
രജിലേഷ് കെ.എം.
ന്യുഡല്‍ഹി: സ്വയം പര്യാപ്തതയാണ് കൊവിഡ് പഠിപ്പിച്ച ഏറ്റവും വലിയ പാഠമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ദൈനംദിന ജീവിതത്തില്‍ ആവശ്യമുളളതിനൊന്നും മറ്റുള്ളവരെ ആശ്രയിക്കരുതെന്നും കൊവിഡ് പഠിപ്പിച്ചു- പഞ്ചായത്ത് ദിനാചരവുമായി ബന്ധപ്പെട്ട് തദ്ദേശഭരണ തലവന്മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറസില്‍ മോഡി പറഞ്ഞു.
നമ്മുടെ വഴിയില്‍ നിരവധി വെല്ലുവിളികളാണ് കൊവിഡ് ഉയര്‍ത്തിയത്. ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ ഇതിലൂടെ പഠിക്കാന്‍ കഴിയണം. രാജ്യവും സംസ്ഥാനങ്ങളും പഞ്ചായത്തുകളും കൂടുതല്‍ സ്വയം പര്യാപ്തമാകണമെന്ന സന്ദേശമാണ് കോവിഡ് നല്‍കുന്നത്. രാജ്യം കൊവിഡിന് കീഴടങ്ങില്ലെന്ന് ഗ്രാമങ്ങള്‍ തെളിയിച്ചു. ആത്മവിശ്വാസത്തോടെയാണ് ഗ്രാമങ്ങള്‍ കൊവിഡിനെ നേരിട്ടത്. നിലവിലെ സാഹചര്യത്തില്‍ ഗ്രാമങ്ങള്‍ ഏറെ അച്ചടക്കം പാലിച്ചു. അത് രാജ്യത്തിന് മുഴുവന്‍ മാതൃകയാണ്.
പഞ്ചായത്ത് ദിനവുമായി ബന്ധപ്പെട്ട് ഇ ഗ്രാം സ്വരാജ് പോര്‍ട്ടലും ഒരു മൊബൈല്‍ ആപ്പും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. നിലവില്‍ 1.25 ലക്ഷത്തിലേറെ പഞ്ചായത്തുകളില്‍ ബ്രോഡ്ബാന്‍ഡ് എത്തി. ഇത് കൂടാതെ മൂന്നുലക്ഷത്തിലേറെ പൊതുസേവന ഇടങ്ങള്‍ രാജ്യത്തുണ്ട്. പ്രതിബന്ധങ്ങള്‍ ഏറെ മുന്നിലുണ്ട്, പക്ഷേ, അവയെ തരണം ചെയ്ത് നാം മുന്നോട്ട് പോകും. രാജ്യത്തിന്റെ രക്ഷയാണ് മുഖ്യമെന്നും മോഡി പറഞ്ഞു.