കോവിഡിനെ നേരിടാൻ ന്യൂസിലാൻഡ്

സിന്ധുമോൾ ആർ
വെല്ലിങ്ടണ്‍: അമേരിക്കയടക്കം വന്‍കിട രാജ്യങ്ങള്‍ പലതും കോവിഡ് മഹാമാരിയില്‍പ്പെട്ട് ദുരിതമനുഭവിക്കുമ്പോള്‍ ലോകത്ത് ഒരു രാജ്യം കൊറോണ വൈറസിനെ നേരിടുന്നതില്‍ വിജയം വരിച്ചുകൊണ്ടിരിക്കുകയാണ്. 1500 ഓളം രോഗബാധിതരുണ്ടായിട്ടും മരണ സംഖ്യ ഇരുപതില്‍ താഴെയായി പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞു എന്നതാണ് ന്യൂസിലാന്‍ഡിനെ വ്യത്യസ്തമാക്കുന്നത്.
1,461 പേര്‍ക്കാണ് ഇവിടെ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. വെള്ളിയാഴ്ച വരെ 18 പേര്‍ മരിച്ചു. പുതിയ രോഗികളുടെ എണ്ണം അഞ്ചാണ്. ചുരുക്കി പറഞ്ഞാല്‍ വൈറസ് വ്യാപനത്തിന്റെ ഗ്രാഫ് അതിവേഗം താഴ്ത്തിക്കൊണ്ടുവരാന്‍ ന്യൂസിലാന്‍ഡിന് സാധിച്ചു. വൈറസ് വ്യാപനം തടയുന്നതിന് സ്വീകരിച്ച ശക്തമായ നടപടികളാണ് ഇതിന് സഹായിച്ചത്.
ന്യൂസിലാന്‍ഡിന്റെ പ്രത്യേക ഭൂമിശാസ്ത്രവും വൈറസ് വ്യാപനത്തെ തടഞ്ഞിട്ടുണ്ടെന്നും വിലയിരുത്തലുകളുണ്ട്. കടലിനാല്‍ ചുറ്റപ്പെട്ട്, അന്റാര്‍ട്ടിക്കയ്ക്ക് അടുത്തായി സ്ഥിതിചെയ്യുന്ന ന്യൂസിലാന്‍ഡ് സ്വാഭാവികമായിത്തന്നെ മറ്റു പ്രദേശങ്ങളുമായി സാമൂഹ്യ അകലം പാലിക്കുന്നു. അമ്പത് ലക്ഷം പേരാണ് ന്യൂസിലാന്‍ഡിലെ ജനസംഖ്യ. അതുകൊണ്ടുതന്നെ തിരക്കേറിയ നഗരങ്ങളല്ല ന്യൂസിലാന്‍ഡിനുള്ളത്.
പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്റെ നേതൃത്വത്തില്‍ ശക്തമായ നടപടികളാണ് വൈറസിനെ നേരിടാന്‍ ന്യൂസിലാന്‍ഡ് സ്വീകരിച്ചത്. നൂറില്‍ താഴെ പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ച മാര്‍ച്ച് മാസം മുതല്‍ രാജ്യം സാമൂഹ്യ അകലം പാലിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു.
വ്യാപകമായ പരിശോധനകള്‍ നടത്തുകയും രോഗം ബാധിച്ചവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്തുകയും ക്വാറന്റൈനില്‍ പാര്‍പ്പിക്കുകയും ചെയ്തു. വൈറസ് വ്യാപനം തടയുന്നതിന് രാജ്യം നടത്തിയ കാര്യക്ഷമമായ ഇടപെടലുകള്‍ തന്നെയാണ് മരണസംഖ്യ പിടിച്ചുനിര്‍ത്താന്‍ ഇടയാക്കിയതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
തിങ്കളാഴ്ചയോടെ അവസാനിച്ച ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. സമ്പദ് രംഗത്തെ പിടിച്ചുനിര്‍ത്തുന്നതിനായി ചില മേഖലകളില്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ സാമൂഹ്യ അകലം ഉറപ്പുവരുത്തിക്കൊണ്ടാണ് നടപടികളെല്ലാം.