IndiaInternationalLatest

ചന്ദ്രോപരിതലത്തില്‍ ജലമുണ്ടെന്ന് നാസയുടെ കണ്ടെത്തല്‍

“Manju”

സിന്ധുമോൾ. ആർ

വാഷിങ്ടന്‍: ചന്ദ്രോപരിതലത്തില്‍ ജലമുണ്ടെന്ന കണ്ടെത്തലുമായി നാസ. നാസയുടെ സോഫിയ (സ്ട്രാറ്റോസ്‌ഫെറിക് ഒബ്‌സര്‍വേറ്ററി ഫോര്‍ ഇന്‍ഫ്രാറെഡ് അസ്‌ട്രോണമി) ഒബ്‌സര്‍വേറ്ററിയുടെ നിര്‍ണായക കണ്ടുപിടിത്തം. ഇതാദ്യമായാണ് സോഫിയ ചന്ദ്രനില്‍ സൂര്യപ്രകാശം തട്ടുന്ന ഭാഗത്ത് ജലമുണ്ടെന്ന് സ്ഥിരീകരിക്കുന്നത്. ചന്ദ്രന്റെ പ്രകാശഭരിതമായ (സണ്‍ലിറ്റ്) പ്രതലത്തിലാണ് വെള്ളം കണ്ടെത്തിയത്.

ചന്ദ്രന്റെ ഭൂമിക്ക് അഭിമുഖമായ വശത്തെ ക്ലേവിയസ് ക്രേറ്റര്‍ എന്ന വന്‍കുഴിയിലാണ് വെള്ളം കണ്ടെത്തിയത്. ഒരു ക്യുബിക് മീറ്റര്‍ മണ്ണില്‍ പരമാവധി 12 ഔണ്‍സ് (354.8 മില്ലിലീറ്റര്‍) മാത്രമേയുള്ളൂ എന്നാണ് അനുമാനം. സഹാറ മരുഭൂമിയില്‍ ഇതിന്റെ 100 മടങ്ങ് ജലസാന്നിധ്യമുണ്ട്. ചന്ദ്രന്റെ തെക്കന്‍ അര്‍ദ്ധഗോളത്തില്‍ സ്ഥിതിചെയ്യുന്ന, ഭൂമിയില്‍ നിന്ന് ദൃശ്യമാകുന്ന ഏറ്റവും വലിയ ഗര്‍ത്തങ്ങളിലൊന്നായ ക്ലാവിയസിലാണ് ജല തന്മാത്രകളെ (H2O) സോഫിയ കണ്ടെത്തിയത്.

ചന്ദ്രന്റെ ഉപരിതലത്തെക്കുറിച്ചുള്ള നേരത്തെയുള്ള നിരീക്ഷണങ്ങളില്‍ ഹൈഡ്രജന്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ജലവും അതിന്റെ അടുത്ത രാസ ആപേക്ഷികവുമായ ഹൈഡ്രോക്‌സൈല്‍ (OH) തമ്മില്‍ വേര്‍തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. ഭൂമിയോട് ഏറ്റവും അടുത്ത് കിടക്കുന്ന ചന്ദ്രനില്‍ ജല സാന്നിധ്യം ഉണ്ടെന്നത് നിരവധി കണ്ടെത്തലുകള്‍ക്ക് വഴിയൊരുക്കും.

ചന്ദ്രന്റെ ഒരു മുഖം മാത്രമാണു ഭൂമിക്കഭിമുഖം. കാണാന്‍ സാധിക്കാത്ത രണ്ടാം പ്രതലം വിദൂര ഭാഗം (ഫാര്‍ സൈഡ്), ഇരുണ്ട ഭാഗം എന്നിങ്ങനെ അറിയപ്പെടുന്നു. ചന്ദ്രന്‍ സ്വന്തം അച്ചുതണ്ടില്‍ കറങ്ങുന്നതിന്റെയും ഭൂമിയെ ചുറ്റുന്നതിന്റെയും തോത് ഒന്നായതിനാലാണ് ഒരു പ്രതലം മാത്രം ഭൂമിക്ക് അഭിമുഖമാകുന്നത്. ഇരുണ്ട പ്രതലം എന്നു വിശേഷിപ്പിക്കുമെങ്കിലും ഈ ഭാഗത്തും സൂര്യപ്രകാശം എത്താറുണ്ട്

Related Articles

Back to top button