
ശ്രീജ.എസ്
തിരുവനന്തപുരം: ലോക്ക് ഡൗണ്‍ അവസാനിച്ചാല്‍ ഉടന്‍തന്നെ സംസ്ഥാനത്ത് റിവേഴ്‌സ് ക്വാറന്റൈന്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചന. പ്രായം കൂടിയവര്‍, ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍ തുടങ്ങിയവരെ സമ്പര്‍ക്കമില്ലാതെ സംരക്ഷിക്കുന്ന രീതിയാണ് റിവേഴ്‌സ് ക്വാറന്റൈന്‍. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതിയും ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രായമേറിയവരിലും മറ്റു അസുഖങ്ങള്‍ ഉള്ളവരിലുമാണ് കോവിഡ് ബാധിച്ചാല്‍ രോഗാവസ്ഥ ഗുരുതരമാകാന്‍ കൂടുതല്‍ സാധ്യത.
ഈ സാഹചര്യത്തില്‍ പ്രതിരോധശേഷി കുറഞ്ഞ ഈ വിഭാഗങ്ങളെ പ്രത്യേകം സംരക്ഷിക്കുന്ന രീതിയാണ് ‘റിവേഴ്‌സ് ക്വാറന്റൈന്‍’. റിവേഴ്‌സ് ക്വാറന്റൈന്‍ കാലയളവില്‍ 60 വയസ്സിലധികം പ്രായമുള്ളവര്‍, അര്‍ബുദം, ഹൃദ്രോഗം തുടങ്ങി മറ്റ് ഗുരുതര രോഗങ്ങളുള്ളവരും മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം പൂര്‍ണമായും ഒഴിവാക്കി വീട്ടില്‍ തന്നെ കഴിയണം.
വീട്ടിലെ മറ്റ് അംഗങ്ങളോടും ഇടപഴകരുത്, എല്ലാം മുന്‍കരുതലുകളോടെ മാത്രമാകണം. സംസ്ഥാനത്ത് 45 ലക്ഷത്തിലേറെ വയോജനങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. ഇവരില്‍ ജീവിതശൈലീ രോഗങ്ങള്‍ ഉള്ളവര്‍ക്കടക്കം പ്രത്യേക പരിഗണന നല്‍കും. കൂടുതല്‍ പേരില്‍ വൈറസ് ബാധയുണ്ടായാല്‍ ചികിത്സയ്ക്കും സമാനമായ മുന്‍ഗണന നല്‍കും
കോവിഡ് ബാധിച്ച് രോഗമുക്തരായി ജനസംഖ്യയില്‍ പകുതി പേരെങ്കിലും പ്രതിരോധ ശേഷി സ്വയം ആര്‍ജിക്കുന്നത് വരെയോ വാക്‌സിനോ മരുന്നോ കണ്ടുപിടിക്കും വരെയോ റിവേഴ്‌സ് ക്വാറന്റൈന്‍ മാത്രമാണ് ഉചിതമെന്നാണ് വിദഗ്ധാഭിപ്രായം. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം സര്‍ക്കാര്‍ ഇതുസംബന്ധിച്ച മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ക്ക് രൂപം നല്‍കും.
കേന്ദ്ര നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചായിരിക്കും ലോക്ക് ഡൗണ്‍ മാറ്റുന്നതില്‍ തീരുമാനം എടുക്കുകയെങ്കിലും കൂടുതല്‍ ഇളവുകള്‍ നല്‍കി തുടങ്ങുമ്പോള്‍ തന്നെ റിവേഴ്‌സ് ക്വാറന്റൈന്‍ നടപ്പാക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. ഉയര്‍ന്ന രോഗമുക്തി നിരക്കുള്ള സംസ്ഥാനത്തെ മരണനിരക്ക് നിലവിലെപ്പോലെ കുറച്ചു നിര്‍ത്താന്‍ റിവേഴ്‌സ് ക്വാറന്റൈന്‍ അനിവാര്യമാകും..