
എസ് സേതുനാഥ് മലയാലപ്പുഴ
തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായഹസ്തവുമായി തിരുവനന്തപുരം എൻജിനീയറിംഗ് കോളേജിലെ പൂർവ വിദ്യാർത്ഥികളും. 1991 ബാച്ചിലെ വിദ്യാർത്ഥികളുടെ ‘ലൈറ്റ് ഹൗസ്’ എന്ന സംഘടനയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കും എസ് എ ടി യിലേയ്ക്കും ആവശ്യമുള്ള സുരക്ഷാ സാമഗ്രികൾ സംഭാവന ചെയ്തത്. പേഴ്സണൽ പ്രൊട്ടക്ടീവ് എക്യുപ്മെന്റ് (പി പി ഇ കിറ്റ്), എൻ 95 ഉൾപ്പെടെയുള്ള മാസ്കുകൾ എന്നിവയടക്കം ഒരു ലക്ഷം രൂപയിലധികം വില വരുന്ന സാമഗ്രികളാണ് സംഭാവന ചെയ്തത്.
തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽ 1987-91 കാലയളവിൽ പഠിച്ചിരുന്ന ബാച്ചിന്റെ ഒരു കൂട്ടായ്മ ആണ് ലൈറ്റ് ഹൗസ്. ലൈറ്റ് ഹൗസിന്റെ ആഭിമുഖ്യത്തിൽ നിരവധി പ്രവർത്തനങ്ങൾ നടത്തി വരുന്നു. അതിന്റെ ഭാഗമായാണ് കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിലും സംഘടന ഭാഗഭാക്കാവുന്നത്. സംഘടനയുടെ സെക്രട്ടറി ഷിബു മാത്യുവിന്റെ നേതൃത്വത്തിൽ രവീന്ദ്രൻ ലക്ഷ്മണൻ, ബി എൻ ബിജു, സെബാസ്റ്റ്യൻ ഊക്കൻ എന്നിവരാണ് സുരക്ഷാ സാമഗ്രികൾ കൈമാറിയത്.
മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ എം കെ അജയകുമാർ, മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദ്, എസ് എ ടി സൂപ്രണ്ട് ഡോ എ സന്തോഷ് കുമാർ, മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ ജോബി ജോൺ, ഡോ ബി എസ് സുനിൽകുമാർ, എ ആർ എം ഒ ഡോ ഷിജു മജീദ്, സ്റ്റോർ സൂപ്രണ്ട് എൻ സജീവ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
ചിത്രം: ലൈറ്റ് ഹൗസ് സംഭാവന ചെയ്ത സുരക്ഷാ സാമഗ്രികൾ മെഡിക്കൽ കോളേജ് അധികൃതർ ഏറ്റുവാങ്ങുന്നു