KeralaLatest

രാജ്യത്ത് പരീക്ഷാ തോല്‍വിയെത്തുടര്‍ന്ന് ജീവനൊടുക്കിയത് 2095 വിദ്യാര്‍ഥികള്‍

“Manju”

കൊച്ചി: വര്‍ഷാവസാന പരീക്ഷകള്‍ എത്തുകയാണ്. രക്ഷകര്‍ത്താക്കള്‍ക്കും കുട്ടികള്‍ക്കും പരീക്ഷ ഒരു പരീക്ഷണം തന്നെയാണ്. പരീക്ഷയില്‍ തോറ്റതിനെത്തുടര്‍ന്നുള്ള മനോവിഷമത്തില്‍ കഴിഞ്ഞവര്‍ഷം രാജ്യത്ത് ആത്മഹത്യ ചെയ്തത് 2095 വിദ്യാര്‍ഥികള്‍. മുൻവര്‍ഷങ്ങളെ അപേക്ഷിച്ച്‌ ഇത്തരം ആത്മഹത്യകള്‍ വര്‍ധിച്ചതായും ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ (എൻ.സി.ആര്‍.ബി) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. പരീക്ഷയിലെ തോല്‍വി കുടുംബത്തിലും സമൂഹത്തിലുമുണ്ടാക്കുന്ന പ്രതികരണങ്ങളെക്കുറിച്ച ആശങ്കയും ഭാവിയെക്കുറിച്ച നിരാശ നിറഞ്ഞ കാഴ്ചപ്പാടുമാണ് ഇത്തരം ആത്മഹത്യകള്‍ക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

പരീക്ഷയില്‍ തോറ്റതിന്‍റെ മനോവിഷമത്തില്‍ കഴിഞ്ഞവര്‍ഷം കേരളത്തില്‍ ജീവനൊടുക്കിയത് 46 വിദ്യാര്‍ഥികളാണ്. ഇതില്‍ 29 പേര്‍ ആണ്‍കുട്ടികളും ഏഴുപേര്‍ പെണ്‍കുട്ടികളുമാണ്. രാജ്യത്ത് ആകെ നടന്ന ആത്മഹത്യയുടെ 1.2 ശതമാനം പരീക്ഷയിലെ തോല്‍വിയെത്തുടര്‍ന്നാണ്. ഇവരില്‍ 1123 പേര്‍ 18 വയസ്സില്‍ താഴെയുള്ളവരും 916 പേര്‍ 18നും 35നും ഇടയിലുള്ളവരും 55 പേര്‍ 35നും 45നും മധ്യേയുള്ളവരുമാണ്. തൊട്ട് മുൻവര്‍ഷത്തെ അപേക്ഷിച്ച്‌ കഴിഞ്ഞവര്‍ഷം ഇങ്ങനെ ആത്മഹത്യ ചെയ്തവരുടെ എണ്ണത്തില്‍ 25.2 ശതമാനം വര്‍ധനയുണ്ടായതായും കണക്കുകള്‍ വ്യക്തമാക്കുന്നു. പരീക്ഷയിലെ തോല്‍വിമൂലം ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ ജീവനൊടുക്കിയത് മഹാരാഷ്ട്രയിലാണ് -378 പേര്‍. മധ്യപ്രദേശ്-277, ഝാര്‍ഖണ്ഡ് -174, കര്‍ണാടക -162, ഗുജറാത്ത് -155, ഉത്തര്‍പ്രദേശ് -122 എന്നിവയാണ് മുന്നിലുള്ള മറ്റ് സംസ്ഥാനങ്ങള്‍.

10,000 കടന്ന് കേരളത്തിലെ ആത്മഹത്യ

ഇതാദ്യമായി കേരളത്തില്‍ ഒരു വര്‍ഷം ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം 2022ല്‍ പതിനായിരം കടന്നു. രാജ്യത്ത് ആകെ 1,70,924 പേര്‍ ജീവനൊടുക്കിയപ്പോള്‍ 10,162 പേര്‍ കേരളത്തിലാണ്. 2021ല്‍ ഇത് 9549 ആയിരുന്നു. 6.4 ശതമാനമാണ് വര്‍ധന. ദേശീയ ക്രൈം റേക്കോഡ്സ് ബ്യൂറോയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ ഒരു ലക്ഷം പേരില്‍ 28.5 പേര്‍ ആത്മഹത്യ ചെയ്യുന്നു.

വിവാഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, കുടുംബ പ്രശ്നങ്ങള്‍, രോഗങ്ങള്‍, സാമ്പത്തികബാധ്യത, മയക്കുമരുന്ന് ഉപയോഗം, തൊഴിലില്ലായ്മ, ജോലിസ്ഥലത്തെ പ്രശ്നങ്ങള്‍, സ്വത്തുതര്‍ക്കം തുടങ്ങിയവയാണ് പ്രധാന കാരണങ്ങള്‍.

ഒരിക്കലും അവസാന വാക്കല്ല തോല്‍വിഡോ. സി.ജെ. ജോണ്‍

പരീക്ഷാജയം ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണെന്നും അതില്ലെങ്കില്‍ ഒന്നുമില്ല എന്നുമുള്ള ചിന്താഗതി സൃഷ്ടിക്കുന്ന സാമൂഹിക ചുറ്റുപാടുകളാണ് വിദ്യാര്‍ഥിയെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നത്. ഒരു തോല്‍വി ജീവിതത്തിലെ അവസാന വാക്കല്ലെന്നും അതിനെ അതിജീവിച്ച്‌ മുന്നോട്ട് പോകണം എന്നും അവരെ പഠിപ്പിക്കാൻ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും കഴിയണം. നിങ്ങള്‍ക്ക് കഴിയുന്നത് ഏറ്റവും നന്നായി ചെയ്യുക. കിട്ടുന്ന വിജയത്തില്‍ സംതൃപ്തരാകുക. പോരായ്മ ഉണ്ടെങ്കില്‍ പരിഹരിക്കാനുള്ള ഇച്ഛാശക്തി ഉണ്ടാക്കിയെടുക്കുക. വിജയമോ പരാജയമോ ഒരിക്കലും ജീവിതത്തിന്‍റെ അളവുകോലായി എടുക്കരുത്.

കോവിഡ് കാലത്തെ സാമ്ബത്തിക തിരിച്ചടി, അതുണ്ടാക്കിയ സാമൂഹിക പ്രശ്നങ്ങള്‍, വിഷാദങ്ങള്‍ തുടങ്ങിയ അവസ്ഥകളില്‍നിന്ന് കരകയറാൻ സ്വീകരിച്ച നടപടികള്‍ ഫലപ്രദമായില്ലെന്നതിന്‍റെ സൂചനയാണ്.

Related Articles

Back to top button