
രജിലേഷ് കെ.എം.
കൊല്ലം: എണ്ണി നോക്കാൻ നൽകിയ വയോധികയുടെ പെൻഷൻ തുകയുമായി യുവാവ് കടന്നുകളഞ്ഞു. ആദിച്ചനല്ലൂർ കാനറാ ബാങ്കിന് മുന്നിലായിരുന്നു നാടകീയമായ സംഭവം അരങ്ങേറിയത്.
ആദിച്ചനല്ലൂർ സ്വദേശി ബാങ്കിൽ നിന്ന് പിൻവലിച്ച ആറായിരം രൂപയുമായി പുറത്തിറങ്ങി സ്ഥലത്തുണ്ടായിരുന്ന യുവാവിന്റെ കൈയ്യിൽ എണ്ണിത്തിട്ടപ്പെടുത്താനായി നൽകുകയായിരുന്നു. തിരക്കിനിടയിൽ യുവാവിനെ കാണാതായതോടെ വയോധിക സമീപത്തുള്ളവരോട് അന്വേഷിപ്പോഴാണ് യുവാവ് പണവുമായി മുങ്ങിയതായും കബളിപ്പിക്കപ്പെട്ടതായും മനസിലായത്.
തുടർന്ന് വയോധികയും ചെറുമകളും ചാത്തന്നൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ചാത്തന്നൂർ സി.ഐ ജസ്റ്റിൻ ജോണിന്റെ നേതൃത്വത്തിൽ പൊലീസ് ആദിച്ചനല്ലൂരിൽ അന്വേഷണം നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. ഭൂരിഭാഗം പേരും മാസ്ക് ധരിച്ചിരുന്നതിനാൽ ആളിനെ വ്യക്തമായി മനസിലാക്കാൻ കഴിഞ്ഞില്ലെന്നാണ് സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞത്.