KeralaLatest

അഭിവാദ്യവുമായി സേനാ വിഭാഗം ; പ്രത്യഭിവാദ്യവുമായി ആരോഗ്യ പ്രവർത്തകരും

“Manju”

എസ് സേതുനാഥ് മലയാലപ്പുഴ

തിരുവനന്തപുരം: ഇന്ത്യൻ സൈന്യം ആദരസൂചകമായി നടത്തിയ പുഷ്പവൃഷ്ടിയിൽ പതിന്മടങ്ങ് ആത്മവീര്യം നേടിയെടുത്ത് ആരോഗ്യ പ്രവർത്തകർ. വ്യോമസേന നടത്തിയ ഫ്ലൈപാസ്റ്റ് വീക്ഷിക്കാൻ മെഡിക്കൽ കോളേജിലെ ഡോക്ടർമാരും നേഴ്സുമാരും മുതൽ ശുചീകരണത്തൊഴിലാളികൾ വരെയുള്ളവർ രാവിലെ മുതൽ കാത്തുനിന്നു. ഞായറാഴ്ച രാവിലെ പത്തോടെ മെഡിക്കൽ കോളേജ് ക്യാമ്പസിനു മുകളിലൂടെ പുഷ്പങ്ങൾ വിതറി അഭിവാദ്യമർപ്പിച്ചു കടന്നു പോയ ഹെലികോപ്ടറിനെ കൈ വീശി ഏവരും പ്രത്യഭിവാദ്യം ചെയ്തു. അപ്രതീക്ഷിതമായെത്തിയ മഹാമാരിയിൽ നിന്നും രക്ഷ നേടാൻ ലോകമെങ്ങുമുള്ള ആരോഗ്യ പ്രവർത്തകർ വിശ്രമരഹിതമായി നടത്തുന്ന പരിശ്രമങ്ങൾ ഇന്ത്യയിലും തുടരുകയാണ്. മന:സാന്നിധ്യം ചോരാതെ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങളോടുള്ള ആദരവാണ് മുമ്പെങ്ങുമില്ലാത്ത തരത്തിൽ സൈന്യം നടത്തിയിരിക്കുന്നത്. തുടർന്ന് കരസേനയുടെ തിരുവനന്തപുരത്തെ സേനാ മേധാവി നൽകിയ പ്രശംസാപത്രം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ എം കെ അജയകുമാർ ഏറ്റു വാങ്ങി. മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കു മുന്നിൽ സൂപ്രണ്ട് ഡോ എം എസ് ഷർമ്മദ്, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ ജോബി ജോൺ, ഡോ സുനിൽ കുമാർ, ആർ എം ഒ ഡോ മോഹൻ റോയ്, മെഡിസിൻ വിഭാഗം മേധാവി ഡോ രവികുമാർ കുറുപ്പ് , നേഴ്സിംഗ്, പാരാമെഡിക്കൽ,സ്റ്റോർസ്, ഫാർമസി, സെക്യൂരിറ്റി വിഭാഗം ജീവനക്കാർ എന്നിവർ ചേർന്ന് കൈവീശി പുഷ്പവൃഷ്ടി നടത്തിയ ഹെലികോപ്ടുകൾക്ക് ഉചിതമായ യാത്രയയപ്പും നൽകി. എസ് എ ടി ആശുപത്രി പരിസരത്ത് ജീവനക്കാർ ആശുപത്രി സൂപ്രണ്ട് ഡോ എ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ അണിനിരന്ന് സേനാ വിഭാഗങ്ങൾക്ക് നന്ദി അറിയിച്ചു. തുടർന്ന് സേനാ ഉദ്യോഗസ്ഥർ നൽകിയ കേക്ക് മുറിച്ച് ആരോഗ്യ പ്രവർത്തകർ ആഹ്ലാദം പങ്കുവച്ചു.
ചിത്രം: 1 വ്യോമസേനാ ഹെലികോപ്ടർ മെഡിക്കൽ കോളേജ് പ്രധാന കവാടത്തിനു മുകളിൽ പുഷ്പവൃഷ്ടി നടത്തുന്നു
2 സൈനികർ നൽകിയ പ്രശംസാപത്രവുമായി മെഡിക്കൽ കോളേജ് അധികൃതർ

Related Articles

Leave a Reply

Back to top button