
ശ്രീജ
ന്യൂഡൽഹി ∙ നഗരത്തിലെ ആശുപത്രിയിൽ യുവതി മരിച്ചത് കോവിഡ് കാരണമാണെന്ന സംശയത്തെത്തുടർന്ന് ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ 68 ജീവനക്കാരോടു ക്വാറന്റീനിലാകാൻ നിർദേശിച്ചു. 25കാരിയായ യുവതി ബുധനാഴ്ച രാത്രിയാണു മരിച്ചത്.
ഗർഭിണിയായ യുവതി പനിയും മറ്റ് അസ്വസ്ഥതകളുമായി തിങ്കളാഴ്ച രാത്രിയാണു ആശുപത്രിയിൽ പ്രവേശിച്ചത്. അഡ്മിഷൻ സമയത്തു പലതവണ തിരക്കിയെങ്കിലും വിദേശയാത്ര നടത്തിയതും ഹോം ക്വാറന്റീനിലായിരുന്നതും ഇവർ മറച്ചുവച്ചുവെന്നു അധികൃതർ വ്യക്തമാക്കി. രോഗം മൂർച്ഛിച്ചു ബുധനാഴ്ച വെന്റിലേറ്ററിലേക്കു മാറ്റി. ആ ഘട്ടത്തിലാണു വിദേശത്തു നിന്നു വന്നിരുന്നെന്നും സഹയാത്രക്കാരനിൽ നിന്നു കോവിഡ് ബാധിച്ചുവെന്നു സംശയിക്കുന്നുവെന്നും ആശുപത്രി അധികൃതരെ അറിയിച്ചത്. ഇവർ തെറ്റായ വിവരം നൽകിയാണു ആശുപത്രിയിൽ പ്രവേശിച്ചതെന്നു വടക്കു പടിഞ്ഞാറൻ ഡൽഹിയിലെ ഭഗവാൻ മഹാവീർ ആശുപത്രി അധികൃതർ വ്യക്തമാക്കി.
ഏപ്രിൽ 10 മുതൽ 24 വരെ ക്വാറന്റീനിലാകാൻ ജില്ലാ മജിസ്ട്രേട്ട് ഇവരോടും 4 കുടുംബാംഗങ്ങളോടും നിർദേശിച്ച വിവരവും അപ്പോഴാണ് അറിയിച്ചത്. യുവതി രാത്രി മരിച്ചു. തുടർന്നാണ് ഇവരുമായി സമ്പർക്കം പുലർത്തിയവരോടു. നിരീക്ഷണത്തിലാകാൻ നിർദേശിച്ചത്. യുവതിയുടെ ശ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ഇതിന്റെ ഫലമെത്തിയ ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി