IndiaLatest

വിമാനത്താവളത്തില്‍ എല്ലാവരെയും പരിശോധിക്കും ; ആന്‍റിബോഡി പരിശോധന നടത്താന്‍ ‌ മാര്‍ഗനിര്‍ദേശം

“Manju”

സിന്ധുമോള്‍ ആര്‍

വിമാനത്താവളങ്ങളില്‍ പ്രവാസികള്‍ക്ക് ആന്റിബോഡി പരിശോധന നടത്താന്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, പത്തുവയസ്സില്‍ താഴെയുള്ളവര്‍, ഭിന്നശേഷിക്കാര്‍, വയോധികര്‍, ഗുരുതരരോഗങ്ങളുള്ളവര്‍, എന്നിവര്‍ക്കൊപ്പം വരുന്ന കുടുംബാംഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. പോസിറ്റീവാകുന്ന മുന്‍ഗണനാ വിഭാഗത്തിലുള്ളവരുടെ സ്രവം ജീന്‍ എക്സ്പെര്‍ട്ട്, ട്രൂ നാറ്റ് പരിശോധനയ്ക്ക് വിധേയമാക്കും. വേഗത്തില്‍ ഫലം ലഭ്യമാക്കാനാണിത്. ആന്റിബോഡി പരിശോധനാ ഫലം നെഗറ്റീവാകുന്ന എല്ലാവരെയും 14 ദിവസം കര്‍ശന നിരീക്ഷണത്തിനായി വീട്ടിലയക്കും. വിമാനത്താവളത്തില്‍ ആന്റി ബോഡി ടെസ്റ്റ് നടത്തുന്നത് അധിക സുരക്ഷാ നടപടിയാണ്. ആന്റിബോഡികള്‍ കാണാതെ ഫലം നെഗറ്റീവ് ആകുന്നവര്‍ക്ക് രോഗമില്ലെന്ന് തീര്‍ത്ത് പറയാനാകില്ല. അതിനാല്‍, ഇവര്‍ തെറ്റായ സുരക്ഷാബോധത്തില്‍ ഇരിക്കരുത്. സമ്പര്‍ക്ക വിലക്കില്‍ കഴിയണം.

രോഗലക്ഷണമുള്ളവരെ പരിശോധനാ ഫലം നെഗറ്റീവായാലും കോവിഡ് ആശുപത്രിയിലോ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലോ പ്രവേശിപ്പിക്കും.ആന്റിബോഡി സാന്നിധ്യം കണ്ടെത്തുന്ന മുന്‍ഗണനാ വിഭാഗത്തില്‍ പെടാത്തവരുടെ സ്രവം ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് അയക്കും. ആര്‍ടിപിസിആര്‍ പരിശോധന നെഗറ്റീവ് ആകുന്നവരെ വീട്ടിലയക്കും. രോഗം സ്ഥിരീകരിക്കുന്നവരെ കോവിഡ് ആശുപത്രിയിലേക്കും ലക്ഷണം ഇല്ലാത്ത രോഗികളെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്കും മാറ്റും. ലാബുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. പ്രവാസികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് മുന്‍ഗണന നല്‍കണമെന്ന് ആരോഗ്യ സെക്രട്ടറി രാജന്‍ ഖോബ്രഗഡെ ലാബുകള്‍ക്ക് നിര്‍ദേശം നല്‍കി.

വിദേശത്തുനിന്ന് വരുന്നവര്‍ക്ക് പരിശോധന, വാഹനം ഉള്‍പ്പെടെയുള്ള സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എല്ലാ വിമാനത്താവളത്തിലും വിപുലമായ സജ്ജീകരണം ഒരുക്കി. പരിശോധനയ്ക്കുള്ള ആന്റിബോഡി കിറ്റ് എത്തിച്ചു.

വ്യാഴാഴ്ച ഉച്ചവരെ 98,202പേര്‍ കേരളത്തില്‍ മടങ്ങിയെത്തി. ജൂണ്‍ 25 മുതല്‍ 30 വരെ 111 ചാര്‍ട്ടേര്‍ഡ് വിമാനങ്ങളും 43 വന്ദേഭാരത് വിമാനങ്ങളും വിദേശ മന്ത്രാലയം ചാര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച മുതല്‍ ദിവസം 40–-50 വിമാനം പ്രതീക്ഷിക്കുന്നു. വിദേശങ്ങളില്‍ നിന്ന് എത്തുന്നവര്‍ വിമാനത്താവളങ്ങളില്‍ നിന്ന് നേരെ വീട്ടിലേക്ക് പോകണം. വിമാനത്താവളങ്ങളില്‍ ഭക്ഷണത്തിന് അമിതവില ഈടാക്കരുത് എന്ന് നിര്‍ദേശിച്ചു. സിയാല്‍ എയര്‍പോര്‍ട്ടില്‍ കുടുംബശ്രീയുടെ ലഘുഭക്ഷണ വിതരണകേന്ദ്രമുണ്ട്. വിമാനത്താവളങ്ങളില്‍ സന്നദ്ധ സംഘടനകളുടെ പേരില്‍ സ്വീകരിക്കാന്‍ പോകരുത്. വാഹനം തടഞ്ഞുനിര്‍ത്തി വഴിയില്‍ സ്വീകരണം നല്‍കരുത്. കോവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് കണ്ടെത്തിയാല്‍ മൃതദേഹം വിട്ടുകൊടുക്കാന്‍ കാലതാമസമുണ്ടാകില്ല.

Related Articles

Back to top button