KeralaLatest

ഡ്രഗ്‌സ് കണ്‍ട്രോളര്‍ നിയമനം മാനദണ്ഡങ്ങള്‍ മറികടന്ന്

“Manju”

ശ്രീജ.എസ്

 

തിരുവനന്തപുരം: യോഗ്യതയും മാനദണ്ഡങ്ങളും മാറ്റി നിര്‍ത്തിയ സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍ നിയമനം. സ്‌പെഷ്യല്‍ റൂള്‍ പ്രകാരമുള്ള യോഗ്യതയും സര്‍വീസ് സീനിയോറിട്ടിയുമുള്ള രണ്ടുപേരെ തഴഞ്ഞാണ് പൂര്‍ണ അധിക ചുമതലയോടെ പുതിയ ഡ്രഗ്‌സ് കണ്‍ട്രോളറെ നിയമിച്ചിരിക്കുന്നത്. ഡ്രഗ്‌സ് കണ്‍ട്രോളറായിരുന്ന രവി എസ്. മേനോന്‍ വിരമിച്ചശേഷം ഡെപ്യൂട്ടി ഡ്രഗ്‌സ് കണ്‍ട്രോളറായ പി. പ്രകാശ് ബാബുവിന് ഡ്രഗ്‌സ് കണ്‍ട്രോളറുടെ ചുമതല നല്‍കിയിരുന്നു. പ്രകാശ്ബാബു മെയ് 31ന് വിരമിച്ചതോടെയാണ് അസി. കണ്‍ട്രോളറായ കെ.ജെ. ജോണിനെ ചട്ടങ്ങള്‍ ലംഘിച്ച്‌ ഡ്രഗ്‌സ് കണ്‍ട്രോളറായി നിയമിച്ചിരിക്കുന്നത്. സ്‌പെഷല്‍ റൂള്‍ പ്രകാരം ഡെപ്യൂട്ടി ഡ്രഗ്‌സ് കണ്‍ട്രോളര്‍ അല്ലെങ്കില്‍ ചീഫ് ഗവണ്‍മെന്റ് അനലിസ്റ്റ് എന്നിവരാണ് ഈ തസ്തികയിലേക്ക് പരിഗണിക്കേണ്ടത്.

ചീഫ് ഗവണ്‍മെന്റ് അനലിസ്റ്റായി 12 വര്‍ഷം സര്‍വീസുള്ള ഒരാളും മൂന്നുവര്‍ഷം സര്‍വീസുള്ള മറ്റൊരാളും ഉള്ളപ്പോഴാണ് ഇവരെ തഴഞ്ഞ് ഈ നിയമനം. സ്‌പെഷ്വല്‍ റൂള്‍ പ്രകാരം കെ.ജെ. ജോണിന് ഈ തസ്തികയില്‍ മതിയായ യോഗ്യതയില്ല. അദ്ദേഹം ഇപ്പോഴും അസി. ഡ്രഗസ് കണ്‍ട്രോളറാണ്. ഈ തസ്തികയുടെ പ്രമോഷന്‍ പോസ്റ്റാണ് ഡെപ്യൂട്ടി ഡ്രഗ്‌സ് കണ്‍ട്രോളര്‍. സംസ്ഥാനത്ത് രണ്ട് ഡെപ്യൂട്ടി ഡ്രഗ്‌സ്‌കണ്‍ട്രോളര്‍ തസ്തികയാണുള്ളത്. ഡി.പി.സി കൂടാത്തതിനാല്‍ ഈ രണ്ട് തസ്തികയും ഒഴിഞ്ഞു കിടക്കുകയാണ്.
താമസിയാതെ കെ.ജെ. ജോണ്‍ ഡെപ്യൂട്ടി ഡ്രഗ്‌സ് കണ്‍ട്രോളറാകുമെങ്കിലും പ്രമോഷന്‍ ലഭിക്കാന്‍ ഡി.പി.സി ചേര്‍ന്നിട്ടില്ല. ഡി.പി.സി ചേര്‍ന്ന് ഡെപ്യൂട്ടി ഡ്രഗ്‌സ് കണ്‍ട്രോളര്‍ പ്രമോഷന്‍ കിട്ടിയാലും ആറുമാസം അദ്ദേഹം പ്രൊബേഷനിലായിരിക്കും.

അത് കഴിഞ്ഞാലേ ഡ്രഗ്‌സ് കണ്‍ട്രോളര്‍ തസ്തികയിലേക്ക് പരിഗണിക്കാനാകൂ എന്നാണ് സര്‍വീസ് ചട്ടം. അപ്പോഴും യോഗ്യതയും സര്‍വീസ് സീനിയോറിറ്റിയുമുള്ള ആള്‍ മുകളില്‍ ഉണ്ടാകാന്‍ പാടില്ല. സര്‍വീസ് സീനിയോറിറ്റിയുള്ള രണ്ടുപേരുണ്ട്. ഇതെല്ലാം ലംഘിച്ചാണ് ഇപ്പോഴത്തെ നിയമനം. ചീഫ് ഗവണ്‍മെന്റ് അനലിസ്റ്റായ രണ്ടും ഇതിനെതിരെ നിയമനടപടിയിലേക്ക് കടന്നിരിക്കുകയാണ്. ഇവരില്‍ 12 വര്‍ഷം സീനിയോറിറ്റിയുള്ള വ്യക്തിക്ക് വിരമിക്കാന്‍ ഇനി ഒരുവര്‍ഷമേയുള്ളൂ.

Related Articles

Back to top button