KeralaLatest

‘കേര’യുടെ വിതരണച്ചുമതല റിലയൻസിന്

“Manju”

ശ്രീജ.എസ്

 

തോപ്പുംപടി: സംസ്ഥാന സർക്കാർ സ്ഥാപനമായ കേരാഫെഡിന്റെ ഉത്പന്നമായ കേര വെളിച്ചെണ്ണയുടെ വിതരണ ചുമതലക്കാരായി റിലയൻസ് എത്തിയതോടെ ചെറുകിട കച്ചവടക്കാർ പ്രതിസന്ധിയില്‍.

സംസ്ഥാനത്ത് നല്ല ഡിമാൻഡുള്ള കേര വെളിച്ചെണ്ണയ്ക്ക് 125 വിതരണക്കാരാണുണ്ടായിരുന്നത്. ഏതാണ്ട് 38,000 ചെറുകിട കച്ചവടക്കാർ വഴിയാണ് ഇത് വിൽപ്പന നടത്തിയിരുന്നത്. ചെറുകിട കച്ചവടക്കാർക്ക് ഒമ്പത് ശതമാനം ലാഭം കിട്ടുന്ന രീതിയിലായിരുന്നു വിതരണം. എന്നാൽ കേരയുടെ വിൽപ്പന ചുമതല റിലയൻസിനെ കൂടി ഏൽപ്പിക്കാനുള്ള കേരാഫെഡിന്റെ തീരുമാനം ചെറുകിടക്കാർക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. 14 ശതമാനം മാർജിനാണ് ഈ ഉത്പന്നത്തിന് കേരഫെഡ് നൽകുന്നത്.

റിലയൻസിന് സ്വന്തം ഔട്ട്‌ലെറ്റുകളും ഓൺലൈൻ വിപണന സംവിധാനവുമുള്ളതിനാൽ കുറഞ്ഞ വിലയ്ക്ക് നേരിട്ട് ഉപഭോക്താവിന് നൽകാനാവും. ചെറുകിടക്കാർക്ക് ഇവരുമായി മത്സരിച്ച് നിൽക്കാനാവില്ല. ലോക്ഡൗൺ കാലത്താണ് ഇത് വലിയ തിരിച്ചടിയായത്. റിലയൻസ് കമ്പനി, കേര വെളിച്ചെണ്ണ ഉൾപ്പെടെയുള്ള വസ്തുക്കൾക്ക് വലിയ രീതിയിൽ മാർജിൻ കുറച്ച് വിൽപ്പന നടത്തി. എന്നാൽ, ഇതിനനുസരിച്ച് വില കുറയ്ക്കാൻ ചെറുകിടക്കാർക്ക് കഴിയാതായി. ചെറുകിട കച്ചവടക്കാർ കളം വിടേണ്ട സ്ഥിതിയാണെന്ന് കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു.

റിലയൻസ് പോലുള്ള വൻ കമ്പനികൾക്ക് വിതരണ ചുമതല നൽകുമ്പോൾ, കേരളത്തിലെ ചെറുകിട മേഖല തകർന്നു പോകുമെന്നും ഇക്കാര്യത്തിൽ ചെറുകിടക്കാരെ കൂടി ചേർത്ത് നിർത്തുന്നതിന് സർക്കാർ സംവിധാനമൊരുക്കണമെന്നും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.

Related Articles

Back to top button