കാര്‍ വിപണയിലെ നാലുകോടിയോളം ജോലിക്കാരെ പ്രതിസന്ധിയിലാക്കി കോവിഡ്

രജിലേഷ് കെ.എം.
ന്യൂഡൽഹി: വാഹനവിപണിയെ തകർത്ത് കൊവിഡ്. ഏപ്രിലിൽ ഒരു കാർ പോലും വില്ക്കാനാകാതെ ഇരിക്കുകയാണ് വാഹന ലോകം. ചരിത്രത്തിലെ തന്നെ ആദ്യ സംഭവമാകും ഇത്. ദേശീയ ലോക്ക്ഡൗണിൽ ഫാക്ടറികളും ഡീലർഷിപ്പുകളും അടഞ്ഞു കിടന്നതാണ് ഏപ്രിലിൽ വില്പന നടക്കാഞ്ഞതിന് പിന്നിൽ.
അടുത്ത മാസവും വില്പനയിൽ കാര്യമായ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയില്ല. മാരുതി, ടി.വി.എസ് മോട്ടോർ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങി രാജ്യത്തെ കാർ നിർമാതാക്കൾക്കും ഇക്കാര്യത്തിൽ ഒരേ അഭിപ്രായമാണ്.
വാഹന വിപണി ഇടിവ് നേരിടുന്ന സമയത്താണ് കോവിഡെത്തുന്നത്.ഇതോടെ വാഹന ലോകം വീണ്ടും വൻ പ്രതിസന്ധിയിൽ ആയി. നിലവിലെ സ്ഥിതി മറികടക്കാൻ ഇനി എത്രനാൾ വേണ്ടി വരുമെന്ന് വാഹന നിർമാതാക്കൾക്കും വലിയ ഊഹമില്ല. കോവിഡ് വ്യാപനത്തിന്റെ തോതു കുറയുന്നതിനെ അനുസരിച്ചിരിയ്ക്കും കാര്യങ്ങൾ. നാലു കോടിയോളം പേരാണ് രാജ്യത്തെ വാഹന വിപണിയിൽ ജോലി ചെയ്യുന്നത്. ജി.ഡി.പിയുടെ എട്ടു ശതമാനവും ഇതാണ്. വാഹനവിപണിയുടെ ഇടിവ് രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെയും ബാധിക്കും.