രാജസ്ഥാന്: രാജസ്ഥാനിലെ ജയ്പൂരില്‍ വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികളടക്കം അഞ്ചംഗ കുടുംബം വെന്തുമരിച്ചു. അടുക്കളയില്‍ ഭക്ഷണം ഉണ്ടാക്കുന്നതിനിടെയാണ് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. പിന്നാലെ വീടിന് തീപിടിക്കുകയും കുട്ടികളുള്‍പ്പെടെ കുടുംബാംഗങ്ങളെല്ലാം വെന്തുമരിക്കുകയുമായിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ ദുഃഖം രേഖപ്പെടുത്തി.
ബിഹാറില്‍ നിന്നുള്ള കുടുംബം ജയ്പൂരിലെ ഒരു ഫാക്ടറിയിലാണ് ജോലി ചെയ്തിരുന്നത്. ജസ്ല ഗ്രാമത്തിലെ ചേരിയിലായിരുന്നു താമസം. കഴിഞ്ഞ ദിവസം അടുക്കളയില്‍ ഭക്ഷണം ഉണ്ടാക്കുന്നതിനിടെ വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. തീപിടിത്ത വിവരം ലഭിച്ചയുടന്‍ പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി. തീ നിയന്ത്രണവിധേയമാക്കിയ ശേഷം വീടിനുള്ളില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. പൊലീസും ഫോറന്‍സിക് സംഘവും അന്വേഷണം നടത്തിവരികയാണ്. സംഭവത്തില്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ അനുശോചനം രേഖപ്പെടുത്തി. ജീവന് നഷ്ടപ്പെട്ടവരുടെ ആത്മാക്കള്‍ക്ക് ശാന്തി ലഭിക്കട്ടെയെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.