IndiaLatest

കോവിഷീല്‍ഡ്-കോവാക്‌സിന്‍ ‘മിക്‌സ്’ പഠനത്തിന് അനുമതി

“Manju”

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്സിനുകളായ കോവാക്സിനും കോവിഷീല്‍ഡും ഇടകലര്‍ത്തി പഠനം നടത്തുന്നതിന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) അംഗീകാരം നല്‍കി. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിലാകും ഇതിന്റെ പഠനവും ക്ലിനിക്കല്‍ പരീക്ഷണവും നടത്തുക. കോവിഷീല്‍ഡും കോവാക്സിനും ഇടകലര്‍ത്തി പഠനം നടത്തുന്നതിന് സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ വിദഗ്ദ്ധ സമിതി ശുപാര്‍ശ നല്‍കിയിരുന്നു. വെല്ലൂരില്‍ 300 സന്നദ്ധപ്രവര്‍ത്തകരിലാണ് പഠനം നടത്തുക. ഒരാള്‍ക്ക് രണ്ട് വ്യത്യസ്ത ഡോസുകള്‍ നല്‍കുന്നത് ഫലപ്രാപ്തിയുണ്ടാകുമോ എന്നതാണ് പരീക്ഷണത്തിലൂടെ ലക്ഷ്യമിടുന്നത്. ഒരു ഡോസ് കോവിഷീല്‍ഡും അടുത്ത ഡോസ് കോവാക്സിനുമാണ് കുത്തിവെക്കുക.

കോവിഡിനെതിരേ ഒരേ വാക്സിന്റെ രണ്ടു ഡോസ് എടുക്കുന്നതിനെക്കാള്‍ വെവ്വേറെ വാക്സിനുകളുടെ ഓരോ ഡോസു വീതം സ്വീകരിക്കുന്നത് പ്രതിരോധശേഷി കൂട്ടുമെന്ന് ഐസിഎംആര്‍ പഠനം വ്യക്തമാക്കിയിരുന്നു. ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ഥ് നഗറില്‍ അബദ്ധവശാല്‍ 18 പേര്‍ക്ക് വെവ്വേറെ വാക്സിനുകളുടെ രണ്ടു ഡോസ് നല്‍കിയതിനെത്തുടര്‍ന്ന് ഇവരടക്കം 98 പേരിലാണ് ഐ.സി.എം.ആര്‍. പഠനം നടത്തിയിരുന്നത്.

Related Articles

Back to top button