
സിന്ധുമോള്‍ ആര്‍
ചെന്നൈ ∙ തമിഴ്നാട്ടിലെ 5 പ്രധാന നഗരങ്ങളിൽ ഞായറാഴ്ച രാവിലെ 6 മുതൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെ പച്ചക്കറി–പലചരക്ക് കടകളിലേക്ക് ആളുകളുടെ ഒഴുക്ക്. പല സ്ഥലങ്ങളിലും ജനങ്ങൾ അകലം പാലിക്കൽ ലംഘിച്ചു. ജനങ്ങളുടെ പരിഭ്രാന്തിക്കു പിന്നാലെ പച്ചക്കറി–പലചരക്ക് കടകൾ ഉച്ചകഴിഞ്ഞ് 3 മണി വരെ തുറന്നിരിക്കുമെന്ന് മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമി അറിയിച്ചു.
ഏപ്രിൽ 26 രാവിലെ 6 മുതൽ ഏപ്രിൽ 29 രാത്രി 9 വരെയാണ് സമ്പൂർണ ലോക്ഡൗൺ. ചെന്നൈ, മധുര, കോയമ്പത്തൂർ എന്നീ നഗരങ്ങൾ നാലു ദിവസത്തേക്കും സേലം, തിരുപ്പൂർ നഗരങ്ങളിൽ മൂന്നു ദിവസത്തേക്കുമാണ് അടച്ചിടുക. രാവിലെ 6നും ഉച്ചയ്ക്ക് ഒരു മണിക്കും ഇടയിൽ പ്രവർത്തിക്കാൻ അനുവദമുണ്ടായിരുന്ന പലചരക്ക് കടകളും സ്വകാര്യ സ്ഥാപനങ്ങളും അടച്ചിടുമെന്നും സർക്കാർ അറിയിച്ചു.
മൊബൈൽ ഷോപ്പ്, റസ്റ്റോറന്റുകളിൽ നിന്നുള്ള ഹോം ഡെലിവറി, ആശുപത്രി, ഫാർമസി, മെഡിക്കൽ ഷോപ്പ് എന്നിവയ്ക്ക് പ്രവർത്തിക്കാം. എടിഎമ്മുകളും സർക്കാർ നടത്തുന്ന അമ്മ കാന്റീനുകളും തുറന്നിരിക്കുമെന്നും സർക്കാർ വ്യക്തമാക്കി. ലോക്ഡൗണ്‍ പ്രഖ്യാപിച്ച നഗരങ്ങളിലെ കണ്ടെയ്നർ സോണുകളിൽ അണുനശീകരണം നടത്തും.
കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്‌നാട്. സംസ്ഥാനത്ത് ഇതുവരെ 1,755 കേസുകളും 22 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 452 കേസുകളുള്ള ചെന്നൈയിലാണ് ഏറ്റവും കൂടുതൽ രോഗികൾ. കോയമ്പത്തൂർ – 141, തിരുപ്പൂർ – 110, മധുര – 56, സേലം – 30 എന്നിങ്ങനെയാണ് മറ്റു നഗരങ്ങളിലെ കണക്ക്.