India

“Manju”

സിന്ധുമോൾ. ആർ

മുംബൈ∙ കോവിഡ് രോഗം പടർന്നു പിടിക്കുന്ന മുംബൈ നഗരത്തിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. മുംബൈയിൽ പ്രവർത്തിക്കുന്ന 28 മലയാളി നഴ്സുമാർക്കു കൂട്ടത്തോടെ കോവിഡ് രോഗം പിടിപെട്ടതായി റിപ്പോര്‍ട്ട്. ജസ്‍ലോക് ആശുപത്രിയിലെ 26 നഴ്സുമാർ ഉൾപ്പെടെയാണിത്. ബോംബെ ഹോസ്പിറ്റലിൽ ഒരു നഴ്സിനും രോഗം ബാധിച്ചു.

ആദ്യം 2 പേർക്കു കോവിഡ് ബാധിച്ച വേളയിൽ ഹോസ്റ്റലിൽ ക്വാറന്റീൻ ചെയ്തിരുന്ന നഴ്സുമാർക്കിടയിൽ നടത്തിയ രണ്ടാമത്തെ പരിശോധനയിലാണ് 26 മലയാളികൾക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവർക്ക് രോഗലക്ഷണങ്ങള്‍ഇല്ലാതിരുന്നതിനാൽ ഡ്യൂട്ടിയിൽ തിരിച്ചെത്തിക്കുന്നതിനു മുന്നോടിയായിട്ടായിരുന്നു രണ്ടാമത്തെ കോവിഡ് പരിശോധന. രോഗലക്ഷണമില്ലാതെ കോവിഡ് സ്ഥിരീകരിക്കുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

മുംബൈയിലെ വൊക്കാർഡ് ആശുപത്രിയിൽ 62 മലയാളി നഴ്സുമാർക്കാണ് കോവിഡ് കണ്ടെത്തിയിരിക്കുന്നത്. ഭാട്ടിയ, ബ്രീച്ച് കാൻഡി, ബോംബെ ആശുപത്രികളിലും പുണെയിലെ റൂബി ഹാൾ ആശുപത്രിയിലും മലയാളി നഴ്സുമാർ രോഗബാധിതരാണ്. ഇതോടെ മഹാരാഷ്ട്രയില്‍ രോഗബാധിതരായ മലയാളി നഴ്സുമാരുടെ എണ്ണം 111 ആയി ഉയർന്നു. മുംബൈയിൽ 25 നാവികസേന ഉദ്യോഗസ്ഥർക്കു രോഗം ബാധിച്ചതിനു പിന്നാലെയാണ് ആരോഗ്യ പ്രവർത്തകർക്കും പരിശോധന പോസിറ്റീവ് ആയ വിവരം പുറത്തുവന്നത്. അതേസമയം രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 14,000 പിന്നിട്ടു.

നിലവിൽ 14,378 പേർക്കു രോഗബാധയുണ്ട്. 1992 പേരുടെ രോഗം മാറിയപ്പോൾ 480 പേർ മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം ശനിയാഴ്ച അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 991 പുതിയ കേസുകളാണ് രാജ്യത്തുണ്ടായത്. 43പേർ മരിച്ചു. രാജസ്ഥാനിൽ ഇന്ന് 41 പേർക്കു രോഗം സ്ഥിരീകരിച്ചു. ഇന്നുണ്ടായ രണ്ട് മരണങ്ങൾ ഉൾപ്പെടെ രാജസ്ഥാനിൽ മരിച്ചവരുടെ എണ്ണം 19 ആയി. 1270 പോസിറ്റീവ് കേസുകളാണു റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

മുംബൈയിൽ സമൂഹവ്യാപനം ഇല്ലെന്ന് ബിഎംസി. രോഗികളുടെ എണ്ണം രണ്ടായിരം കടന്നിരിക്കെയാണ് അത്തരം സാധ്യതകൾ അധികൃതർ തള്ളുന്നത്. ക്വാറന്റീനിൽ കഴിയുന്നവരിൽ രോഗലക്ഷണം പ്രകടിപ്പിക്കാത്തവരെ ഉടൻ തന്നെ പരിശോധനയ്ക്കുയ്ക്കു വിധേയമാക്കേണ്ട എന്ന തീരുമാനം കൂടി ബിഎംസി എടുത്തിരിക്കെ ഓരോ ദിവസവും രോഗം കണ്ടെത്തുന്നവരുടെ എണ്ണം കുറയാൻ കാരണമായേക്കും. രോഗം ഇല്ലെന്നല്ല, കണ്ടെത്തുന്നില്ല എന്നതാകും സ്ഥിതി. ഇതുവരെ 28,000ൽ പേരെ മുംബൈയിൽ രോഗപരിശോധനയ്ക്കു വിധേയമാക്കിയെന്നാണ് ബിഎംസി പറയുന്നത്.

ധാരാവിയിൽ 15 പേർക്കു കൂടി രോഗബാധ. ചേരിയിൽ രോഗികളുടെ എണ്ണം 101 ആയി. 62 വയസ്സുള്ള കോവിഡ് രോഗി ഇന്നലെ മരിച്ചതോടെ ധാരാവിയിൽ മരണം പത്തായി. മാട്ടുംഗ ലേബർ ക്യാംപ്, മുസ്‍ലിം നഗർ, ഇന്ദിര നഗർ, സോഷ്യൽ നഗർ, ബലിഗ നഗർ, ലക്ഷ്മി ചാൾ, ജനത സൊസൈറ്റി, സർവദോയ് സൊസൈറ്റി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചവർ.

Related Articles

Leave a Reply

Back to top button