KeralaLatestWayanad

ആദിവാസി മേഖലയിലെ നിശബ്ദ വിപ്ലവം

“Manju”

ബിന്ദുലാൽ തൃശൂർ

കേരളത്തില്‍ ഏറ്റവും കുറവ് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലയാണ് വയനാട്. താരതമ്യേന ജനസംഖ്യ കുറവായത് ഇതിന് കാരണമായി പറയാമെങ്കിലും കര്‍ണാടകയുമായും തമിഴ്നാടുമായും അതിര്‍ത്തി പങ്കിടുന്നതിനാല്‍ ഒട്ടേറെ കാട്ടു പാതകളിലൂടെ ആളുകള്‍ അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്യാന്‍ സാധ്യതയുള്ള ഭുപ്രകൃതിയാണ് വയനാടിന്‍റേത്. ഒപ്പം പിന്നോക്ക ആദിവാസി വിഭാഗങ്ങള്‍ ധാരാളമുള്ളതും കോവിഡ് പോലെ ഒരു മഹാമാരി പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ള പ്രദേശമായി വയനാടിനെ മാറ്റുന്നുണ്ട്. അസുഖം പടര്‍ന്നില്ലെങ്കില്‍ പോലും കോവിഡ് ഉണ്ടാക്കിയ സാമൂഹിക അരക്ഷിതാവസ്ഥയും തൊഴില്‍ നഷ്ടവും പട്ടിണിയുമെല്ലാം പെട്ടെന്ന് പ്രതിഫലിക്കപ്പെടാന്‍ സാധ്യതയുള്ള ജില്ലയാണിത്. എന്നാല്‍ ഇതുവരെ അതുപോലുള്ള അപകടസാധ്യകള്‍ ഒഴിവാക്കി ഈ ജില്ല മുന്നോട്ട് പോകുകയാണ്.

പല വിധ കാരണങ്ങള്‍ ഇതിന് നിരത്താമെങ്കിലും അധികമാരുടേയും ശ്രദ്ധയിലേക്ക് വന്നിട്ടില്ലാത്ത കാര്യമാണ് ഒരുകൂട്ടം അഭ്യസ്ഥവിദ്യരായ യുവാക്കള്‍ ആദിവാസി മേഖലയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍. സന്നദ്ധ പ്രവര്‍ത്തനം തങ്ങളുടെ ശീലത്തിന്‍റെ ഭാഗമാക്കിയ, ആഘോഷിക്കപ്പെടാതെ പോകുന്ന ഈ യുവതയാണ് യഥാര്‍ത്ഥത്തില്‍ വയനാട്ടില്‍ ഉണ്ടാകാവുന്ന പല അരക്ഷിതാവസ്ഥയും ഒഴിവാക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നത്.

പട്ടികവര്‍ഗ്ഗ ഡിപാര്‍ട്മെന്‍റില്‍ കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍ എന്ന രീതിയില്‍ രജിസ്റ്റര്‍ ചെയ്ത സന്നദ്ധ സേവകരാണ് ഈ യുവ വിഭാഗം. അവരുടെ പ്രവര്‍ത്തന മേഖല ആദിവാസി ഊരുകളാണ്. സര്‍ക്കാറുകള്‍ ആദിവാസികള്‍ക്കായി പ്രഖ്യാപിക്കുന്ന വിവിധ പദ്ധതികളുടെ ഗുണ ഫലങ്ങള്‍ യാഥാര്‍ത്ഥ ഗുണഭോക്താക്കള്‍ക്കാണ് ലഭിക്കുന്നതെന്ന് ഉറപ്പുവരുത്തല്‍ ആണ് പ്രാഥമിക കര്‍ത്തവ്യം. നിലവില്‍ 15 പേരാണ് വയനാട്ടിലെ ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്.

2014ല്‍ പരീക്ഷണ അടിസ്ഥാനത്തിലാണ് മാനന്തവാടി സബ്കളക്ടര്‍ക്ക് കീഴില്‍ കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍മാര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 6 വര്‍ഷം കൊണ്ട് ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ വലിയ മാറ്റമാണ് ഈ യുവാക്കളുടെ സേവനം കൊണ്ടുണ്ടായത്. മുമ്പ് പല രീതിയില്‍ നഷ്ടപ്പെട്ടുപോയിക്കൊണ്ടിരുന്ന ആദിവാസി വികസന ഫണ്ടുകള്‍ ഇന്നിവിടെ ഫലപ്രദമായി വിനിയോഗിക്കപ്പെടുന്നു. സ്വതവേ ഉള്‍വലിഞ്ഞു നില്‍ക്കുന്ന ഗോത്ര ജനതയെ അവരുടെ അവകാശങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി വിവിധ വികസന പദ്ധതികളില്‍ പങ്കാളികള്‍ ആക്കുന്നത് ഈ സന്നദ്ധ സേവകരാണ്. ഒപ്പം അവരുടെ ആരോഗ്യ, വിദ്യാഭ്യാസ കാര്യങ്ങളിലും ഇടപെടുന്നു.

വിവിധ സര്‍ക്കാര്‍, സര്‍ക്കാരിതര സംഘടനകളുടെ ക്ഷേമ പരിപാടികള്‍ കൃത്യമായി ആദിവാസി വിഭാഗങ്ങളില്‍ എത്തിക്കുന്നത് ഇവരാണ്. അതിനായി നിരന്തരമായി ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നു.
ഇതിന് പുറമെ ഗോത്ര വിഭാഗങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായും കൃത്യമായ ഇടപെടലുകള്‍ ഉണ്ടാകുന്നുണ്ട്. പല എന്‍ജിഒ കളും ആദിവാസി മേഖലകളില്‍ സേവനം നടത്താന്‍ തയ്യാറാണ്. ഇത്പോലുള്ള വ്യക്തികളേയും സംഘടനകളേയും കണ്ടെത്തി വളരെ പിന്നോക്കം നില്‍ക്കുന്നവരെ അവരുടെ മുന്നില്‍ എത്തിച്ച് ആവശ്യമായ സഹായങ്ങള്‍ നേടിയെടുക്കാനും ഈ യുവാക്കള്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്നുണ്ട്.

കോവിഡ് കാലത്ത് നിരന്തരം ആദിവാസി ഊരുകളില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചതാണ് ഉള്‍പ്രദേശങ്ങളില്‍ താമസിക്കുന്ന ഗോത്ര വിഭാഗങ്ങള്‍ക്കിടയില്‍ കോവിഡ് പടര്‍ന്ന് പിടിക്കാതിരിക്കാന്‍ കാരണമായത്. വയനാട്ടിലെ ജില്ലാ ഭരണകൂടവും ഇക്കാര്യത്തില്‍ ഏറ്റവുമധികം ആശ്രയിക്കുന്നതും ഊര്‍ജ്ജ്വസ്വലരായ ഈ യുവ ജനതയെ

യാണ്. കൊറോണക്കാലത്ത് വയനാട് ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തില്‍ രൂപം കൊണ്ട ‘കൊറോണ സെല്ലി’ന്‍റെ നട്ടെല്ലും ഈ യുവ വിഭാഗം ആയിരുന്നു. ഈ സന്നദ്ധ സേവകരില്‍ 80 ശതമാനത്തിലധികം ആദിവാസി വിഭാഗങ്ങളില്‍ തന്നെയുള്ളവരാണ് എന്നതും എടുത്തുപറയേണ്ടതാണ്. ആദിവാസി വിഭാഗങ്ങളില്‍ ഉന്നത വിദ്യാഭ്യാസം നേടയവരാണ് ഇവര്‍. ഏറ്റവും ചുരുങ്ങിയത് ബിരുദാനന്തര ബിരുദം നേടിയവരാണിവര്‍. തങ്ങള്‍ക്ക് ലഭിച്ച വിദ്യാഭ്യാസം തങ്ങളുടെ തന്നെ ജനതയെ ഉദ്ധരിക്കാന്‍ വേണ്ടി വിനിയോഗിക്കുന്നവരാണിവര്‍.

താല്‍ക്കാലിക അധ്യാപകന്‍ ആയി വയനാട്ടില്‍ എത്തിയ മനോജ് കൂമാര്‍ എ. ഇന്ന് മുഴുവന്‍ സമയ സന്നദ്ധപ്രവര്‍ത്തകന്‍ ആണ്. നരവംശ ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയായ ഇദ്ദേഹം വയനാട്ടിലെ ആദിവാസി വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥ ബോധ്യപെട്ടതോടെയാണ് അധ്യാപക ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയവും ഗോത്ര വര്‍ഗ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. പുസ്തകങ്ങളില്‍ വായിച്ചറിഞ്ഞതിനേക്കാള്‍ ദയനീയമായിരുന്നു ഇവിടുത്തെ ആദിവാസികളുടെ അവസ്ഥ എന്ന് അദ്ദേഹം പറയുന്നു.

സര്‍ക്കാറുകള്‍ പ്രഖ്യാപിക്കുന്ന ഫണ്ടുപോലും കൃത്യമായി അവരിലേക്ക് എത്തിയിരുന്നില്ല. റേഷന്‍ വിഹിതം പലപ്പോഴും പകുതി പോലും അവര്‍ക്ക് കിട്ടാത്ത അവസ്ഥയായിരുന്നു. ഒപ്പം സാമൂഹികവും ആരോഗ്യപരവുമായും ഈ ജനത ഒരുപാട് പിന്നില്‍ ആയിരുന്നു. ഇതാണ് ഇദ്ദേഹത്തെ ഇവിടെ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിച്ചത്. 6 വര്‍ഷങ്ങള്‍ക്കിപ്പുറം വലിയ ഒരളവു വരെ ഗോത്ര വര്‍ഗമേഖലയിലെ ജനങ്ങളെ ശാക്തീകരിക്കാനായി എന്ന് ഇദ്ദേഹം ആത്മവിശ്വാസത്തോടുകൂടി പറയുന്നു.

കോവിഡ് കാലത്ത് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഗരീബ് കല്യാണ്‍ യോജനയുടെ നേട്ടങ്ങളും പ്രധാന മന്ത്രി ഉജ്ജ്വല യോജനയിലൂടെ സൗജന്യമായി ലഭിക്കുന്ന പാചകവാതകവും സൗജന്യ ഭക്ഷ്യധാന്യങ്ങളുമെല്ലാം കൃത്യമായി ആദിവാസി ജനതയില്‍ എത്തുന്നു എന്ന് ഉറപ്പാക്കിയത് ഈ സന്നദ്ധസേവകരാണ്. നാഷണല്‍ ആയുഷ് മിഷന്‍, ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറോ, നെഹ്രു യുവകേന്ദ്ര തുടങ്ങി സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്ന വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് ഇവര്‍ ആദിവാസി മേഖലകളില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുന്നത്. ബേട്ടി ബച്ചാവോ ബേട്ടീ പഠാവേ പോലുള്ള പദ്ധതികള്‍ ഈ മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരും എന്നാണ് മനോജ് പ്രത്യാശ പ്രകടിപ്പിക്കുന്നത്. ഇത്തരം പദ്ധതികളോട് ആദിവാസി ജനത ക്രിയാത്മകമായി പ്രതികരിച്ചു തുടങ്ങിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവകാശങ്ങള്‍ പലതും ലഭിക്കാതാവുന്ന ഗോത്ര ജനതയ്ക്ക് അതെല്ലാം നേടിക്കൊടുക്കാന്‍ സഹായവുമായി ഒരു വിഭാഗം മുഴുവന്‍ സമയവും അവര്‍ക്കൊപ്പം ഉണ്ടെങ്കില്‍ വനമേഖലയിലെ പല പ്രശ്നങ്ങള്‍ക്കും പരിഹാരമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടപ്പിക്കുന്നു.

 

Related Articles

Back to top button