കോവിഡിനെതിരേയുളള മരുന്ന് ക്ലിനിക്കല്‍ ട്രയലില്‍ പരാജയം

രജിലേഷ് കെ.എം.
വാഷിങ്ടൺ: കൊറോണ വൈറസിനെതിരേ ഫലപ്രദമാകുമെന്ന് കരുതിയ റെംഡിസിവിർ മരുന്ന് ആദ്യഘട്ട ക്ലിനിക്കല്‍ ട്രയലില്‍ പരാജയപ്പെട്ടു. റിപ്പോര്‍ട്ടിന്റെ സംക്ഷിപ്ത രൂപം.ലോകാരോഗ്യ സംഘടനയുടെ വെബ്‌സൈറ്റ് ആണ് പ്രസിദ്ധീകരിച്ചത്.
237 രോഗികളിലാണ് ചൈന പരീക്ഷണം നടത്തിയത്. ഇതില്‍ 158 പേര്‍ക്കാണ് മരുന്ന് നല്‍കി നിരീക്ഷിച്ചത്.79 പേരെ മരുന്ന് നല്‍കാതെ നിയന്ത്രിത ഗ്രൂപ്പായി നിലനിര്‍ത്തി. പാര്‍ശ്വഫലങ്ങള്‍ കാരണം 18 പേരില്‍ റെംഡിസിവിര്‍ നേരത്തെ നിര്‍ത്തി.
നിയന്ത്രിത ഗ്രൂപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ മരുന്ന് കഴിച്ചവരുടെ രോഗത്തില്‍ പുരോഗതി കാണാനായില്ലെന്ന് ഗവേഷകര്‍ പറയുന്നു. ഒരു മാസം കഴിഞ്ഞപ്പോള്‍ നിയന്ത്രിത ഗ്രൂപ്പിലുള്ള 12.8 % പേര്‍ മരണമടഞ്ഞപ്പോള്‍ റെംഡിസിവിര്‍ മരുന്നിലൂടെ ചികിത്സ നല്‍കിയവരില്‍ 13.9% പേരാണ് മരണപ്പെട്ടത്…….
എന്നാല്‍ റെംഡിസിവിര്‍ മരുന്ന് ഫലപ്രദമാണോ അല്ലയോ എന്നതിനുള്ള അന്തിമ വിധിയൊന്നുമല്ല ഈ ക്ലിനിക്കല്‍ ട്രയലെന്നും അഭിപ്രായമുണ്ട്. റെംഡിസിവര്‍ മരുന്നിന്റെ പിന്നിലുള്ള കമ്പനിയായ ഗിലിയാഡ് ഈ പഠനത്തെ തള്ളി രംഗത്തെത്തിയിട്ടുണ്ട്.
“പഠനഫലങ്ങള്‍ അനിശ്ചിതത്വത്തിലാണ്. രോഗത്തിന്റെ തുടക്കത്തില്‍ ചികിത്സിച്ച രോഗികളില്‍ റെംഡിസിവിര്‍ ഫലപ്രദമായെന്ന് കണക്കുകള്‍ കാണിക്കുന്നുണ്ട്. ഈ പഠനം അന്തിമ വാക്കല്ല.” വിപുലമായ ഘട്ടങ്ങളില്‍ നിരവധി വലിയ തോതിലുള്ള പരീക്ഷണങ്ങള്‍ ഉണ്ടാകുമെന്നും അത് ഉടന്‍ തന്നെ വ്യക്തമായ ചിത്രം നല്‍കുമെന്നും ഗിലിയാഡ് കമ്പനി വക്താവ് പറയുന്നു…….
നോവല്‍ കൊറോണ വൈറസിനെതിരേയുള്ള ചികിത്സയില്‍ നിര്‍ദേശിച്ച ആദ്യ മരുന്നുകളിലൊന്നായിരുന്നു റെംഡിസിവിര്‍. മലേറിയക്കെതിരേ ഉപയോഗിക്കുന്ന മരുന്നുകളായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍, ക്ലോറോക്വിന്‍ എന്നിവയും കോവിഡിനെതിരേ വ്യാപകമായ രീതിയില്‍ ഉപയോഗിക്കപ്പെടുന്നുണ്ട്…….