
ഹർഷദ്ലാൽ
പയ്യന്നൂർ: പയ്യന്നൂർ നഗരസഭാ പരിധിയിൽ കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ നിരീക്ഷണത്തിൽ കഴിയുന്നത് ഇനി അഞ്ചുപേർ.
ഹോട്ട് സ്പോട്ടായ ഇവിടെ ആദ്യഘട്ടത്തിൽ 1211 പേരാണ് നിരീക്ഷണത്തിലുണ്ടായിരുന്നത്. നഗരസഭാ പരിധിയിൽ ഒരാൾക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്.
ആളുകൾ പുറത്തിറങ്ങുന്നതിന് കർശന നിയന്ത്രണങ്ങളാണ് പോലീസിന്റെയും മറ്റു വകുപ്പുകളുടേയും നേതൃത്വത്തിൽ നഗരസഭാ പരിധിയിൽ ഏർപ്പെടുത്തിയത്. നഗരസഭാ പരിധിയിൽ 12 റോഡുകൾ പൂർണമായും അടച്ചു.
നാല് സ്ഥലങ്ങളിൽ പോലീസ് ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ആറുസ്ഥലങ്ങളിൽ റോഡുകൾ പകുതി അടച്ചു. ഇവിടെ കർശന പരിശോധനകൾക്കുശേഷം മാത്രമേ വാഹനങ്ങൾ കടത്തിവിടൂ.
നഗരസഭാപരിധിയിൽ 40 സ്ഥാപനങ്ങൾക്കാണ് ഹോം ഡെലിവറിക്ക് അധികൃതർ അനുമതി നൽകിയിട്ടുള്ളത്.
അവശ്യമരുന്നുകളുടെയുൾപ്പെടെയുള്ള വിതരണത്തിനായി നഗരസഭ വൊളന്റിയർമാരുടെ സേവനവും ഏർപ്പെടുത്തിയിട്ടുണ്ട്. നഗരസഭയുടെ സമൂഹ അടുക്കളയിലൂടെ ഇതുവരെ പതിനാറായിരത്തിലേറെ പേർക്ക് ഭക്ഷണം വിതരണം ചെയ്തതായി ചെയർമാൻ ശശി വട്ടക്കൊവ്വൽ പറഞ്ഞു