India

കോവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പ്രവാസികളെ സംബന്ധിച്ചുളള കേന്ദ്രപ്രവാസികാര്യ സഹമന്ത്രി വി. മുരളീധരന്റെ നിലപാടുകളിലേക്ക്…

“Manju”

രജിലേഷ് കെ.എം.

ചോദ്യം : കോവിഡിനെ അതിജീവിക്കുന്നതില്‍ കേരളം ലോകത്തിന് തന്നെ മാതൃകയാണെന്ന അവകാശവാദത്തെ എങ്ങനെ കാണുന്നു

ഉത്തരം : കോവിഡ്-19 ഇനിയും കൃത്യമായി വിലയിരുത്തപ്പെട്ടിട്ടില്ലാത്ത വൈറസാണ്. ആദ്യഘട്ടത്തില്‍ 14 ദിവസമായിരുന്നു രോഗം കണ്ടെത്താനുളള കാലാവധി. പിന്നീടത് 28, 35 എന്നിങ്ങനെയായി. ബാഹ്യമായി രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ പോലും രോഗം കണ്ടെത്തിയിട്ടുണ്ട്. ചികിത്സിച്ച് ഭേദപ്പെടുത്തിയ വ്യക്തികളില്‍പോലും രോഗം വീണ്ടും പ്രത്യക്ഷപ്പെടുന്നു. അങ്ങനെ മാനവരാശിയെ ഒന്നാകെ പ്രതിസന്ധിയിലാക്കുന്ന ഒരു വൈറസിനെ പ്രതിരോധിക്കാന്‍ ആഗോളതലത്തില്‍ നടത്തുന്ന തീവ്രശ്രമങ്ങള്‍പോലും ഫലപ്രാപ്തിയിലെത്താത്ത സാഹചര്യത്തില്‍ ഒരു സംസ്ഥാനത്തുളളവര്‍ ഞങ്ങളാണ് ഒന്നാം സ്ഥാനത്തെന്ന് പറയുന്നത് അനാവശ്യമായി ക്രെഡിറ്റ് അടിച്ചെടിക്കാനുള്ള ശ്രമമാണ്. ഇതു മത്സരമൊന്നുമല്ല.

ഇത്രയും മാരകമായ ഒരു രോഗത്തെയും അതിനോട് അനുബന്ധിച്ചുളള സാഹചര്യങ്ങളെയും ഈ തരത്തില്‍ ദുര്‍വിനിയോഗം ചെയ്യുന്നത് അഭിലഷണീയമല്ല. അതേസമയം കേരളം നന്നായി പ്രവര്‍ത്തിക്കുന്നതില്‍ മലയാളിയെന്ന നിലയില്‍ സന്തോഷമുണ്ട്. ഗോവയില്‍ നിലവില്‍ ഏറെക്കുറെ പുര്‍ണമായ രോഗവിമുക്തി സംഭവിച്ചിട്ടുണ്ട്. അങ്ങനെ നോക്കിയാല്‍ അവരാണ് ഒന്നാം സ്ഥാനത്ത്.

ആഗോളതലത്തില്‍ രോഗബാധിതരുടെ എണ്ണം നോക്കുമ്പോള്‍ ഇന്ത്യയ്ക്ക് വേണമെങ്കില്‍ നമ്മളാണ് ഒന്നാം സ്ഥാനത്തെന്ന് അവകാശപ്പെടാം. പക്ഷേ, നമ്മുടെ പ്രധാനമന്ത്രി അങ്ങനെ പറഞ്ഞിട്ടില്ല. നമ്മള്‍ കൈവരിച്ച നേട്ടത്തെക്കുറിച്ച് നമ്മളല്ല, മറ്റുള്ളവരാണ് പറയേണ്ടത്.

ചോദ്യം : രാജ്യം ഒട്ടാകെ കേന്ദ്രസര്‍ക്കാര്‍ മേയ് മൂന്നു വരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഘട്ടത്തില്‍ കേരളം ആവശ്യത്തിലധികം ഇളവുകള്‍ പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഗ്രീന്‍ സോണായി പ്രഖ്യാപിച്ച കോട്ടയം ജില്ലയില്‍പോലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇതു വൈരുദ്ധ്യമല്ലേ

ഉത്തരം : ഒരു പ്രശ്‌നത്തെ സമഗ്രമായി സമീപിക്കാന്‍ സാധിക്കാത്തത് മൂലമാണ് ഇത് സംഭവിക്കുന്നത്. ഉദാഹരണത്തിന് കണ്ണൂരില്‍ ആദ്യദിവസം തുറന്നു. മുഴുവന്‍ ആള്‍ക്കാരും പുറത്തിറങ്ങിയപ്പോള്‍ അടുത്ത ദിവസം അതു ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു. ജില്ല തുറന്ന ദിവസം വൈകുന്നേരം 10 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കാര്യങ്ങള്‍ ദീര്‍ഘവീക്ഷണത്തോടെ കണ്ട് നടപടികള്‍ സ്വീകരിക്കുകയാണു സര്‍ക്കാര്‍ ചെയ്യേണ്ടത്.

ചോദ്യം : സ്പ്രിങ്‌ളര്‍ വിവാദത്തില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ കടുത്ത അസഹിഷ്ണുത പ്രകടിപ്പിച്ച മുഖ്യമന്ത്രി തൊട്ടടുത്ത ദിവസം നിലപാട് തിരുത്തിയതിനെ എങ്ങനെ വിലയിരുത്തുന്നു

ഉത്തരം : ആരോഗ്യസംബന്ധമായ ഡേറ്റ കൈമാറുമ്പോള്‍ ആ കമ്പനി മറ്റ് ആവശ്യങ്ങള്‍ക്ക് ഈ ഡേറ്റ കൈമാറുകയില്ല എന്ന വ്യവസ്ഥ കരാറില്‍ നിര്‍ബന്ധമായും ഉള്‍പ്പെടെുത്തേണ്ടതാണ്. സര്‍ക്കാര്‍ അങ്ങനെയൊരു നിബന്ധന വച്ചിട്ടില്ല. മറിച്ച് പറയുന്നതിന്റെ മാനദണ്ഡം എന്തെന്ന് വ്യക്തമല്ല. കാരണം കരാറിന്റെ രേഖകളെല്ലാം തന്നെ പബ്ലിക് ഡൊെമെനിലുള്ളതാണ്. അതിലെവിടെയും ഈ വ്യവസ്ഥയെക്കുറിച്ച് സൂചനയില്ല.രണ്ടാമത്തെ കാര്യം ജനങ്ങള്‍ ഡേറ്റ അവര്‍ ഒപ്പിട്ട് തരുമ്പോള്‍ മറ്റേതെങ്കിലും കാര്യത്തിന് ഇത് ഉപയോഗിക്കാന്‍ അനുവാദം നല്‍കുന്ന സമ്മതപത്രം വാങ്ങേണ്ടതാണ്. മൂന്നാമത്തെ കാര്യം വ്യക്തിയുടെ സ്വകാര്യത എന്ന വിഷയത്തില്‍ ഇത്രയും കാലം ആദര്‍ശാത്മക നിലപാട് എടുത്തവരാണ് സി.പി.എമ്മുകാര്‍. അവരുടെ 2016-ലെ പ്രകടനപത്രികയില്‍ ഇതു കൃത്യമായി പറയുന്നുണ്ട്. ആധാര്‍ കേസിലെ പുട്ടസ്വാമിയുടെ വിധിന്യായത്തെ ഐതിഹാസികമായ ചരിത്രവിധിയെന്നാണ് അതില്‍ വിശേഷിപ്പിച്ചിട്ടുള്ളത്.കടകവിരുദ്ധമായ വിധത്തില്‍ ആരോഗ്യസംബന്ധമായ വിവരങ്ങള്‍ സെന്‍സിറ്റീവ് ഡേറ്റയല്ലെന്ന് സര്‍ക്കാര്‍ വാദിക്കുന്നത് അപലപനീയമാണ്. ഒരു ലക്ഷത്തിലധികം വരുന്ന കേരളത്തിലെ ജനങ്ങളുടെ രോഗങ്ങളും അവരെ സംബന്ധിക്കുന്ന വിവരങ്ങളും ഉള്‍ക്കൊള്ളുന്ന ഡേറ്റകള്‍ ഒരാളുടെ ബാങ്ക് നിക്ഷേപത്തേക്കാള്‍ സ്വകാര്യമായ ഒന്നാണ്. ഇതിനാണ് മുഖ്യമന്ത്രി മറുപടി പറയേണ്ടത്. ജനങ്ങളും കോടതിയും മാധ്യമങ്ങളും ചോദിക്കുന്നത് ഈ വസ്തുതകളെ സംബന്ധിച്ച നിജസ്ഥിതിയാണ്. പക്ഷേ മുഖ്യമന്ത്രി പലപ്പോഴും ചോദ്യത്തിനല്ല ഉത്തരം പറയുന്നത്.

ചോദ്യം : പ്രവാസികളെ നാട്ടിലെത്തിക്കാന്‍ പരിമിതികളുള്ള സാഹചര്യത്തില്‍ അവരെ ആ രാജ്യത്ത് തന്നെ സുരക്ഷിതമായി അധിവസിപ്പിക്കാനുളള ബദല്‍സംവിധാനങ്ങള്‍ ഒരുക്കാന്‍ മുന്‍കൈ എടുക്കുമോ

ഉത്തരം : ഇതു സംബന്ധിച്ച എന്റെ മുന്‍ പ്രസ്താവന ചിലര്‍ വളച്ചൊടിക്കുകയായിരുന്നു. പ്രവാസികള്‍ നാട്ടില്‍ വന്നാല്‍ അത് ഇവിടെയുള്ളവര്‍ക്ക് പ്രശ്‌നമാകുമെന്ന അര്‍ഥത്തില്‍ ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. പ്രവാസികള്‍ യാത്ര ചെയ്യുമ്പോള്‍ അവര്‍ സഞ്ചരിക്കുന്ന വിമാനത്തില്‍ ഒരാള്‍ക്ക് അസുഖമുണ്ടെങ്കില്‍ പോലും ബാക്കിയുള്ളവര്‍ക്ക് പടരും.

കേരള സര്‍ക്കാരിന് കഴിഞ്ഞ 40 ദിവസങ്ങള്‍ക്കിടയില്‍ വന്ന ആളുകളെ പോലും വേണ്ടത്ര നോക്കാന്‍ കഴിഞ്ഞിട്ടില്ല. തബ്‌ലീഗിന്റെ ആളുകളെ പോലും മൂഴുവന്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ആ സാഹചര്യത്തില്‍ വരുന്ന മുഴുവന്‍ പേരെയും ഞങ്ങള്‍ നോക്കാം, ഹൗസ്‌ബോട്ടുകളില്‍ താമസിപ്പിക്കും എന്നൊക്കെ പറയുന്നത് കാല്‍പ്പനികമായ ഭാവനകളാണ്. ഒരു വിദേശരാജ്യത്ത് നേരിട്ട് കാര്യങ്ങള്‍ ചെയ്യുന്നതില്‍ നമുക്ക് പരിമിതിയുണ്ട്. നമ്മള്‍ ആ രാജ്യത്തെ സര്‍ക്കാരിനോട് ഇന്ത്യന്‍ പൗരന്മാര്‍ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള നമ്മുടെ ആശങ്ക അറിയിക്കാം. അവര്‍ക്കു വേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ അഭ്യര്‍ഥിക്കാം. ഉദാഹരണത്തിന് ഒമാനും യു.എ.ഇയും മരുന്നുകള്‍ ആവശ്യപ്പെട്ടപ്പോള്‍ നമ്മളത് കൊടുത്തു. കുവൈത്ത് മെഡിക്കല്‍ ടീമിനെ ആവശ്യപ്പെട്ടപ്പോള്‍ നമ്മളത് ചെയ്തു.

ടെസ്റ്റിങ് കിറ്റ് ആവശ്യപ്പെട്ടവര്‍ക്ക് കൊടുക്കാന്‍ കഴിഞ്ഞില്ല. കാരണം നമ്മുടെ അത്യാവശ്യത്തിനുളളത് മാത്രമേ ഇപ്പോള്‍ കൈയിലുള്ളു. മാത്രമല്ല ഇന്ത്യാക്കാര്‍ക്ക് വേണ്ടിയാണെന്നു പറഞ്ഞ് മറ്റൊരു രാജ്യത്ത് അത് കൊടുക്കാനും പറ്റില്ല.കിറ്റ് എത്തിക്കഴിഞ്ഞാല്‍ ഇത് ആര്‍ക്കു വേണ്ടി ഉപയോഗിക്കണമെന്ന് തീരുമാനിക്കുന്നത് ആ രാജ്യത്തെ ഉത്തരവാദിത്വപ്പെട്ടവരാണ്. അതേസമയം ചില രാജ്യങ്ങള്‍ നമുക്ക് നേരിട്ട് ക്വാറെന്റെന്‍ സൗകര്യം ചെയ്യാന്‍ അനുവദിച്ചിട്ടുണ്ട്. പരിമിതികള്‍ക്കുളളില്‍ നിന്നുകൊണ്ട് കാര്യങ്ങള്‍ ചെയ്യാനുളള പരമാവധി ശ്രമങ്ങള്‍ നടത്തുന്നുണ്ട്. വിദേശത്തുളള ഇന്ത്യക്കാര്‍ പരിപുര്‍ണ്ണ തൃപ്തരാവും വരെ ഈ ശ്രമം തുടര്‍ന്നു കൊണ്ടേയിരിക്കും.

ചോദ്യം : കോവിഡ് നിര്‍മ്മാര്‍ജനത്തില്‍ കേരളസര്‍ക്കാരിന്റെ ശ്രമങ്ങള്‍ വളരെ ഫലപ്രദമാണെന്ന് അഭിപ്രായപ്പെ
ടുന്ന ധാരാളം പേരുണ്ട്. പ്രധാനമന്ത്രിയടക്കം അഭിനന്ദിച്ചതായി മുഖ്യമന്ത്രി അവകാശപ്പെടുന്നുമുണ്ട്. താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു

ഉത്തരം : എല്ലാ സംസ്ഥാനങ്ങളും അവരുടേതായ രീതിയില്‍ പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഓരോ സംസ്ഥാനത്തിനും അവരുടേതായ ഭൂമിശാസ്ത്രപരവും ജനസംഖ്യാപരവുമായ പ്രത്യേകതകളുണ്ട്. ഇക്കാര്യത്തില്‍ കേരളവും നന്നായി ശ്രമിക്കുന്നു എന്നുതന്നെയാണ് ഞാന്‍ കാണുന്നത്.

ചോദ്യം : സര്‍ക്കാര്‍ എത്ര ശ്രമിച്ചാലും ജനങ്ങള്‍ സ്വന്തംനിലയില്‍ ജാഗ്രത പുലര്‍ത്തേണ്ടതല്ലേ?

ഉത്തരം : ഛത്തീസ്ഗഡില്‍ ചില ഗ്രാമങ്ങളില്‍ ലോക്ക്ഡൗണ്‍ നടപ്പിലാക്കുന്നത് പോലീസല്ല, ജനങ്ങള്‍ തന്നെയാണ്. മുളംകമ്പ് ഒക്കെ വച്ച് പുറത്തുനിന്ന് ആരും അകത്തു കയറാതെ അവര്‍ സംരക്ഷിക്കുകയാണ്.

ചോദ്യം : മുഖ്യമന്ത്രിയുടെ പത്രസമ്മേളനം ഒരു സാന്ത്വനമായി കരുതുന്ന ഒട്ടേറെപ്പേരുണ്ട്?

ഉത്തരം : ഒരു മണിക്കുര്‍ പത്രസമ്മേളനം നടത്തണമെങ്കില്‍ നേരെ ക്യാമറയ്ക്ക് മുന്നില്‍ വന്നിരുന്ന് കടലാസ് നോക്കി വായിക്കാന്‍ പറ്റില്ല. അതിന് തയാറെടുപ്പുകളും മുന്നൊരുക്കങ്ങളും വേണം. അപ്പോള്‍ ഏതൊക്കെ പറയണം, പറയേണ്ട എന്ന് തീരുമാനിക്കാന്‍ വേറെയും മണിക്കുറുകള്‍ ചെലവഴിക്കേണ്ടതായി വരും. കേന്ദ്രസര്‍ക്കാരില്‍ ജോയിന്റ് സെക്രട്ടറി റാങ്കിലുള്ള ആളുകളാണ് ദൈനംദിന കാര്യങ്ങള്‍ പത്രസമ്മേളനം
വിളിച്ചുകൂട്ടി മാധ്യമങ്ങളെ അറിയിക്കുന്നത്. ക്യാബിനറ്റ് സെക്രട്ടറിയും സെക്രട്ടറിയും കഴിഞ്ഞ് മൂന്നാമത്തെ റാങ്കിലുള്ള ആളാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത്. കേരളത്തില്‍ ഡെപ്യൂട്ടി സെക്രട്ടറിയുടെ തലത്തിലുളള ആളാണ് ഇത് ചെയ്യേണ്ടത്.

ഒരു മുഖ്യമന്ത്രിയുടെ കഴിവും സമയവും ഇതിനേക്കാള്‍ പ്രധാനപ്പെട്ട എത്രയോ കാര്യങ്ങളിലേക്ക് പോവേണ്ടതല്ലേയെന്നാണ് ഞാന്‍ ചോദിക്കുന്നത്. പ്രധാനമന്ത്രി തന്നെ രാജ്യകാര്യങ്ങള്‍ വിശദീകരിക്കാന്‍ ദിവസവും ഒരു മണിക്കുര്‍ പത്രസമ്മേളനം നടത്തി കണ്ടിട്ടുണ്ടോ? സമയം പാഴാക്കലാണത്.

ചോദ്യം : ഇതൊരു സെല്‍ഫ് മാര്‍ക്കറ്റിങ്ങാണെന്നാണോ സൂചന

ഉത്തരം : ഞാന്‍ എസ്.എസ്.എല്‍.സിക്ക് പഠിക്കുന്ന കാലത്ത് ജയിച്ചവരുടെ നമ്പര്‍ പത്രത്തില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു. പതിവ്. ഫസ്റ്റ് ക്ലാസുള്ളവരുടെ നമ്പറിന് നേര്‍ക്ക് നക്ഷത്രചിഹ്നഹ്‌നവും കാണും. ഇന്ന് വിദ്യാഭ്യാസമന്ത്രി നേരിട്ട് പത്രസമ്മേളനം നടത്തി ഫലം പ്രഖ്യാപിക്കുകയാണ്. ദൃശ്യമാധ്യമങ്ങള്‍ വന്നപ്പോള്‍ സംഭവിച്ച മാറ്റമായിട്ടേ ഞാനിതിനെ കാണുന്നുള്ളു.

Related Articles

Leave a Reply

Back to top button