KeralaLatestVideos

ഞങ്ങൾക്കും ചിലത് പറയാനുണ്ട്

“Manju”

ആർഷ രമണൻ

ലോക്ഡൌൺ കാലത്ത് ചീഞ്ഞ മത്സ്യം വിൽക്കുന്ന വാർത്തകൾ നമ്മൾ ദിവസവും കേൾക്കുന്നു. മലയാളിയുടെ മീൻ കൊതി മനസിലാക്കി തന്നെയാണ് തമിഴ്നാട്ടിൽ നിന്നും മാസങ്ങൾ പഴക്കമുള്ള മത്സ്യം കേരളത്തിലേക്ക് എത്തുന്നത്. എന്നാൽ ഇവിടെ ആരാലും ശ്രദ്ധിക്കപെടാതെ പോകുന്ന ഒരു വിഭാഗം ഉണ്ട്. ചെറുകിട മീൻ വില്പനക്കാർ.കേരളത്തിൽ ചീഞ്ഞ മീനിന്റെ ചാകരയെന്നും,ടൺ കണക്കിന് പഴകിയ മത്സ്യം പിടിച്ചെടുത്ത വാർത്തകളും നമ്മൾ കേൾക്കുന്നു.. കാണുന്നു.

 

മത്സ്യ ദൗർലഭ്യം മുതലെടുത്തു അന്യ സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന മത്സ്യം വലിയ വില കൊടുത്തു വാങ്ങുമ്പോൾ ഇതിന്റെ ഗുണമേന്മയിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്.എന്നാൽ കടലിൽ പോകുന്നവരെ കൂടാതെ തല ചുമടായി മത്സ്യം വിൽക്കുന്നവരും, ഇരു ചക്രവാഹനങ്ങളിൽ മത്സ്യം വിൽക്കുന്നവരും ഇവിടെ ഉണ്ട്. ഒരു വിഭാഗം ചെയ്യുന്ന പ്രവർത്തികൾക്ക് ബലിയാടാകേണ്ടി വരുന്നത് ഇവരെ പോലെയുള്ള ചെറുകിട മത്സ്യ വിൽപ്പനക്കാർ ആണ്. ഇവരാകട്ടെ മുഴു പട്ടിണിയിലുമാണ്..ഈ അന്വേഷണം ശാന്തിഗിരി ന്യൂസിനെ എത്തിച്ചത് കൊട്ടാരക്കര മാർക്കറ്റിൽ ആണ്. ഇവിടുത്തെ മത്സ്യ മൊത്ത വ്യാപാരികളിൽ നിന്നും അഴുകിയതും പഴകിയതുമായ മത്സ്യം പിടിച്ചെടുത്ത വാർത്തയും നമ്മൾ കണ്ടിരുന്നു.എന്നാൽ ഇവിടുത്തെ ചെറുകിട മത്സ്യ വില്പനക്കാർക്കും ചിലത് പറയാനുണ്ട്.പറയുന്ന വില കൊടുത്തു മൊത്ത വ്യാപാരികളിൽ നിന്നും കൊണ്ട് വരുന്ന 2000 രൂപ വരെയുള്ള മീനുകൾ പരിശോധനക്കെന്ന് പറഞ്ഞു ഉദ്യോഗസ്ഥർ ഇവിടെ നിന്ന് കൊണ്ട് പോവുകയും ഒടുവിൽ പരിശോധനഫലവും ഇല്ല, മീനും ഇല്ലാത്ത അവസ്ഥയാണ് തങ്ങളുടേതെന്നും ഇവർ പറയുന്നു. തങ്ങളുടെ അവസ്ഥ തുറന്നു പറയുവാൻ പേടിയുണ്ടെന്നും എന്നാൽ ഇത്തരത്തിൽ മുന്നോട്ട് പോയാൽ ജീവിക്കാൻ യാതൊരു നിവർത്തിയും മുന്നിലില്ല എന്നും ഇവർ ശാന്തിഗിരി ന്യൂസിനോട് പറഞ്ഞു.പിടിക്കപെടുന്ന മുഴുവൻ മത്സ്യങ്ങളും തമിഴ്നാട്ടിൽ നിന്നും എത്തുന്നതാണെന്നും യാതൊരു രേഖകളും ഇല്ലാതെ എത്തുന്ന ഇത്തരം വാഹനങ്ങൾ അതിർത്തി കടന്ന് എങ്ങനെ ഇവിടെ എത്തുന്നുവെന്നും ഇവർ ചോദിക്കുന്നു.സർക്കാർ നേരിട്ട് നടത്തുന്ന അന്തി പച്ചയിലൂടെ ഫ്രോസ്ചെയ്ത മീനുകൾ വിൽപ്പനക്കായി എത്തുമ്പോൾ അതാരും കാണാതെ പോകുന്നു എന്നും,തങ്ങളെ മാത്രം വേട്ടയാടുന്നത് എന്ത് കൊണ്ടെന്നും ഇവർ ചോദിക്കുന്നു.

ചെറുകിട മത്സ്യ തൊഴിലാളികൾക്ക് മത്സ്യം മാർക്കറ്റിൽ എത്തിക്കാൻ ന്യായ വില ഉറപ്പാക്കാൻ ഇടപെടലുകൾ ഉണ്ടാകണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. ദാരിദ്ര്യം നിറഞ്ഞ ഈ മത്സ്യ ബന്ധന വർഷത്തിൽ കോവിഡ് കൂടി വിരുന്നെത്തിയതോടെ പുക ഉയരാത്ത അടുപ്പുകളാണ് ഭൂരിഭാഗം മത്സ്യ തൊഴിലാളി കൂരകളിളെയും ചിത്രം. അതിന്റ തീരാത്ത അമർഷം അവർക്ക് ഭരണ കൂടത്തോടും ഉദ്യോഗസഥരോടുമുണ്ട്. ആശ്വാസ നടപടികളുമായി സർക്കാർ മുന്നോട്ട് പോകുമ്പോഴും ഈ വിഭാഗത്തെ പരിഗണിച്ചിട്ടേ ഇല്ല. ആറു മാസത്തിലേറെയായി ദുരിതത്തിന് ശമനം ഇല്ലാതെ ആയതോടെ ഇവരുടെ പ്രതിഷേധം കനക്കുകയാണ്.തങ്ങളോളം പട്ടിണിയിൽ കഴിയുന്ന മറ്റൊരു വിഭാഗം ഇല്ലെന്നും കോരന് കഞ്ഞി കുമ്പിളിൽ തന്നെയെന്നും ഇവർ പറയുന്നു. അധികാരപ്പെട്ടവർ തങ്ങളുടെ കൂരകൾ സന്ദർശിച്ചു വസ്തുത നേരിട്ട് മനസിലാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. മത്സ്യ തൊഴിലാളികളിലെ ഇത്തരം വിഭാഗക്കാർ പറയുന്നതിലെ വസ്തുത എന്തെന്നും, അതിൽ സത്യം ഉണ്ടെങ്കിൽ നിയമ പരിരക്ഷകളോ സഹായപദ്ധതികളോ വേണ്ടും വിധം ലഭ്യമാക്കേണ്ടതുമാണ്. ഒരു കാറ്റിലോ കടൽക്ഷോഭത്തിലോ ഒക്കെ വേരറ്റു പോകാവുന്ന കൂരകളിൽ അധിവസിക്കുന്ന മഹാഭൂരിഭാഗം മത്സ്യ തൊഴിലാളികളുടെ ജീവിതത്തിന്റെ കരുവാളിപ്പ് ഇനിയും നമ്മൾ കാണാതെ പോകരുത്. ലഭ്യമാകുന്ന മത്സ്യത്തിന്റെ മൂല്യം ഇന്ധനത്തിന്റെ ചിലവ്, ബോട്ടുടമയുടെയോ ഇടനിലക്കാരന്റെയോ ഒക്കെ ലാഭ വിഹിതങ്ങളിൽ ചെന്ന് പെട്ടിട്ടുമാകാം ചിലപ്പോൾ വാങ്ങുന്നവന്റെ മേൽ വിലക്കനം തീർക്കുന്നത്. ഇതിനൊരു അറുതി വരുത്തുവാൻ അധികാരപെട്ടവർ കാര്യക്ഷമമായി തന്നെ ഇടപെടണം

 

Related Articles

Back to top button