InternationalLatest

ബ്രിട്ടീഷ് നടന്‍ ഇയാന്‍ ഹോം അന്തരിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

 

ലണ്ടന്‍ : പ്രശസ്ത ബ്രിട്ടീഷ് നടന്‍ ഇയാന്‍ ഹോം അന്തരിച്ചു. 88 വയസായിരുന്നു. ലണ്ടനിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ‘ ദ ഹോബിറ്റ്’, ‘ ദ ലോര്‍ഡ് ഒഫ് ദ റിംഗ്സ് ‘ സിനിമാ പരമ്പരകളില്‍ ബില്‍ബോ ബാഗ്ഗിന്‍സിന്റെ വേഷം അവതരിപ്പിച്ച്‌ ഏറെ ശ്രദ്ധനേടിയിരുന്നു. 1981ല്‍ ചാരിയറ്റ്സ് ഒഫ് ഫയര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ഓസ്കാര്‍ നാമനിര്‍ദേശം ലഭിച്ചിരുന്നു. 1979ല്‍ പുറത്തിറങ്ങിയ ‘ ഏലിയന്‍ ‘ ആണ് ശ്രദ്ധേയമായ മറ്റൊരു ചിത്രം.

ഏറെ നാളായി ഇയാന്‍ പാര്‍ക്കിന്‍സണ്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബ്രിട്ടീഷ് നാടക വേദികളിലെയും അതുല്യ പ്രതിഭയായിരുന്നു. 1998ല്‍ പുറത്തിറങ്ങിയ ‘കിംഗ് ലിയര്‍’ എന്ന ചിത്രത്തില്‍ ലിയര്‍ രാജാവിന്റെ വേഷം അവതരിപ്പിച്ചിരുന്നു. 1931ല്‍ തെക്ക് കിഴക്കന്‍ ഇംഗ്ലണ്ടിലെ എസിക്സിലാണ് ഹോമിന്റെ ജനനം. ലണ്ടനിലെ റോയല്‍ അക്കാഡമി ഒഫ് ഡ്രാമാറ്റിക് ആര്‍ട്ടിലായിരുന്നു പഠനം. ‘ ദ ഫിഫ്ത്ത് എലമെന്റ് ‘, ‘ ദ ഏവിയേറ്റര്‍ ‘, ‘ദ ഹോംകമിംഗ്’, ‘ ഹാംലെറ്റ് ‘, ‘ മാഡ്നെസ് ഒഫ് കിംഗ് ജോര്‍ജ് ‘, ‘ ഫ്രം ഹെല്‍ ‘ തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. 1989ല്‍ കമാന്‍ഡര്‍ ഒഫ് ബ്രിട്ടീഷ് എമ്ബയര്‍ ബഹുമതിയും 1998ല്‍ നൈറ്റ് പദവിയും നല്‍കി ഇദ്ദേഹത്തെ ബ്രിട്ടന്‍ ആദരിച്ചു.2014ല്‍ പുറത്തിറങ്ങിയ ‘ ദ ഹോബിറ്റ് ; ദ ബാറ്റില്‍ ഒഫ് ദ ഫൈവ് ആര്‍മീസ് ‘ ആണ് അവസാന ചിത്രം.

Related Articles

Back to top button