലുള്ള മൂന്ന് പരിശീലനകേന്ദ്രങ്ങള്‍ ഐസോലേഷന്‍ വാര്‍ഡുകളാക്കാന്‍ വിട്ടു നല്‍കും. നിര്‍മാണ ചെലവ് മാത്രം ഈടാക്കി 25,000 മാസ്ക്കുകള്‍ ദിവസേന നിര്‍മിച്ചു നല്‍കാന്‍ തയ്യാറാണെന്നും അറിയിച്ചിട്ടുണ്ട്. പീവീസ് ഇന്‍റര്‍നാഷണല്‍ സ്കൂള്‍, പീവീസ് മോഡല്‍ സ്കൂള്‍, അമല്‍ കോളേജ് എന്നിവയും കോവിഡ് പ്രതിരോധത്തിന് വിട്ടുനല്‍കും എന്ന് അദ്ദേഹം അറിയിച്ചു.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പ്രമുഖ ടീമായ കേരളാ ബ്ലാസ് റ്റേഴ്സ് കോവിഡ് രോഗികള്‍ക്ക് ആവശ്യമായ 1 ലക്ഷം ഹൈഡ്രോക്സി ക്ലോറോക്വിന്‍ സള്‍ഫേറ്റ് ഗുളികകള്‍ സംഭാവന ചെയ്തു.

Related Articles

Leave a Reply

Back to top button