IndiaKeralaLatest

പോസ്റ്റർ വിൽക്കുന്നതും ആറ്റില്‍ ഒഴുക്കുന്നതും വട്ടിയൂർക്കാവിലെ സ്ഥിരംപരിപാടി: കെ. മുരളീധരൻ

“Manju”

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ പുനഃസംഘടന വേണമെന്ന ആവശ്യത്തോട് യോജിക്കുന്നു എന്ന് കെ മുരളീധരന്‍. എന്നാല്‍ ഇത് തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ആലോചിക്കേണ്ട കാര്യമാണെന്നും മുരളീധരൻ പറഞ്ഞു. പുനഃസംഘടനാ തിരഞ്ഞെടുപ്പ് വേണമെന്ന കെ സുധാകരന്റെ ആവശ്യത്തില്‍ പ്രതികരിക്കുകയായിരുന്നു എം.പി.തിരഞ്ഞെടുപ്പിന്‍റെ പേരിൽ സംഘടനാ തിരഞ്ഞെടുപ്പ് മാറ്റില്ലെന്ന് രാഹുൽ ഗാന്ധി ഉറപ്പ് നൽകിയിട്ടുണ്ട്. കേരളത്തിൽ ബൂത്ത് തലം മുതൽ തിരഞ്ഞെടുപ്പ് നടത്തി തിരഞ്ഞെടുപ്പെട്ട അധ്യക്ഷനാണ് ഇനി വരേണ്ടതെന്നും കെ. മുരളീധരൻ കൂട്ടിച്ചേർത്തു.
പ്രവർത്തിക്കാത്ത നേതാക്കളും പ്രവർത്തകരും കോൺഗ്രസിന് ബാധ്യതയാണെന്നും തെരുവില്‍ അടി നടക്കുമെന്ന് കരുതി സംഘടനാ തിരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ കഴിയില്ലെന്നും കെ. മുരളീധരൻ എം.പി. കൂട്ടിചേര്‍ത്തു.
വട്ടിയൂര്‍കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണ എസ് നായരുടെ പോസ്റ്ററുകള്‍ ആക്രിക്കടയില്‍ വിറ്റ സംഭവത്തിലും മുരളീധരന്‍ രൂക്ഷമായി പ്രതികരിച്ചു. പോസ്റ്റർ വിൽക്കുന്നതും പുഴയിൽ ഒഴുക്കുന്നതും വട്ടിയൂർക്കാവിലെ സ്ഥിരംപരിപാടിയാണ്.
ഇത്തവണ അത് ആക്രിക്കടയില്‍ വിറ്റത് കൊണ്ട് കണ്ടുപിടിച്ചതാണെന്നും കഴിഞ്ഞ തവണ തന്റെ പോസ്റ്റര്‍ കരമന ആറ്റില്‍ ഒഴുക്കുകയാണ് ചെയ്തതെന്നും മുരളീധരന്‍ തുറന്നടിച്ചു. എന്തൊക്കെ സംഭവിച്ചാലും വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്നും മുരളീധരന്‍ കൂട്ടിചേര്‍ത്തു.
“നേമത്തും വട്ടിയൂര്‍കാവിലും വിജയിക്കും. വട്ടിയൂര്‍ക്കാവില്‍ ചില സ്ഥിരം കുറ്റികള്‍ ഉണ്ട്. പാര്‍ട്ടി അന്വേഷണത്തില്‍ അത് തെളിയും. യുഡിഎഫ് വിജയിക്കേണ്ട മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. ഇത്തവണയും വിജയിക്കും എന്ന് തന്നെയാണ് പ്രതീക്ഷ.’” കെ മുരളീധരന്‍ പറഞ്ഞു.

Related Articles

Back to top button