KeralaLatest

കൂടുതല്‍ കൊവിഡ് രോഗികള്‍ പാലക്കാട്ട്, രണ്ടാമത് കണ്ണൂര്‍

“Manju”

പ്രജീഷ് വള്ള്യായി

തിരുവനന്തപുരം: ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ചികിത്സയിലുള്ളത് പാലക്കാട്ട് ജില്ലയില്‍. 105പേരാണ് ഇവിടെ ചികിത്സയിലുള്ളത്. തൊട്ടുപിന്നില്‍ കണ്ണൂരാണ്. 93 പേര്‍, കാസര്‍കോട് 63 എന്നിങ്ങനെയാണ് കണക്ക്. കേരളത്തില്‍ സാമൂഹ്യവ്യാപനത്തിന്റെ തുടക്കമെന്ന് വിദഗ്ധസമിതി റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തില്‍ ടെസ്റ്റിംഗ് നിരക്ക് കുത്തനെ കൂട്ടാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനമെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.

കൊവിഡിനെതിരെ ജനങ്ങള്‍ ഒരുമിച്ച് നിന്നാണ് പൊരുതുന്നത്. സാമൂഹികസന്നദ്ധ സേനയിലെ വളണ്ടിയര്‍മാര്‍ തികഞ്ഞ അര്‍പ്പണ ബോധത്തോടെ രംഗത്തുണ്ട്. പ്രാദേശിക തലത്തില്‍ പൊലിസിനൊപ്പം പട്രോളിങിലും മറ്റും അവര്‍ പങ്കാളികളാണ്. അവശ്യ മരുന്നുകളെത്തിക്കുക, ക്വാറന്റൈനില്‍ കഴിയുന്നവരെ നിരീക്ഷിക്കുക തുടങ്ങിയ സേവനങ്ങള്‍ നടത്തുന്നു.
‘വയോമിത്രം’ പ്രവര്‍ത്തനത്തിലും പങ്കാളികളാകുന്നു. ദുരന്ത പ്രതിരോധത്തില്‍ യുവജന ശക്തിയെ ഉപയോഗിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സേനയെ രൂപീകരിച്ചത്. ജനസംഖ്യയിലെ നൂറ് പേര്‍ക്ക് ഒരു വളണ്ടിയര്‍ എന്ന കണക്കില്‍ 3.40 ലക്ഷം പേരുടെ സേന രൂപീകരിക്കാനാണ് ലക്ഷ്യമിട്ടത്. 3.37 ലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തു. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സാമൂഹിക സന്നദ്ധ സേനയുടെ സാന്നിധ്യമുണ്ട്.

രോഗപ്രതിരോധത്തിന് വാര്‍ഡ് തല സമിതിയില്‍ വളണ്ടിയര്‍മാര്‍ പ്രവര്‍ത്തിക്കണം. തദ്ദേശ സ്ഥാപനങ്ങളാണ് ഇത് ഏകോപിപ്പിക്കേണ്ടത്. അഗ്‌നിരക്ഷാ സേനയ്ക്കും പൊലിസിനുമൊപ്പം പ്രവര്‍ത്തിക്കണം. പ്രായോഗിക പരിശീലനം ലഭിക്കും. പ്രത്യേക പരിശീലനം നല്‍കുന്നതിനും പദ്ധതി തയ്യാറാക്കി. കൊവിഡിന്റെ ഭാഗമായ നിയന്ത്രണങ്ങളുള്ളതിനാല്‍ ഓണ്‍ലൈന്‍ പരിശീലനം നല്‍കും. ജൂണ്‍ 15 ന് മുന്‍പ് 20000 പേര്‍ക്കും ജൂലൈയില്‍ 80000 പേര്‍ക്കും ആഗസ്റ്റില്‍ ഒരു ലക്ഷം പേര്‍ക്കും പരിശീലനം നല്‍കും.
മഴക്കാല കെടുതി നേരിടാനും സേനയുടെ സേവനം ഉപയോഗിക്കും. ഞായറാഴ്ചത്തെ ശുചീകരണത്തില്‍ സന്നദ്ധസേനയും രംഗത്തുണ്ടാകും. 2018 ലെ പ്രളയത്തിലും 2019 ലെ കാലവര്‍ഷക്കെടുതിയിലും യുവജനങ്ങളുടെ പ്രവര്‍ത്തനം പ്രശംസ നേടിയിരുന്നു. ഈ അനുഭവത്തിന്റെ കൂടി സാഹചര്യത്തിലാണ് സന്നദ്ധസേനയെ ഉണ്ടാക്കിയത്. ഇത് മാതൃകയാവും. സേവന തത്പരരായി പ്രവര്‍ത്തിക്കുന്ന എല്ലാവരെയും അഭിവാദ്യം ചെയ്യുന്നു. ഇവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാനാവുമോ എന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related Articles

Back to top button