മാധ്യമ പ്രവര്‍ത്തകര്‍ക്ക് 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കി സര്‍ക്കാര്‍

സ്വന്തം ലേഖകൻ
ചണ്ഡീഗഢ്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അപകടകരമായ സാഹചര്യത്തില്‍ ജോലിചെയ്യുന്ന എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും പത്ത് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ പ്രഖ്യാപിച്ച് ഹരിയാണ സര്‍ക്കാര്‍. മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. മുംബൈയിലും ചെന്നൈയിലും നിരവധി മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോവിഡ് – 19 ബാധിച്ച സാഹചര്യത്തിലാണിത്.
അക്രഡിറ്റേഷന്‍ ഉള്ളതും ഇല്ലാത്തുമായ എല്ലാ മാധ്യമ പ്രവര്‍ത്തകര്‍ക്കും പരിരക്ഷ ലഭിക്കും. പശ്ചിമ ബംഗാള്‍ സര്‍ക്കാരും നേരത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്കുവേണ്ടി സമാനമായ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഹരിയാണയിലെ കൊറോണ വൈറസ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളില്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പത്തുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും
അംഗണവാടി വര്‍ക്കര്‍മാര്‍, പോലീസുകാര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവരെല്ലാം ഇതില്‍പ്പെടും. ജൂണ്‍ 30 വരെ പരിരക്ഷ ലഭിക്കും
സാധാരണക്കാര്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും ബോര്‍ഡ് – കോര്‍പ്പറേഷനുകളിലും അടയ്ക്കാനുള്ള തുകകള്‍ക്ക് മെയ് 15 വരെ സാവകാശം ലഭിക്കും. സര്‍ക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടടെയും കെട്ടിടങ്ങളുടെ വാടകയില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. .വാണിജ്യാവശ്യത്തിനുള്ള വൈദ്യുതി കണക്ഷനുകളുടെ ഫിക്‌സഡ് ചാര്‍ജില്‍ 25 ശതമാനം ഇളവ് നല്‍കും. ഐടി വകുപ്പ് നടത്തുന്ന സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേഷന്‍ സെന്ററുകളില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്ക് മാര്‍ച്ച് 15 മുതല്‍ മെയ് 15 വരെയുള്ള വാടക നല്‍കേണ്ടതില്ല. ഓട്ടോറിക്ഷ, മാട്ടോര്‍ ക്യാബ്, മാക്‌സി ക്യാബ്, ബസ്, ട്രക്ക് എന്നിവയുടെ നികുതിയിലും ഹരിയാണ സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്