ബി.ആര്‍. ഷെട്ടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു

ബിന്ദു ലാൽ
ദുബായ്∙ പ്രമുഖ പ്രവാസി വ്യവസായിയും എന്‍എംസി ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ്, യുഎഇ എക്‌സ്‌ചേഞ്ച് സ്ഥാപകനുമായ ബി.ആര്‍ ഷെട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ യുഎഇ സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം നല്‍കി. ഷെട്ടിയുടെ അക്കൗണ്ടും കുടുംബാംഗങ്ങളുടെ അക്കൗണ്ടും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ അക്കൗണ്ടും മരവിപ്പിക്കാനാണു മറ്റു ബാങ്കുകള്‍ക്കു സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഷെട്ടിയുടെ കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും മാനേജര്‍മാരുടെയും അക്കൗണ്ടുകളും മരവിപ്പിക്കും. ഈ അക്കൗണ്ടുകളില്‍ നിന്നുള്ള ട്രാന്‍സ്ഫര്‍ ഉള്‍പ്പെടെ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടു.
എന്‍എംസി 6.6 ബില്യണ്‍ ഡോളറിന്റെ കടബാധ്യത അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. വിവിധ ബാങ്കുകളിലായി കോടിക്കണക്കിനു രൂപയുടെ കടബാധ്യതയാണു കമ്പനിക്കുള്ളത്. ബ്രിട്ടനില്‍ ഗുരുതരമായ സാമ്പത്തിക ക്രമക്കേടില്‍ ഷെട്ടി ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്ന മുറയ്ക്ക് യുഎഇയിലേക്കു മടങ്ങുമെന്നും ഷെട്ടി അറിയിച്ചിരുന്നു. ഷെട്ടിയുമായി ബന്ധപ്പെട്ട നിരവധി കമ്പനികളാണ് സെന്‍ട്രല്‍ ബാങ്ക് കരിമ്പട്ടികയില്‍ ഉള്‍പെടുത്തിയിരിക്കുന്നത്. കർണാടകയിലെ ഉഡുപ്പി സ്വദേശിയാണ് ഷെട്ടി.