
ഹർഷദ്ലാൽ
പടിഞ്ഞാറത്തറ : കോവിഡ്-19 പ്രതിരോധത്തിനായുള്ള ലോക്ഡൗൺ നിലനിൽക്കുമ്പോഴും ബാണാസുര സാഗർ ഡാമിൽ മീൻപിടിത്തം വ്യാപകമെന്ന് പരാതി. ഡാമിന്റെ സ്പിൽവേയ്ക്ക് സമീപം നിരോധിത മേഖലയിലാണ് ആളുകൾ ദിവസേന മീൻപിടിക്കാനെത്തുന്നത്. സാധാരണ ഡാമിന്റെ സുരക്ഷാമേഖലകളിൽ സ്വകാര്യ വാഹനങ്ങൾക്ക് പ്രവേശനമില്ല. എന്നാൽ, ലോക്ഡൗൺ കാലത്ത് സ്വകാര്യ വാഹനങ്ങളുമായാണ് മീൻപിടിക്കാനായി രാത്രി ഡാമിൽ എത്തുന്നത്. വല ഉപയോഗിച്ചാണ് മീൻപിടിത്തം.
പ്രദേശത്തുള്ള ആദിവാസിവിഭാഗക്കാരടക്കം ഡാമിന്റെ ഷട്ടറിന്റെ പരിസരപ്രദേശങ്ങളിൽ ചൂണ്ടയിട്ട് മീൻപിടിക്കാൻ ശ്രമിച്ചാലും അനുവദിക്കാറില്ല. ഇങ്ങനെ ചെയ്യുമ്പോഴാണ് ദൂരസ്ഥലങ്ങളിൽ നിന്നുള്ളവർ വാഹനങ്ങളുമായി വന്ന് യാതൊരു നിയന്ത്രണങ്ങളുമില്ലാതെ മീൻപിടിച്ച് മടങ്ങുന്നത്. ഇത് കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണെന്നാണ് ആക്ഷേപം. പ്രദേശവാസികളായവരെ ചൂണ്ടയിട്ട് മീൻപിടിക്കാൻപോലും അനുവദിക്കാതിരിക്കുകയും അതേസമയം ഉദ്യോഗസ്ഥരുമായി അടുപ്പമുള്ളവരെ നിരോധിത മേഖലകളിൽ അടക്കം എത്തിച്ച് മീൻപിടിക്കാൻ അനുവദിക്കുകയുമാണെന്നാണ് ആക്ഷേപം.
ലോക് ഡൗണിന്റെ മറവിൽ ഡാമിൽ മീൻപിടിക്കാൻ എത്തുന്നവരെ തടയണമെന്നും ഇത്തരക്കാർക്ക് ഒത്താശചെയ്യുന്ന ഉദ്യോഗസ്ഥർക്കു നേരെ നടപടി സ്വീകരിക്കണമെന്നും ആവശ്യം ശക്തമായിട്ടുണ്ട്.