
ഹരികൃഷ്ണൻ ജി
ആലപ്പുഴ : നൂറുകണക്കിനുപേര്‍ ഒത്തുകൂടിയാണ് കടപ്പുറം ഭാഗത്ത് വില്‍പന നടക്കുന്നത്. മൂന്നോ നാലോ പൊലീസുകാരെ ഇവിടങ്ങളില്‍ നിയോഗിച്ചിട്ടുണ്ടെങ്കിലും ഫലമില്ല. കോവിഡിന്റെ സാമൂഹ്യവ്യാപന ഭീതി ഇപ്പോഴും നില്‍ക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ കരുതല്‍ വേണ്ടിടത്താണ് ഈ അനാസ്ഥ
ആലപ്പുഴ കാട്ടൂര്‍ ശാസ്ത്രി കടപ്പുറത്തിനോട് ചേര്‍ന്നുള്ള മല്‍സ്യവിപണന കേന്ദ്രമാണിത്. ആളുകള്‍ തൊട്ടുരുമ്മിയാണ് നില്‍ക്കുന്നത്. ഭൂരിഭാഗംപേര്‍ക്കും മുഖാവരണംപോലുമില്ല. രാവിലെ ഏഴുമുതല്‍ ഒന്‍പത് മണി വരെയെങ്കിലും ഇവിടെ മല്‍സ്യവില്‍പന നടക്കുന്നുണ്ട്. ആളുകളെ നിയന്ത്രിക്കാന്‍ പൊലീസിനെ നിയോഗിച്ചിട്ടുണ്ടെങ്കിലും അതൊന്നും തന്നെ ഫലം കാണുന്നില്ല.
മല്‍സ്യഫെഡ് നേരിട്ടാണ് വിപണനത്തിന് നേതൃത്വം നല്‍കുന്നത്. ഇതിനായി ഹാര്‍ബര്‍ മാനേജ്മെന്റ് കമ്മിറ്റി തന്നെയുണ്ട്. ഉദ്യോഗസ്ഥര്‍ കസേരകളില്‍ ഇരിക്കുന്നത് കാണാമെങ്കിലും അവര്‍ക്ക് മുന്നിലായി ആള്‍ക്കൂട്ടവും കാണാം
തോട്ടപ്പള്ളി, വളഞ്ഞവഴി, പുന്നപ്ര തുടങ്ങി ജില്ലയുടെ തീരപ്രദേശങ്ങളില്‍ പലയിടത്തും ചിലദിവസങ്ങളില്‍ ഇതാണ് അവസ്ഥ. നേരത്തെ മല്‍സ്യബന്ധനത്തിനും ലേലത്തിനും കടുത്ത നിയന്ത്രണങ്ങള്‍ ജില്ലയില്‍ ഉണ്ടായിരുന്നു. ഇതില്‍ കലക്ടര്‍ പിന്നീട് ഇളവുകള്‍ നല്‍കി. ഈ സാഹചര്യം ദുരുപയോഗം ചെയ്താണ് മല്‍സ്യചന്തയ്ക്ക് സമാനമായ അവസ്ഥയുണ്ടായത്.