KeralaLatest

 കേരളത്തില്‍ കോവിഡ് പുതിയ ഘട്ടത്തിലേക്ക് കടക്കുന്നതായി ആശങ്ക

“Manju”
നന്ദകുമാർ വി ബി
തിരുവനന്തപുരം: കേരളത്തില്‍ സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്ന് ആരോഗ്യവകുപ്പ് ആവര്‍ത്തിക്കുമ്‌ബോഴും, കോവിഡ് പുതിയ ഘട്ടത്തിലേക്ക് കടക്കുന്നതായി ആശങ്ക ഉയരുന്നു. കൊറോണ വൈറസ് ബാധിച്ചത് എവിടെ നിന്നെന്ന് കണ്ടുപിടിക്കാനാകാത്ത രോഗികളുടെ എണ്ണം കൂടുന്നതാണ് ഇത്തരമൊരു ആശങ്കയ്ക്ക് അടിസ്ഥാനം. ഒരാഴ്ചയ്ക്കിടെ രോഗം സ്ഥിരീകരിച്ച പത്തുപേര്‍ക്ക് രോഗം പിടിപെട്ടതെങ്ങനെ എന്ന് കണ്ടെത്താനായിട്ടില്ല. ഇതുവരെയുള്ള രോഗബാധിതരില്‍ ആരോഗ്യപ്രവര്‍ത്തകരടക്കം 25ഓളം പേരുടെ രോഗബാധയുടെ ഉറവിടം കണ്ടെത്തിയിട്ടില്ല.

കൊല്ലത്തെ ആരോഗ്യപ്രവര്‍ത്തക, ഇടുക്കി വണ്ടന്‍മേട്ടിലെ വിദ്യാര്‍ഥി, കോട്ടയം ജില്ലയിലെ രണ്ടു നഴ്സുമാര്‍, ചന്തയിലെ ചുമട്ടുതൊഴിലാളി, വൈക്കത്തെ വ്യാപാരി, പനച്ചിക്കാട്ടെ വിദ്യാര്‍ഥിനി, പാലക്കാട് വിളയൂരിലെ വിദ്യാര്‍ഥികള്‍ എന്നിവരുടെ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. രോഗംബാധിച്ച് മരിച്ച മലപ്പുറം സ്വദേശിയായ നാലുമാസം പ്രായമായ കുട്ടി, തിരുവനന്തപുരം പോത്തന്‍കോട്ടെ മുന്‍ പൊലീസുകാരന്‍, കണ്ണൂരില്‍ ചികിത്സ തേടിയ മാഹി സ്വദേശി എന്നിവരുടെ രോഗബാധയുടെ ഉറവിടവും അജ്ഞാതമാണ്. ചികിത്സയിലുള്ള രോഗികളില്‍ ഏഴുപേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.

ഒരു സമ്ബര്‍ക്കവുമില്ലാത്തവര്‍ക്ക് രോഗം പകരുന്നതാണ് സമൂഹവ്യാപനമായി കണക്കാക്കുന്നത്. പകര്‍ച്ചവ്യാധികളെ സംബന്ധിച്ച് ഏറ്റവും അപകടകരമായ ഘട്ടമാണ് ഇത്. സമൂഹവ്യാപനം ഉണ്ടായിട്ടുണ്ടോ എന്നറിയണമെങ്കില്‍ ഏതെങ്കിലും മേഖലകളിലോ കുറച്ച് ആളുകളിലോ ഒരുമിച്ച് പരിശോധന നടത്തണം. ലക്ഷണം പ്രകടിപ്പിക്കാത്തവരും ചിലപ്പോള്‍ വൈറസ് വാഹകരാകുമെന്നതിനാല്‍ അത്തരക്കാരെയും ഉള്‍പ്പെടുത്തിയാണ് പരിശോധന നടത്തേണ്ടത്. കൊല്ലത്തും കോട്ടയത്തും ഇങ്ങനെ നടത്തിയ പരിശോധനയില്‍ ഓരോരുത്തര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവില്‍ നടത്തുന്ന പി.സി.ആര്‍. പരിശോധന വ്യാപിപ്പിക്കുക മാത്രമാണ് ഇപ്പോഴുള്ള പോംവഴി. 4500 രൂപ വരെയാണ് ഇതിന്റെ പരിശോധനച്ചെലവ്. നിലവില്‍ സംസ്ഥാനത്ത് 14 സര്‍ക്കാര്‍ ലാബുകളില്‍ രോഗനിര്‍ണയം നടത്തുന്നുണ്ട്. കോവിഡ് ചികിത്സാപ്രതിരോധ രംഗങ്ങളിലുള്ള എല്ലാ ആരോഗ്യപ്രവര്‍ത്തകരെയും അടിയന്തരമായി പരിശോധിക്കണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു. രോഗലക്ഷണങ്ങള്‍ ഇല്ലാതെയും രോഗമുണ്ടാവാനുള്ള സാധ്യതയുണ്ട്. അടിയന്തരമായി ഇക്കാര്യം പരിഗണിച്ചില്ലെങ്കില്‍ ആരോഗ്യപ്രവര്‍ത്തകര്‍വഴി കൂടുതല്‍പേര്‍ക്ക് രോഗം പടരാനിടയാവുമെന്നും ഐഎംഎ മുന്നറിയിപ്പ് നല്‍കി.

Related Articles

Leave a Reply

Back to top button