KeralaLatestThiruvananthapuram

എ.ടി.എം കുത്തിതുറന്ന് മോഷണശ്രമം, പാറശാലയില്‍ രണ്ട് പേര്‍ പൊലീസ് പിടിയില്‍

“Manju”

സിന്ധുമോള്‍ ആര്‍

പാറശാല: കൊവിഡ് കാലത്ത് എ.ടി.എം കവര്‍ച്ചാശ്രമം ഉള്‍പ്പെടെ നിരവധി മോഷണങ്ങള്‍ നടത്തിയ രണ്ടു പേരെ പാറശാല പൊലീസ് പിടികൂടി.ചെങ്കല്‍ മര്യാപുരം നെടിയവിള വി.ആര്‍ ഭവനില്‍ വിനിഷ് (18), നെയ്യാറ്റിന്‍കര ഇരുമ്പില്‍ കാണി വിളവീട്ടില്‍ വിജിഷ് (21) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ഏപ്രില്‍ 7 ന് രാത്രിയില്‍ ഉദിയന്‍കുളങ്ങര എസ്.ബി.ഐക്ക് മുമ്പിലുള്ള എ.ടി.എമ്മില്‍ കവര്‍ച്ചാശ്രമം നടത്തിയ കേസിലാണ് ഇവ‌ര്‍ പിടിയിലായത്.
എ.ടി.എമ്മിലെ കവര്‍ച്ചാശ്രമത്തില്‍ അന്വേഷണം നടന്നുവരുന്നതിനിടെ ഫെബ്രുവരി 2 ന് ഇതേ സ്ഥലത്ത് സ്വകാര്യ വ്യക്തിയുടെ ബൈക്കും ഇവര്‍ മോഷ്ടിച്ച്‌ കടന്നു. തുടര്‍ച്ചയായ മോഷണങ്ങളില്‍ പൊലീസ് പൊറുതിമുട്ടിയിരിക്കുമ്പോഴാണ് ആറയൂരിലെ പച്ചക്കറി ചില്ലറ വില്‍പ്പനക്കാരിയുടെ മാല കവര്‍ന്നത്. സാധനങ്ങള്‍ വാങ്ങാനെന്ന രീതിയില്‍ അടുത്തെത്തി അവരുടെ കണ്ണില്‍ മുളക് പൊടി വിതറി മാല കവര്‍ന്ന് രക്ഷപ്പെടുകയായിരുന്നു. മോഷ്ടാക്കളുടെ ഫോട്ടോ പരിസരത്തെ സഹകരണ ബാങ്കിന്റെ സി.സി.ടി.വിയില്‍ നിന്നും വ്യക്തമായി. എ.ടി.എം കവര്‍ച്ചാശ്രമത്തിന് പിന്നിലും മാലപൊട്ടിക്കലിലും ഒരേ സംഘം തന്നെയാണെന്ന് വ്യക്തമായതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി.അനില്‍ കുമാറിന്റെയും സി.ഐ.റോബര്‍ട്ട് ജോണിന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് മോഷ്ടാക്കളെ പിടികൂടിയത്. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു.

Related Articles

Back to top button