
സിന്ധുമോൾ ആർ
ന്യൂഡൽഹി ∙ രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 1007 കോവിഡ് കേസുകൾ. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 13, 387 ആയി. ഇതിൽ 11,201 പേരാണ് ചികിത്സയിലുള്ളത്. 1748 പേർക്ക് അസുഖം ഭേദമായി. 24 മണിക്കുറിനിടെ 260 പേർ രോഗമുക്തരായി. 183 പേർ ആശുപത്രി വിട്ടു. കഴിഞ്ഞ നാല് ദിവസമായി രോഗം ഭേദമാകുന്നവരുടെ എണ്ണത്തിൽ വര്‍ധനയുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കോവിഡ് ബാധിച്ച് രാജ്യത്ത് ഇതുവരെ 437 പേരാണ് മരിച്ചത്. ഒരു ദിവസത്തിനിടെ 23 പേർ മരിച്ചു.
മേയ് ആദ്യ ആഴ്ചയിൽ ഇന്ത്യയിലെ കോവിഡ് കേസുകൾ ഏറ്റവും മൂർധന്യാവസ്ഥയിൽ എത്തുമെന്നാണ് വിലയിരുത്തൽ. അതിനുശേഷം രോഗികളുടെ എണ്ണവും വർധിക്കും എന്ന ആശങ്ക ആരോഗ്യ മന്ത്രാലയം അധികൃതര്‍ക്കുണ്ട്. ഐസലേഷനിൽ കഴിയുന്നവരുടെ എണ്ണവും ദിനംപ്രതി വർധിക്കുകയാണെന്നും ആരോഗ്യ മന്ത്രാലയ അധികൃതർ അറിയിച്ചു.
കേന്ദ്രം പ്രഖ്യാപിക്കുന്നതിനു മുൻപു തന്നെ ലോക്ഡൗൺ പ്രഖ്യാപിച്ച സംസ്ഥാനങ്ങളിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമായി. രാജസ്ഥാൻ, പഞ്ചാബ്, ബിഹാർ സംസ്ഥനങ്ങളിൽ രോഗികളുടെ എണ്ണത്തിൽ ഉണ്ടാകാൻ സാധ്യതയുണ്ടായിരുന്ന വൻ വർധന ഇതു മുഖേന തടയാൻ സാധിച്ചു. മഹാരാഷ്ട്ര, ഗുജറാത്ത്, യു. പി എന്നിവിടങ്ങളില്‍ ലോക്ഡൗൺ ഏർപ്പെടുത്താൻ വൈകിയതാണ് രോഗികളുടെ എണ്ണം കൂടാൻ കാരണം. കേന്ദ്രത്തിന്റെ സമ്പൂർണ ലോക്ഡൗൺ ഫലപ്രദമാണെന്നു കരുതുന്നതും ഈ കണക്കുകൾ അനുസരിച്ചു തന്നെയാണ്. ലോക്ഡൗൺ പ്രഖ്യാപിച്ചില്ലായിരുന്നെങ്കിൽ ഏപ്രിൽ 15നുള്ളിൽ രാജ്യത്തെ കോവിഡ് രോഗികൾ 8 ലക്ഷം കവിഞ്ഞു എന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.