KeralaLatest

ചുഴലിക്കാറ്റിനും പ്രളയത്തിനും സാധ്യത കൂട്ടി അറബിക്കടലിന്റെ താപനിലയുയരുന്നു.

“Manju”

രജി പുരോഗതി

ആഗോള താപനത്തിന്റെ ഫലമായി ഇന്ത്യയിലെ സമുദ്രങ്ങളില്‍ ചൂട് അനിയന്ത്രിതമായി കൂടുന്നതായി ഗവേഷകരുടെ വെളിപ്പെടുത്തൽ. ഇന്ത്യന്‍ സമുദ്രത്തിലാകെ മാറ്റംവന്നിട്ടുണ്ടെങ്കിലും അറബിക്കടലിലാണ് മാറ്റങ്ങള്‍ കൂടുതല്‍ പ്രകടമെന്ന് കാലാവസ്ഥാ വിദഗ്ധനായ ഡോ വേണു ജി. നായര്‍ ചൂണ്ടിക്കാട്ടുന്നു.

60 കൊല്ലമായി തെക്കന്‍ ഇന്ത്യന്‍ സമുദ്രത്തില്‍ വന്നിട്ടുള്ള വ്യതിയാനമാണ് അറബിക്കടലിലെ മാറ്റത്തിന് കാരണം. കേരളതീരത്ത് അറബിക്കടലിന്റെ ചൂട് കഴിഞ്ഞ ദിവസങ്ങളില്‍ ശരാശരിയില്‍നിന്ന് ഏകദേശം 1.9 മുതല്‍ 2.6 ഡിഗ്രി സെല്‍ഷ്യസ് വരെ കൂടി. ഈ ദിവസങ്ങളില്‍ 30-31 ഡിഗ്രി വരെയാണ് ചൂട്. കടലിന് ചൂടുകൂടുന്നതിനാല്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം പതിവിലും നേരത്തേ എത്താനും അതിനുമുമ്പ് അറബിക്കടലില്‍ ചുഴലിക്കാറ്റ് രൂപപ്പെടാനും സാധ്യതയുണ്ടെന്നും ഡോ. വേണു പറഞ്ഞു.

അടുത്തകാലത്ത് അറബിക്കടലില്‍ അതിശക്തമായ ചുഴലിക്കാറ്റുകള്‍ ഉണ്ടാകുന്നത് കടലിലെ താപനിലയിലെ വ്യതിയാനംകൊണ്ടാണ്. പക്ഷേ, അവയുടെ സഞ്ചാരം വടക്കുപടിഞ്ഞാറന്‍ ദിശയില്‍ (ഒമാന്‍-യെമെന്‍ തീരത്തേക്ക്) ആയതുകൊണ്ട് കേരളത്തിന് വലിയ ആഘാതം ഉണ്ടായിരുന്നില്ല. എന്നാല്‍, ഓഖി ചുഴലിക്കാറ്റ് കേരളത്തിന്റെ തീരദേശത്തെ ബാധിച്ചിരുന്നു.
കേരളത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷം പ്രളയത്തിനു കാരണമായ അതിതീവ്ര മഴയ്ക്കും കടലിലെ താപവ്യതിയാനം കാരണമായെന്നും വേണു ജി. നായര്‍ പറഞ്ഞു.

ഉയര്‍ന്ന താപനിലയുള്ള സമുദ്രാന്തരീക്ഷത്തിന് കൂടുതല്‍ ജലകണങ്ങളെ താങ്ങാനാവും. ഇത് കാലവര്‍ഷത്തില്‍ കാണുന്ന നിമ്പോ സ്ട്രാറ്റസ് എന്ന മേഘപടലങ്ങളെ കൂടുതല്‍ മഴപെയ്യിക്കുന്ന മേഘങ്ങളാക്കി മാറ്റും. ഒരുദിവസം 24 സെന്റീമീറ്ററിനു മുകളില്‍ മഴപെയ്യും.
കഴിഞ്ഞ രണ്ടുവര്‍ഷവും കേരളത്തില്‍ പ്രളയത്തിനു കാരണമായത് അതിതീവ്ര മഴയാണ്. ഇത്തരം മഴയെയും അതോടൊപ്പമുണ്ടാകുന്ന മിന്നല്‍ പ്രളയത്തെയും കരുതിയിരിക്കണമെന്ന് രാജ്യങ്ങള്‍ക്ക് ആഗോള കാലാവസ്ഥാ സംഘടന മുന്നറിയിപ്പുനല്‍കിയിട്ടുണ്ടെന്നും അദ്ദേഹം
ചൂണ്ടിക്കാട്ടുന്നു.

Related Articles

Back to top button