അര്‍ണബ് ഗോസ്വാമിക്ക് അറസ്റ്റില്‍ നിന്ന് മൂന്നാഴ്ച സംരക്ഷണം

രജിലേഷ് കെ.എം.
ന്യൂഡല്‍ഹി: റിപബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്കെതിരേയുളള കലാപാഹ്വാന കേസില്‍ സുപ്രിം കോടതി മൂന്നാഴ്ച സംരക്ഷണം നല്‍കി. സാമുദായിക വിദ്വേഷം പ്രചരിപ്പിച്ചുവെന്നും അക്രമത്തിന് പ്രേരിപ്പിച്ചുവെന്നും ആരോപിച്ച് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഫയല്‍ ചെയ്ത കേസുകളിലാണ് അര്‍ണബിന് സുപ്രിം കോടതി തല്‍ക്കാലികാശ്വാസം നല്‍കിയത്. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയെ അര്‍ണബ് അപകീര്‍ത്തിപ്പെടുത്തിയെന്നും കേസുണ്ട്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢും ജസ്റ്റിസ് എം ആര്‍ ഷായും അടങ്ങുന്ന സുപ്രിം കോടതിയുടെ രണ്ടംഗ ബെഞ്ചാണ് വിഡീയോ കോണ്‍ഫ്രന്‍സ് വഴി ഉത്തരവിട്ടത്. മൂന്നാഴ്ച അര്‍ണബിനെതിരേ അറസ്റ്റ് തുടങ്ങിയ നടപടികള്‍ സ്വീകരിക്കരുതെന്നും ഈ സമയത്ത് അദ്ദേഹത്തിന് കോടതികളില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാവുന്നതാണെന്നും സുപ്രിം കോടതി വ്യക്തമാക്കി. കേസില്‍ സുപ്രിം കോടതി വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടിസ് അയച്ചു.