IndiaLatest

ഇരുപത്തിനാല് മണിക്കൂറില്‍ ആറായിരത്തിലേറെ കോവിഡ് കേസുകള്‍

“Manju”

സിന്ധുമോള്‍ ആര്‍

 

ന്യൂഡൽഹി ∙ ഇന്ത്യയില്‍ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 148 മരണം. ഇതോടെ ആകെ കോവിഡ് മരണം 3,583 ആയി. രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനയാണ്. 6,088 പേര്‍ക്കു പുതിയതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 1.187 ലക്ഷമായെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നാലാംഘട്ട ലോക്ഡൗണിലേക്ക് കടന്നിട്ടും രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണെന്നു കണക്കുകൾ വ്യക്തമാക്കുന്നു.

6,330 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. രോഗമുക്തി നേടിയവർ 48,534. ചൊവ്വാഴ്ച 5611 പേർക്കും ബുധനാഴ്ച 5609 പേർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. 70% കേസുകളും മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിലാണ്. സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്കനുസരിച്ച് അയ്യായിരത്തിനടുത്ത് പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 40.2% പേർ രോഗമുക്തി നേടി. ചികിൽസയിലുള്ള രോഗികളിൽ 2.9% പേർ മാത്രമാണ് തീവ്രപരിചരണ വിഭാഗത്തിലുള്ളത്.

മഹാരാഷ്ട്രയിൽ 41,642 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മരണം 1454 ആയി. തമിഴ്നാട്ടിൽ വൈറസ്ബാധ കണ്ടെത്തിയവരുടെ എണ്ണം പതിനാലായിരത്തോടടുത്തു. ഗുജറാത്തിൽ 12,910 പേർക്ക് രോഗം. ഇതിൽ പതിനായിരത്തിനടുത്ത് കേസുകളും അഹമ്മദാബാദിലാണ്. സംസ്ഥാനത്തു മരണസംഖ്യ 773 ആയി. പുതിയതായി 571 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഡൽഹിയിൽ രോഗബാധിതരുടെ എണ്ണം 11,659. രാജസ്ഥാനിൽ 212 പേർക്കും മധ്യപ്രദേശിൽ 242 പേർക്കും യുപിയിൽ 340 പേർക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. പഞ്ചാബിൽ രണ്ട് മാസം പ്രായമായ കുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചു.

Related Articles

Back to top button