KeralaLatest

അർജുന്റെ ആക്ഷൻ ഉജ്വലം, സച്ചി​നോട് ശ്രീശാന്ത്

“Manju”

 

രജിലേഷ് കെ.എം.

കൊച്ചി : ‘അർജുൻ തെൻഡുൽക്കറിന്റെ ആക്ഷൻ ഉജ്വലം, നല്ല റിഥവുമുണ്ട്. അവൻ തീർച്ചയായും ഇന്ത്യയ്ക്കായി കളിക്കും’ – ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിലൊരാളായ സച്ചിൻ തെൻഡുൽക്കറിനോട് മലയാളികളുടെ പ്രിയതാരം ശ്രീശാന്തിന്റെ വാക്കുകൾ. സച്ചിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ഇരുവരും തമ്മിൽ ട്വിറ്ററിൽ നടത്തിയ സംഭാഷണത്തിലാണ് അർജുൻ തെൻഡുൽക്കറിന്റെ ബോളിങ് പാടവത്തെ ശ്രീശാന്ത് പുകഴ്ത്തിയത്. ഇന്ത്യൻ ദേശീയ ടീമിൽ ഒരുകാലത്ത് സച്ചിന്റെ സഹതാരമായിരുന്നു ശ്രീശാന്ത്. ഏകദിന ലോകകപ്പ് കിരീടമെന്ന സച്ചിന്റെ സ്വപ്നസാഫല്യത്തിലേക്ക് 2011ൽ ഇന്ത്യൻ ക്രിക്കറ്റ് ടീം പറന്നിറങ്ങുമ്പോൾ, ആ ടീമിലും ശ്രീശാന്ത് അംഗമായിരുന്നു.

ഈ മാസം ഏപ്രിൽ 24നായിരുന്നു സച്ചിന്റെ 47–ാം ജന്മദിനം. ഇതിനോട് അനുബന്ധിച്ചാണ് ശ്രീശാന്ത് ട്വിറ്ററിലൂടെ സൂപ്പർതാരത്തിന് ജന്മദിനാശംസകൾ നേർന്നത്. കളത്തിൽ ഇരുവരുമൊത്തുള്ള ചിത്രങ്ങൾ ചേർത്തുവച്ചൊരു കൊളാഷ് സഹിതമാണ് ശ്രീശാന്ത് ആശംസ നേർന്നത്.

‘സച്ചിൻ പാജി,’ – ഇതായിരുന്നു ശ്രീയുടെ ആശംസ.

കഴിഞ്ഞ ദിവസമാണ് ഈ ട്വീറ്റിന് സച്ചിൻ മറുപടി നൽകിയത്. ‘ആശംസകൾക്ക് നന്ദി ശ്രീ! താങ്കൾക്കും കുടുംബത്തിലെ എല്ലാവർക്കും എന്റെ ആശംസകൾ. ആരോഗ്യത്തോടെ സുരക്ഷിതരായിരിക്കൂ’ – സച്ചിൻ കുറിച്ചു. ഈ മറുപടിക്കുള്ള പ്രതികരണത്തിലാണ് ശ്രീശാന്ത് അർജുന്‍ തെൻഡുൽക്കറിന്റെ കാര്യം കൂടി സൂചിപ്പിച്ചത്.

‘നന്ദി സച്ചിൻ പാജി… എന്റെ ഈ ദിവസം താങ്കൾ ധന്യമാക്കി. ഈ വാക്കുകൾക്ക് നന്ദി. താങ്കളുടെ കുടുംബത്തിലെ എല്ലാവരെയും എന്റെ അന്വേഷണം അറിയിക്കുമല്ലോ. അർജുൻ തെൻഡുൽക്കറിന്റെ വളർച്ച കാണുന്നതിലും സന്തോഷം. അവന്റെ ബോളിങ് ആക്ഷൻ മികച്ചതാണ്. നല്ല റിഥവുമുണ്ട്. അവൻ ഉറപ്പായും ഇന്ത്യയ്ക്കായി കളിക്കും’ – ശ്രീശാന്ത് കുറിച്ചു.

Related Articles

Leave a Reply

Back to top button