KeralaLatest

കോവിഡിന്റെ പശ്ചാത്തലത്തിൽ പത്തേമാരി സംവിധായകന്റെ ആശങ്ക വൈറലാകുന്നു

“Manju”

രജിലേഷ് കെ.എം.

പ്രവാസികളെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ കോവിഡിന്റെ പശ്ചാത്തലത്തിൽ പത്തേമാരിയുടെ സംവിധായകൻ സലിം അഹമ്മദിന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ ചർച്ചയാവുന്നു. പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ.

“ആരായിരിക്കും ഈ മണ്ണില് കാലുകുത്തിയ ആദ്യത്തെ മലയാളി ?” — ഖോർഫുക്കാൻ തീരത്ത് നിന്ന് അടയാളപാറയ്ക്കുമപ്പുറത്തെ കടലിന്റെ അറ്റം നോക്കി നാരായണൻ ചോദിച്ചു.

“ആരായിരുന്നാലും നാട് കാണാൻ വന്നവരായിരിക്കില്ല, വീട്ടിലെമ്പാട് പട്ടിണിയും പുരനിറഞ്ഞ് നിൽക്കുന്ന പെങ്ങമാരുമുള്ള ആരെങ്കിലുമായിരിക്കും” — മൊയ്തീൻ.

ശരിയാണ്, അവരാരും നാട് കാണാനുള്ള കൗതുകം കൊണ്ട് കടല് കടന്നവരല്ല.
അവരോട് മനുഷ്യത്വപരമായ കരുണ കാണിക്കണം.
സ്വന്തം കുടുംബത്തിലേക്ക് മടങ്ങുകയെന്ന ആവശ്യം മാത്രമാണ് അവർക്കുള്ളത്, രോഗികളെ കൊണ്ട് വരണമെന്ന് പറയുന്നുമില്ല.

ചരിത്രത്തിൽ രേഖപ്പെടുത്താതെ പോയ നിശബ്ദ വിപ്ലവം തന്നെയാണ് മലയാളിയുടെ ഗൾഫ് പ്രവാസം. ഭുപരിഷ്ക്കരണ നിയമ പ്രകാരം കിട്ടിയ ഭൂമിക്ക് വിലയുണ്ടായത് മലയാളി ഗൾഫിൽ പോയതിന് ശേഷമാണ്,
അവരിൽ പലരും സന്തോഷിച്ചത് അയച്ച് കൊടുത്ത കാശിൽ നാട്ടിൽ ഒരാവശ്യം നടന്നല്ലോന്ന് അറിയുമ്പോയാണ് –
അങ്ങിനെ അവരുടെ പണത്തിലാണ് നമ്മൾ പള്ളിക്കൂടങ്ങളും ആശുപത്രിയും എയർപോർട്ടുമെല്ലാം കെട്ടിപൊക്കിയത്; എന്തിനേറെ ക്ലബ്‌ വാർഷികവും, ടൂർണ്ണമെന്റ്‌കളും ഉൽസവവും, പള്ളി പെരുന്നാളും, ഉറൂസും നടത്തിയത്.…..

പ്രളയദുരന്തങ്ങളിൽ നമുക്കേറെ കൈത്താങ്ങായതും അവരുടെ കരുത്തും കരുതലുമായിരുന്നു.
നമ്മളുറങ്ങുമ്പോഴും നമ്മളെയോർത്ത് ഉറങ്ങാതിരുന്നതും അവർ തന്നെ.…

എന്നാൽ, അവരൊരിക്കലും അതിന്റെ കണക്ക് പറഞ്ഞിട്ടില്ല. ആ അയച്ചുതന്ന കാശൊരിക്കലും അവരുടെ മിച്ചത്തിൽ നിന്നായിരുന്നില്ല; പത്ത് തികയ്ക്കാൻ കടം വാങ്ങിച്ച മൂന്നും ചേർത്ത് അയച്ചതായിരുന്നു.

175 ഓളം രാജ്യങ്ങളിൽ നിന്നുള്ള വിദേശികൾ ജോലി ചെയ്യുന്ന ഗൾഫ് മേഖലയിൽ നിന്നും സ്വന്തം നാട്ടുകാരെ ഓരോ രാജ്യങ്ങളും കൊണ്ട് പോകുകയാണ്.
സ്വന്തം വീട്ടുകാർക്ക് പോലും പ്രവാസിയെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല, പിന്നെയല്ലെ ഒരു നാടിന്.…..

ചേറ്റുവ കടപ്പുറത്ത് ലാഞ്ചി വേലയുധൻ പുലമ്പി നടന്നതു തന്നെയാണ് സത്യം –
” നിങ്ങള് വന്നില്ലെങ്കിലല്ല, നിങ്ങളുടെ മണിയോർഡർ വന്നില്ലെങ്കിലാ അവർക്ക് സങ്കടം.…. മഞ്ഞും മഴയും വെയിലും കൊള്ളാതെ തണലേകികൊണ്ട് നടന്നതെല്ലാം അവർ മറക്കും.… ഒടുവില് ഓട്ടവീണ കുട പോലെ ഒരു മുലേല്.…..
അങ്ങനെയൊക്കെ തന്നെയായിരിക്കും നിന്റെയൊക്കെ അവസാനം.…
ചേറ്റുവയുടെ മണ്ണിൽ വേലായുധൻ നടന്നകന്ന തീരം നോക്കി നാരായണൻ സ്വയം സമാധാനിച്ചു.
“തിരിച്ച് കിട്ടുന്ന് കരുതി ആർക്കു ഒരു സഹായവും ചെയ്തിട്ടില്ല. തിരിച്ചുകിട്ടുമെന്ന് കരുതി കൊടുക്കുന്നത് സ്നേഹല്ല കടം കൊടുക്കലാ.…

Related Articles

Leave a Reply

Back to top button