KeralaLatest

ഇന്ത്യക്കാർക്കു തിരിച്ചു മടങ്ങാനുള്ള വഴികൾ ദുര്‍ഘടമാകുന്നു

“Manju”

സിന്ധുമോള്‍ ആര്‍

വാഷിങ്ടൻ∙ യുഎസിൽ കുടുങ്ങിയ വിവിധ ഇന്ത്യക്കാർക്കു തിരിച്ചു മടങ്ങാനുള്ള വഴികൾ അടയുന്നു. ജനനം കൊണ്ട് കൊണ്ട് യുഎസ് പൗരന്മാരായ മക്കളുള്ള എച്ച്1ബി വീസ ഉടമകൾക്കും ഗ്രീൻ കാർഡുകാർക്കും രാജ്യം വിട്ട് യാത്ര ചെയ്യാനുള്ള അനുമതി നിഷേധിച്ചിരിക്കുകയാണ്. വന്ദേ ഭാരത് മിഷന്റെ ഭാഗമായി എയർ ഇന്ത്യയുടെ പ്രത്യേക വിവിധ രാജ്യങ്ങളിൽ സർവീസ് നടത്തുന്നുണ്ടെങ്കിലും കോവിഡുമായി ബന്ധപ്പെട്ട യാത്രാ നിയന്ത്രണങ്ങൾ പലർക്കും തിരികെയുള്ള യാത്ര ദുർഘടമാക്കുന്നു.

കഴിഞ്ഞ മാസം ഇന്ത്യൻ സർക്കാർ ഇറക്കിയ ഉത്തരവിൽ വിദേശത്തുള്ള ഇന്ത്യക്കാരുടെയും ഒസിഐ കാർഡുകൾ(ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡ്) കൈവശമുള്ളവരുടെയും വീസകൾ പുതിയ യാത്രാ മാനദണ്ഡങ്ങൾ പ്രകാരം താൽക്കാലികമായി നീട്ടിവയ്ക്കാൻ നിർദേശിച്ചിരുന്നു.

ന്യൂജഴ്സിയിൽ താമസിക്കുന്ന പാണ്ഡേ ദമ്പതികളെ (പേര് യഥാര്‍ഥമല്ല) പോലുള്ളവർക്ക് ഇത് ഇരട്ട പ്രഹരമാണ് എച്ച്1ബി വീസയിൽ യുഎസിൽ എത്തി ജോലി നഷ്ടപ്പെട്ട ഇവർ വീസ കാലാവധി കഴിഞ്ഞ് 60 ദിവസത്തിനുള്ളിൽ രാജ്യം വിടണമെന്നാണു നിയമം. എന്നാൽ ഒന്നും രണ്ടും വയസ് പ്രായമുള്ള യുഎസിൽ ജനിച്ച കുട്ടികളാണ് ഇവർക്കുള്ളത്.

തിങ്കളാഴ്ച നാട്ടിലേക്കു മടങ്ങാനായി എയർ ഇന്ത്യ വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാൽ വിമാനത്താവളത്തിൽ എത്തിയ ഇവർക്ക് തിരിച്ചു പോകേണ്ടിവന്നു. കാരണം യുഎസ് പ‌ൗരന്മാരായതിനാൽ അവരുടെ കുട്ടികൾക്ക് എയർ ഇന്ത്യ ടിക്കറ്റ് നിഷേധിച്ചു. മാതാപിതാക്കൾ ഇന്ത്യൻ പൗരന്മാരായതിനാൽ അവർക്ക് മടങ്ങാനാകും, എന്നാൽ കുട്ടികളെ കൂടെക്കൂട്ടാൻ കഴിയില്ല.

‘എയർ ഇന്ത്യയിലെ ഉദ്യോഗസ്ഥർ വളരെയധികം സഹകരിച്ചു. എന്നാൽ ഇന്ത്യൻ സർക്കാരിന്റെ നിയന്ത്രണങ്ങൾ മാറ്റാതെ അവർക്കൊന്നും ചെയ്യാൻ കഴിയില്ലെന്നാണു പറഞ്ഞത്. മാനുഷികാടിസ്ഥാനത്തിൽ സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഞങ്ങൾ അഭ്യർഥിക്കുന്നു.’– ജോലി നഷ്ടപ്പെട്ടിട്ടും വീസ നൂലാമാലകൾ കാരണം രാജ്യം വിടാൻ കഴിയാത്ത പാണ്ഡേ ദമ്പതികൾ വാർത്താ ഏജൻസിയോടു പറഞ്ഞു. നിലവിൽ യുഎസിൽ തന്നെ തുടരാൻ അനുവദിക്കണമെന്ന് യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് എമിഗ്രേഷൻ സർവീസിൽ ആവശ്യപ്പെടാനിരിക്കയാണ് ഇവർ.

കഴിഞ്ഞ മാസം ജോലി നഷ്ടപ്പെട്ടതിനു ശേഷം 60 മുതൽ 180 ദിവസം വരെ യുഎസിൽ തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എച്ച്1ബി വീസ ഉടമകൾ വൈറ്റ്ഹൗസിനോട് അഭ്യർഥിച്ചിരുന്നു. എന്നാൽ ഇതിൽ യാതൊരു തീരുമാനവും ഇതുവരെ ഉണ്ടായിട്ടില്ല. എത്ര എച്ച്1ബി വീസ ഉടമകൾക്കു ജോലി നഷ്ടപ്പെട്ടു എന്നതിൽ കൃത്യമായ ഔദ്യോഗിക കണക്കുകളും ലഭ്യമല്ല.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ടു മാസത്തിനിടെ 33 ദശലക്ഷം യുഎസ് പ‌ൗരന്മാർക്കാണു തൊഴിൽ നഷ്ടപ്പെട്ടതെന്നാണു കണക്കുകൾ. ഇത്തരത്തിൽ തൊഴിലില്ലായ്മ രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയിലേക്കു മടങ്ങുക മാത്രമാണ് ഇന്ത്യൻ പൗരന്മാർക്ക് മുന്നിലുള്ള വഴി..

Related Articles

Back to top button