
ബിന്ധു ലാൽ
കൊടുങ്ങല്ലൂർ :അഴീക്കോട് തീരദേശ പൊലീസ് സ്റ്റേഷനിലെ അത്യാധുനിക സൗകര്യങ്ങളുള്ള പൊലീസ് ബോട്ടിന്റെ അറ്റകുറ്റപ്പണി ദ്രുതഗതിയിൽ പൂർത്തിയാകുന്നു. കാലവർഷം എത്തും മുൻപേ ബോട്ട് കടലിൽ ഇറക്കാനാണ് പദ്ധതി. തീരദേശ പൊലീസ് സ്റ്റേഷനിലെ 2 ബോട്ടുകളാണു അറ്റകുറ്റപ്പണിക്കു വേണ്ടി കോട്ടപ്പുറത്ത് കരയിലേക്കു കയറ്റിയത്. സംസ്ഥാനത്തെ പൊലീസ് ബോട്ടുകളുടെ അറ്റകുറ്റപ്പണിക്കു കരാർ ഏറ്റെടുത്തിട്ടുള്ളത് കൊച്ചിൻ ഷിപ്‌യാഡ് ആണ്.
സ്പെയർ പാർട്സ് ലഭിക്കാത്തതിനാൽ അറ്റകുറ്റപ്പണി അനന്തമായി നീളുകയായിരുന്നു. കൊച്ചിൻ ഷിപ്‍യാർഡിൽ നിന്നു ഉപകരാർ ഏറ്റെടുത്തിട്ടുള്ള ടൈൽ മറൈൻ കമ്പനി ജീവനക്കാർ ലോക്ഡൗൺ ദിനത്തിലും ജോലി ചെയ്തു ബോട്ട് കടലിലിറക്കാനുള്ള ശ്രമത്തിലാണ്. അഴീക്കോട്ടെ രണ്ടു പൊലീസ് ബോട്ടുകളും കേടായതോടെ തീരദേശ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള പട്രോളിങ് നിർത്തിയിരിക്കുകയാണ്.
രണ്ടു ബോട്ടുകളിൽ 10 ടൺ ബോട്ട് ഇന്നലെ കരയിൽ നിന്നു പുഴയിലിറക്കി. ഇനി ട്രയൽ റൺ നടത്തും. തുടർന്നു തീരദേശ പൊലീസിനു ബോട്ട് കൈമാറും. അഞ്ചു ടൺ ബോട്ട് അറ്റകുറ്റപ്പണി പൂർത്തിയാക്കി ട്രയൽ റൺ നടത്തുന്നതിനിടെ എൻജിനിൽ വീണ്ടും തകരാർ കണ്ടെത്തി. ഇതോടെ ബോട്ട് വീണ്ടും കരയിലേക്ക് കയറ്റിയിരിക്കുകയാണ്. തീരസുരക്ഷയ്ക്കായി കേന്ദ്ര സർക്കാർ സഹായത്തോടെ തുടങ്ങിയ തീരദേശ പൊലീസ് സ്റ്റേഷനിലേക്കു 3 ബോട്ടുകളാണു അനുവദിച്ചത്. 2010 ൽ അഴീക്കോട് മുതൽ അണ്ടത്തോട് വരെയായിരുന്നു പ്രവർത്തനപരിധി.
ചാവക്കാട് തീരദേശ പൊലീസ് സ്റ്റേഷൻ തുടങ്ങിയതോടെ ഒരു ബോട്ട് ചാവക്കാട്ടേക്ക് കൈമാറി. അഴീക്കോടിന്റെ ഏരിയ അണ്ടത്തോട് വരെ എന്നതു ചേറ്റുവ വരെയാക്കി. കടലിലൂടെ ഏറ്റവും വേഗത്തിൽ കുതിച്ചു പായാൻ കഴിയുന്ന ബോട്ടുകളാണു കരയിൽ വിശ്രമത്തിലുള്ളത്. കടലിലെ സുരക്ഷയ്ക്കും അപകടത്തിൽ പെടുന്ന മത്സ്യത്തൊഴിലാളികളെ കരയിലെത്തിക്കാനും ഇൗ ബോട്ടുകൾ ഏറെ ഗുണകരമാണ്. കടലിലെ സുരക്ഷയ്ക്കായി തീരദേശ പൊലീസ് സ്റ്റേഷനു ബോട്ടുകൾ അനിവാര്യമാണ്.