IndiaLatest

‘ചോണനുറുമ്പ് ചമ്മന്തി’ക്ക് ഭൗമസൂചിക പദവി

“Manju”

ഭുവനേശ്വര്‍: ഒഡിഷയിലെ മയൂര്‍ഭഞ്ജ് ജില്ലയിലെ ഗോത്രമേഖലയിലെ ഭക്ഷ്യവിഭവമായ ചോണനുറുമ്പ് ചമ്മന്തിക്ക് (കയി ചട്ണി) ഭൗമസൂചിക പദവി. ചുവന്ന നെയ്ത്തുകാരൻ ഉറുമ്പുകളെ ഉപയോഗിച്ച്‌ തയാറാക്കുന്ന ഏറെ പ്രത്യേകതകളുള്ള വിഭവമാണ് കയി ചട്ണി. ഒരു പ്രത്യേക ഉല്‍പ്പന്നം അത് നിര്‍മിക്കുന്ന പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളുമായി ചേര്‍ന്നുകിടക്കുമ്പോഴാണ് ഭൗമസൂചിക പദവി ലഭിക്കുക.

‘ഈകോഫില സ്മരാഗ്ദിന’ എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന ഉറുമ്പുകളെയാണ് കയി ചട്ണിക്കായി ഉപയോഗിക്കുന്നത്. ഇതിന് ഏറെ പോഷകഗുണമുണ്ടെന്നാണ് കരുതപ്പെടുന്നത്. മയൂര്‍ഭഞ്ജിലെ കാടുകളില്‍ നിന്നാണ് ഉറുമ്പുകളെ കൂടോടെ പിടിക്കുന്നത്. തുടര്‍ന്ന് ഉറുമ്പുകളെയും ഉറുമ്പുമുട്ടകളെയും വൃത്തിയാക്കി അതില്‍ ഉപ്പ്, ഇഞ്ചി, വെളുത്തുള്ളി, മുളക് എന്നിവ ചേര്‍ക്കും. ഇത് അരച്ചാണ് ചമ്മന്തിയുണ്ടാക്കുന്നത്. ഒഡിഷ കൂടാതെ ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളുടെ ഗോത്രമേഖലകളിലും ഈ ഉറുമ്പുചമ്മന്തി ഉണ്ടാക്കുന്നുണ്ട്.

വിവിധ രോഗങ്ങള്‍ക്കുള്ള ഔഷധമായാണ് ഗോത്രവര്‍ഗക്കാര്‍ ചോണനുറുമ്പ് ചമ്മന്തി ഉപയോഗിക്കുന്നത്. ജലദോഷം, ചുമ, ജലദോഷപ്പനി, ശ്വാസതടസം, ക്ഷീണം തുടങ്ങി രോഗങ്ങള്‍ക്കുള്ള മരുന്നായാണ് ഇത് തയാറാക്കുന്നത്. ഉറുമ്പുകളെ പിടിച്ച്‌ വിറ്റ് ഉപജീവനമാര്‍ഗം തേടുന്നവരും ഏറെയാണ്.

Related Articles

Check Also
Close
  • ……
Back to top button