IndiaLatest

വേഗപരിധി ലംഘിക്കുന്നവരെ തടയാന്‍ ‘തോക്കുമായി’ ട്രാഫിക് പോലീസ്

“Manju”

ചെന്നൈ : വാഹനങ്ങള്‍ വേഗപരിധി ലംഘിച്ച്‌ പായുന്നത് തടയാന്‍ ‘തോക്കുമായി’ ചെന്നൈ ട്രാഫിക് പോലീസ്. ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളുടെ വേഗം സ്പീഡ് ഗണ്ണു കൊണ്ട് പരിശോധിക്കുന്ന നടപടിയാണ് തുടങ്ങിയത്. പുതിയ വേഗപരിധി പ്രാബല്യത്തില്‍ വന്നതോടെയാണ് അതിവേഗം തടയാന്‍ നടപടി കര്‍ശനമാക്കിയത്. ഒറ്റദിവസം 1.21 ലക്ഷം രൂപ പിഴ ലഭിച്ചു.

ശനിയാഴ്ചയാണ് പുതിയ വേഗപരിധി നിലവില്‍ വന്നത്. ആദ്യ ദിവസം നടത്തിയ പരിശോധനകളില്‍ 121 പേരാണ് കുടുങ്ങിയത്. ഇതില്‍ 117 പേരും ഇരുചക്രവാഹനങ്ങളില്‍ എത്തിയവരായിരുന്നു. ബാക്കിയുള്ളവര്‍ കാര്‍ യാത്രികരും. 1000 രൂപയാണ് ഇരുചക്രവാഹനങ്ങള്‍, കാറുകള്‍ എന്നിവ അമിത വേഗത്തില്‍ ഓടിച്ചാലുള്ള പിഴ. ശനിയാഴ്ച മാത്രം 1.21 ലക്ഷം രൂപ പിഴയായിലഭിച്ചു. ഭാരം കൂടിയ വാഹനങ്ങള്‍ക്ക് അതിവേഗത്തിന് 2,000 രൂപ പിഴ ഈടാക്കും.

നഗരത്തില്‍ ഇരുചക്രവാഹനങ്ങള്‍ക്ക് മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗം വരെയാകാം. കാറുകള്‍ തുടങ്ങിയ ഭാരം കുറഞ്ഞ നാല് ചക്ര വാഹനങ്ങളുടെ വേഗ പരിധി 60 കിലോമീറ്ററാണ്. ഓട്ടോ റിക്ഷകളുടെ വേഗത പരിധി 40 കിലോമീറ്ററുമാണ്. പാര്‍പ്പിട മേഖലയില്‍ എല്ലാ വാഹനങ്ങള്‍ക്കുമുള്ള വേഗപരിധി 30 കിലോമീറ്ററാണ്. മുമ്പ് പകല്‍ സമയത്തെ വേഗപരിധിയും രാത്രിയിലെ വേഗപരിധിയും വ്യത്യസ്തമായിരുന്നു. എന്നാല്‍ ഇപ്പോള്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ ഒരേ പരിധിയാണ് നിശ്ചിയിച്ചിരിക്കുന്നത്.

Related Articles

Back to top button