ഒരു തെറ്റും ഞാൻ ചെയ്തിട്ടില്ല,സൗദി രാജകുമാരി

രജിലേഷ് കെ.എം.
റിയാദ്: തന്നെ തടവിലാക്കിയിരിക്കുകയാണെന്നും തന്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായ അവസ്ഥയിലാണെന്നും പറഞ്ഞുകൊണ്ട് രംഗത്തുവന്ന് സൗദി രാജകുമാരി ബസ്മ ബിൻത് സൗദ്. തന്നെ തടവിലാക്കിയിരിക്കുന്ന അൽ ഹൈർ ജയിലിൽനിന്നും മോചിപ്പിക്കണമെന്ന് സൗദി രാജാവിനോടും കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാനോടും ട്വിറ്റർ വഴി രാജകുമാരി അഭ്യർത്ഥന നടത്തിയിട്ടുമുണ്ട്.
തന്റെ മേൽ ചുമത്തിയിരിക്കുന്ന കേസിൽ പുനഃപരിശോധന നടത്തണമെന്നും താൻ തെറ്റൊന്നും ചെയ്യാത്തതിനാൽ തടവിൽ നിന്നും മോചിപ്പിക്കണമെന്നുമാണ് 56കാരിയായ രാജകുമാരിയുടെ അഭ്യർത്ഥന. രണ്ട് ട്വീറ്റുകളിലൂടെയാണ് തന്റെ ഇപ്പോഴത്തെ അവസ്ഥ ബസ്മ വ്യക്തമാക്കിയത്. തനിക്ക് മരുന്നുകളൊന്നും ലഭിക്കുന്നില്ലെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.
എന്നാൽ ജയിലിൽ കഴിയുന്ന ബസ്മയ്ക്ക് ട്വീറ്റ് ചെയ്യാൻ കഴിഞ്ഞതെങ്ങനെയെന്ന് വ്യക്തമല്ല. 1953 മുതൽ 1964 മുതൽ സൗദി ഭരിച്ചിരുന്ന സൗദ് രാജാവിന്റെ ഏറ്റവും ഇളയ മകളാണ് ബസ്മ. ഭരണരീതികൾക്കും സംവിധാനത്തിനും മാറ്റം വരണമെന്ന് ആഗ്രഹിച്ച രാജകുമാരി പേരുകേട്ട മനുഷ്യാവകാശ പ്രവർത്തക കൂടിയായിരുന്നു.
രാജ്യം വിട്ട് ബ്രിട്ടണിലേക്ക് പോകാൻ ബസ്മ ശ്രമിച്ചതിനാണ് അവരെ തടവിലാക്കിയതെന്നാണ് വിവരം. കഴിഞ്ഞ വർഷമാണ് ബസ്മയെ അവരുടെ മകളോടൊപ്പം വീട്ടുതടങ്കലിൽ ആക്കിയെന്ന വിവരം ലോകം അറിഞ്ഞത്. പിന്നീട് ഏറെ കാലത്തേക്ക് ബസ്മയെ കുറിച്ചുള്ള വിവരമൊന്നും പുറത്തുവന്നിരുന്നില്ല. ഇങ്ങനെയൊരു സാഹചര്യത്തിലാണ് ഇപ്പോൾ ട്വിറ്റർ വഴി രാജകുമാരി രംഗത്തെത്തിയിരിക്കുന്നത്. ജയിലിൽ രാജകുമാരിയോടൊപ്പം അവരുടെ മകളും കഴിയുന്നുണ്ട്.