KeralaLatest

ജെറ്റ് എയർവേയ്സ് ഏറ്റെടുക്കാൻ യുവ മലയാളിയുടെ നേതൃത്വത്തിൽ കൺസോർഷ്യം

“Manju”

 

കൊച്ചി• കടുത്ത സാമ്പത്തികപ്രസിന്ധിയെ തുടർന്ന് പ്രവർത്തനം നിർത്തിവച്ചിട്ടുള്ള ജെറ്റ് എയർവേയ്സ് ഏറ്റെടുക്കാനൊരുങ്ങി യുവ മലയാളി വ്യവസായിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം. പത്തനംതിട്ട ജില്ലയിലെ തിരുവല്ലയ്ക്കടുത്ത് കുമ്പനാട് സ്വദേശി ഗ്ലാഡ്സൺ സാബു വർഗീസ് സിഇഒ ആയ കൺസോർഷ്യമാണ് വിമാനക്കമ്പനി ഏറ്റെടുക്കുന്നതിനായി രംഗത്തുള്ളത്. വ്യോമ മേഖലയിൽ പരിചയമുള്ളവർ ഉൾപ്പെടുന്ന യുഎസ്, സിംഗപ്പൂർ, ദക്ഷിണാഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപകരാണ് കൺസോർഷ്യത്തിൽ അംഗങ്ങളായുള്ളതെന്ന് ഗ്ലാഡ്സൺ മനോരമ ഓൺലൈനോടു പറഞ്ഞു. ഇദ്ദേഹത്തെ കൂടാതെ ഇപ്പോൾ പേരു വെളിപ്പെടുത്താൻ താൽപര്യമില്ലാത്ത മറ്റൊരു മലയാളി കൂടി കൺസോർഷ്യത്തിൽ അംഗമാണ്.

നിലവിൽ വിമാനക്കമ്പനിയെ ഏറ്റെടുക്കാൻ തയാറായി 12 കമ്പനികളാണ് താൽപര്യപത്രം സമർപ്പിച്ചിട്ടുള്ളത്. ഇവരിൽ നിന്നും ലേലത്തിൽ പങ്കെടുക്കാൻ യോഗ്യതയുണ്ടെന്ന് കണ്ടെത്തിയ നാലു കമ്പനികളുടെ പ്രൊവിഷണൽ പട്ടിക ഇന്നലെ പുറത്തുവിട്ടിരുന്നു. ഇതിൽ മലയാളികൾ ഉൾപ്പെട്ട കൺസോർഷ്യം ഉൾപ്പെട്ടിട്ടില്ല. ലോക്ഡൗൺ പശ്ചാത്തലത്തിൽ ഡോക്കുമെന്റേഷൻ പൂർണമാകാതിരുന്നതിനെ തുടർന്നാണ് പട്ടികയിൽ നിന്ന് പുറത്തായതെന്നാണ് ലഭിക്കുന്ന വിവരം. ഏഴാം തീയതിയാണ് അന്തിമ പട്ടിക പുറത്തു വരിക. ഇതിനു മുന്നോടിയായി രേഖകൾ കൃത്യമാക്കി സമർപ്പിക്കുന്നതിനുള്ള തയാറെടുപ്പിലാണ് ഇവർ.

യുകെയിൽ നിന്നുള്ള കാൾറോക് ക്യാപിറ്റൽ പാർട്നേഴ്സ്, അബുദബിയിൽ നിന്നുള്ള ഇംപീരിയൽ ക്യാപിറ്റൽ ഇൻവസ്റ്റേഴ്സ്, ഹരിയാന കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫ്ലൈറ്റ് സിമുലേഷൻ ടെക്നിക് സെന്റർ പ്രൈവറ്റ് ലിമിറ്റഡ്, മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബിഗ് ചാർട്ടർ പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ കമ്പനികളാണ് നിലവിൽ പ്രൊവിഷണൽ ലിസ്റ്റിലുള്ളത്. അതേസമയം ദക്ഷിണ അമേരിക്കൻ കമ്പനിയായ സിനർജി ഗ്രൂപ്പ് ഉൾപ്പടെയുള്ളവർ പട്ടികയിൽ വരുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ലോക്ഡൗൺ മൂലം കൃത്യസമയത്ത് ഇവർക്കും പൂർണമായും രേഖകൾ സമർപ്പിക്കാൻ സാധിച്ചിട്ടില്ല. വരും ദിവസം ഇവരും ലേലത്തിനുള്ള പട്ടികയിൽ സ്ഥാനം പിടിക്കും എന്നാണ് കരുതുന്നത്.
ആഗോള തലത്തിൽ എയർലൈൻ വ്യവസായം കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ കുറഞ്ഞ വിലയ്ക്ക് കമ്പനി ഏറ്റെടുക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഒരു മാസം മുൻപ് കൺസോർഷ്യം ലേലനടപടികൾക്കായി രംഗത്തെത്തിയത്. സിനർജി ഡിസംബറിൽ 3,400 കോടി രൂപയ്ക്ക് 49 ശതമാനം ഓഹരി വാങ്ങുന്നതിന് രംഗത്തെത്തിയിരുന്നെങ്കിലും വിദേശ കമ്പനിയായതിനാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. പുതിയ സാഹചര്യത്തിൽ ഇതിലും താഴെയുള്ള വിലയിൽ കമ്പനിക്ക് ഓഹരികൾ വിൽക്കേണ്ടി വരുമെന്നാണ് വിലയിരുത്തൽ.
2019 ഏപ്രിൽ 18ന് പ്രവർത്തനം അവസാനിപ്പിച്ച ജെറ്റ് എയർവേയ്സ് 2019 ഏപ്രിൽ 20ന് തന്നെ നാഷനൽ കമ്പനി ലോ ട്രിബ്യൂണൽ മുംബൈ ബെഞ്ചിനു മുൻപാകെ പാപ്പരത്ത നപടിക്ക് തുടക്കമിട്ടിരുന്നു. കമ്പനിയുടെ 11 ഫ്ലൈറ്റുകളാണ് നിലവിൽ ഉപയോഗ്യമായ നിലയിലുള്ളത്. ഇതിൽ പത്തെണ്ണം ഇന്ത്യയിലും ഒരെണ്ണം ആംസ്റ്റർഡാമിലുമാണുള്ളത്.

കമ്പനി ഏറ്റെടുക്കാൻ സാധിച്ചാൽ ആദ്യ ഘട്ടത്തിൽ ആഭ്യന്തര സർവീസുകളായിരിക്കും ലക്ഷ്യമിടുന്നതെന്ന് ഗ്ലാഡ്സണ‍് വർഗീസ് പറഞ്ഞു. തുടർന്ന് രണ്ടു വർഷത്തിനു ശേഷം രാജ്യാന്തര സർവീസുകളും ആരംഭിക്കും. കേരളത്തിലെ ഒരു വിമാനത്താവളത്തെ ഹോംവിമാനത്താവളമാക്കിക്കൊണ്ട് പ്രവർത്തിക്കുന്നതിനാണ് താൽപര്യമെന്നും തിരുവനന്തപുരമോ കൊച്ചിയോ തിരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
നരേഷ് ഗോയല്‍ എന്ന പഞ്ചാബ് സ്വദേശി 1993 ലാണ് ജെറ്റ് എയര്‍വേസ് വിമാന കമ്പനി ആരംഭിക്കുന്നത്. ഒരുകാലത്ത് രാജ്യത്തെ ഏറ്റവും ലാഭത്തിൽ പ്രവർത്തിച്ചിരുന്ന വിമാനക്കമ്പനിയായിരുന്നു ഇത്. 124 വിമാനങ്ങളുമായി ഇന്ത്യയിലെ രണ്ടാമത്തെ വലിയ കമ്പനിയായിരുന്നു. അറ്റകുറ്റ പണികള്‍ക്കായി 24 വിമാനങ്ങള്‍ സര്‍വീസില്‍ നിന്ന് പിന്‍വലിച്ചതോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുകയും കടം വര്‍ധിക്കുകയുമായിരുന്നു. തുടർന്ന് ജീവനക്കാരുടെ ശമ്പള വിതരണം പോലും മുടങ്ങി സ്ഥാപനം തകർച്ചയിലാകുകയായിരുന്നു.

Related Articles

Back to top button