
പി.വി.എസ്
മലപ്പുറം :കോവിഡ് ഭേദമായി ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടർന്നിരുന്ന കീഴാറ്റൂർ പൂന്താനം സ്വദേശിയായ വീരാൻകുട്ടി ഹാജി (85) മരണപ്പെട്ട വേദനകൾക്കിടയിലും ജില്ലയ്ക്ക് സന്തോഷം പകർന്ന് രണ്ട് പേർ കൂടി ഇന്ന് വീടുകളിലേയ്ക്ക് മടങ്ങി .കോവിഡ് 19 ബാധിതരായി മഞ്ചേരി ഗവ .മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന കോഴിച്ചെന തെന്നല വാളക്കുളം സ്വദേശി കോഴിക്കൽ മുഹമ്മദലി (48) ,ചെമ്മാട് ബൈപ്പാസ് റോഡ് മഞ്ഞമാട്ടിൽ അബ്ദുൾ ഹക്കീം എന്നിവരാണ് ആശുപത്രിയിൽ നിന്ന് മടങ്ങിയത് .ഇതോടെ കോവിഡ് ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണം 11 ആയി.നിലവിൽ രോഗബാധിതരായി ചികിത്സയിൽ തുടരുന്നത് 7 പേരാണ് .ഇരുവരും ഡൽഹിയിലെ നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു . നാട്ടിൽ തിരിച്ചെത്തിയതിനു ശേഷം രോഗം സ്ഥിരീകരിച്ചു .കോവിഡ് ഭേദമായി ഇന്ന് രാവിലെ വീട്ടിലേക്ക് മടങ്ങാനായി മഞ്ചേരി മെഡിക്കൽ കോളജിൽ നിന്ന് ഒരുങ്ങുന്നതിനിടെ മുഹമ്മദലിയും അബ്ദുൽ ഹക്കീമും ഒരുമിച്ച് തങ്ങളുടെ ആഗ്രഹം അറിയിച്ചു .മുഖം കാണാതെ തങ്ങളെ ചികിത്സിച്ച ഡോക്ടർമാരെയും മറ്റു ജീവനക്കാരെയും ഒന്നു നേരിൽ കാണണം .എല്ലാം ശരിയായ ശേഷം ഒന്ന് ഒരു മിക്കണം .ഡോക്ടർമാർക്കും മറ്റു ജീവനക്കാരോടും കടപ്പാടും കൃതജ്ഞതയും അറിയിച്ചു .ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നും ജില്ലാ കലക്ടറേറ്റിൽ നിന്നും ദിവസവും തങ്ങളെ തേടി വന്നിരുന്ന ഫോൺ വിളികൾ ആത്മവിശ്വാസം വർധിച്ചിപ്പിച്ചതായും ഇരുവരും പറഞ്ഞു .വീട്ടിലെത്തിയാലും ആരോഗ്യ വകുപ്പിന്റെ നിർദേശാനുസരണം പ്രത്യേക നിരീക്ഷണത്തിൽ തുടരുമെന്നും മുഹമ്മദലിയും അബ്ദുൽ ഹക്കീമും പറഞ്ഞു .
പി.വി.എസ്