അവസാന ശ്വാസമിടിപ്പിലും പിടയുന്ന മാതൃഹൃദയം

സിന്ധുമോള്‍ ആര്‍
മകന്‍ ജനിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അവനെയൊന്ന് നെഞ്ചോട് ചേര്‍ക്കാന്‍ പോലുമാകാതെയിരിക്കുക. പിന്നീട് അവനെയൊന്ന് കാണാന്‍ പോലുമാകാനാവാതെ ജീവന്‍ വെടിയുക. കൊറോണ വൈറസ് ബാധിച്ച് ബിര്‍മിങ്ങാം ഹാര്‍ട്ട് ലാന്‍ഡ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന ഫൗസിയ ഹനീഫ് എന്ന ഇരുപത്തൊമ്പൊതുകാരിയുടേതാണ് ഈ ഈ കണ്ണു നിറയ്ക്കുന്ന മരണം.
ഫൗസിയ മകന്‍ അയാന്‍ ഹനീഫ് അലിക്ക് ഏപ്രില്‍ രണ്ടിന് ശസ്ത്രക്രിയയിലൂടെയാണ് ജന്മം നല്‍കിയത്. ഗര്‍ഭകാലത്ത് തന്നെ ഫൗസിയക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ബിര്‍മിങ്ങാം മജിസ്‌ട്രേറ്റ് കോര്‍ട്ടിലെ പ്രൊബേഷണറി സര്‍വീസിലായിരുന്നു ഫൗസിയയുടെ ജോലി. കുഞ്ഞ് പിറന്നപ്പോള്‍ ഫൗസിയയെ റിക്കവറി വാര്‍ഡിലേയ്ക്ക് മാറ്റിയിരുന്നു. പിന്നീട് ആരോഗ്യസ്ഥിതി വഷളായതിനെതുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റുകയായിരുന്നു. .
മരിക്കുന്നതിന് മുമ്പ് ഫൗസിയ കുഞ്ഞിന്റെ ചിത്രങ്ങള്‍ മാത്രമേ കണ്ടിരുന്നുള്ളു. ഗര്‍ഭകാലത്ത് ചെറിയ പനിയും തൊണ്ടവേദനയുമായി എത്തിയപ്പോഴൈാണ് കൊറോണ വൈറസ് ബാധ കണ്ടെത്തിയത്. കഴിഞ്ഞവര്‍ഷം തന്റെ ആദ്യത്തെ കുഞ്ഞിനെ ഗര്‍ഭത്തിലേ നഷ്ടമായതിനാല്‍ ഇത്തവണ ഫൗസിയ ചെക്കപ്പുകളൊന്നും മുടക്കിയിരുന്നില്ല.
‘പനിയുണ്ടെന്നറിഞ്ഞപ്പോള്‍ ഫൗസിയയെ ആശുപത്രിയില്‍ അഡ്മിറ്റാക്കാനാണ് ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. പരിശോധനയില്‍ കൊറോണ പോസിറ്റീവായി. എന്നാല്‍ തുടക്കമായതിനാല്‍ വീട്ടിലെത്തി വിശ്രമമെടുക്കാനാണ് അവര്‍ നിര്‍ദേശിച്ചത്. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞപ്പോഴേയ്ക്കും സ്ഥിതി വഷളായി. വേഗം ആശുപത്രിയിലെത്തിച്ചു. പ്രസവവാര്‍ഡിലായിരിക്കുമ്പോഴും ഒന്നോ രണ്ടോ ഫോണ്‍കോളുകള്‍ മാത്രമാണ് ഡോക്ടര്‍മാര്‍ അനുവദിച്ചത്.’ഭര്‍ത്താവ് വാജിദ് അലി പറയുന്നു.
‘കുഞ്ഞിന്റെ ചിത്രം കാണിച്ചുകൊടുത്തപ്പോള്‍ ഫൗസിയ വളരെ സന്തോഷവതിയായി. നമ്മുടെ കുഞ്ഞിനെ നോക്കൂ, ഇനി നമുക്ക് വേഗം വീട്ടില്‍ പോകാന്‍ കഴിയും. എന്നാണ് അവള്‍ ഫോട്ടോ കൈയില്‍ പിടിച്ച് പറഞ്ഞത്’. വാജിദ് അലി ഓര്‍മിച്ചു.
കോമയില്‍ ആയ ശേഷം ഫൗസിയയുടെ അവളെ ഒരു നോക്കുകാണാന്‍ അനുവാദം കിട്ടിയത് അച്ഛനും ഭര്‍ത്താവിനും മാത്രമാണ്. ഫൗസിയയുടെ കുഞ്ഞിന് കൊറോണബാധയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
അവള്‍ റിക്കവറി വാര്‍ഡിലായിരുന്നപ്പോള്‍ ഞങ്ങള്‍ക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നെന്ന് ഫൗസിയയുടെ പിതാവ്. ‘അവള്‍ ഇടയ്ക്ക് ഭക്ഷണം ചോദിച്ചിരുന്നു. ഇടയ്ക്ക് കുഞ്ഞിനെ പറ്റിയും, പിന്നെ വീടിനെ പറ്റിയുമെല്ലാം. പക്ഷേ എല്ലാം പെട്ടന്നായിരുന്നു. അവള്‍ ഞങ്ങളുടെ സൂപ്പര്‍ സ്റ്റാറായിരുന്നു, ഞങ്ങളുടെ പ്രചോദനവും.’