
ഹരീഷ് റാം
തിരുവനന്തപുരം: : വെറുതെയിരുന്ന് മടുപ്പായപ്പോൾ, ലോറി ഡ്രൈവർമാർ ചീട്ട് കളിയിൽ ഏർപ്പെട്ടു. ഈ ചീട്ടുകളി 24 പേരെയാണ് ജോക്കറാക്കിയത്. എല്ലാവർക്കും കോവിഡ് പൊസിറ്റീവ്. ആന്ധ്രാപ്രദേശിലെ വിജയവാഡയ്ക്ക് അടുത്താണ് ഒരുകൂട്ടം ആൾക്കാർക്ക് ഒറ്റയടിക്ക് കൊറോണ വൈറസ് ബാധിച്ചത്. വിജയവാഡയ്ക്കടുത്ത് മറ്റൊരു പ്രദേശത്തും സമാനമായ സംഭവത്തിൽ 15 പേർക്കും ഒറ്റയടിക്ക് വൈറസ് ബാധയുണ്ടായതായി കൃഷ്ണ ജില്ലാ കളക്ടർ എ. മുഹമ്മദ് ഇംതിയാസ് പറഞ്ഞു.
കൃഷ്ണലങ്കയിലാണ് ആദ്യ സംഭവമുണ്ടായത്.
ഇതിനു സമാനമായ സംഭവമാണ് കർമിക നഗറിലും ഉണ്ടായത്. കൊറോണ വൈറസ് ബാധയുണ്ടായിരുന്ന ലോറി ഡ്രൈവർ ലോക്ക്ഡൗൺ ലംഘിച്ച് ജനങ്ങളുമായി ഇടപഴകിയതിനെ തുടർന്ന് 15 പേർക്കാണ് വൈറസ് പകർന്നത്. രണ്ടു സംഭവത്തിലുമായി ഏതാനും ദിവസങ്ങൾക്കിടയിൽ 40 ഓളം പേർക്കാണ് വൈറസ് ബാധിച്ചതെന്ന് കളക്ടർ പറഞ്ഞു. സാമൂഹ്യ അകലം പാലിക്കാനുള്ള നിർദേശം അനുസരിക്കാതിരുന്നതാണ് രണ്ടു സംഭവത്തിലേയ്ക്കും നയിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആന്ധ്രാപ്രദേശിലെ പ്രധാനപ്പെട്ട കോവിഡ് ഹോട്ട് സ്പോട്ട് ആണ് വിജയവാഡ. 100ൽ അധികം കേസുകളാണ് ഇവിടെ ഇതുവരെ രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 25 പുതിയ കൊറോണ വൈറസ് ബാധ ഇവിടെ സ്ഥിരീകരിച്ചിട്ടുണ്ട്.