IndiaLatest

ബോളിവുഡ് താരം മെഹമൂദ് ജൂനിയർ അന്തരിച്ചു

“Manju”

മുംബൈ: തന്റേതായ ശൈലിയിലൂടെ സിനിമാ പ്രേമികളെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ച പ്രശസ്ത ബോളിവുഡ് നടനും ​ഗായകനുമായ മെഹമൂദ് ജൂനിയർ (67) അന്തരിച്ചു. അര്‍ബുദബാധിതനായിരുന്നു. മെഹമൂദ് ജൂനിയറിന്റെ മരണവാർത്ത അടുത്ത സുഹൃത്തായ സലാം കാസി സ്ഥിരീകരിച്ചു. ഒരുമാസം മുമ്പാണ് സംവിധായകൻകൂടിയായ താരത്തിന് അർബുദമാണെന്ന് കണ്ടെത്തിയത്. പക്ഷേ അപ്പോഴേക്കും രോ​ഗം ശ്വാസകോശത്തേയും മറ്റ് ആന്തരികാവയവങ്ങളേയും ബാധിച്ചിരുന്നു. നാല്പത് ദിവസങ്ങൾ കൂടിയേ മെഹമൂദ് ജീവിച്ചിരിക്കൂ എന്ന് ഡോക്ടർമാർ പറഞ്ഞിരുന്നതായും സലാം കാസി പറഞ്ഞു.

ഏഴു ഭാഷകളിലായി 250-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് മെഹമൂദ് ജൂനിയർ. ആറ് മറാഠി ചിത്രങ്ങൾ നിർമിക്കുകയും സംവിധാനംചെയ്യുകയും ചെയ്തു. നയീം സയ്യിദ് എന്നാണ് യഥാർത്ഥ പേര്. 1967-ൽ പുറത്തിറങ്ങിയ നൗനിഹാലിൽ ബാലതാരമായാണ് സിനിമാജീവിതം തുടങ്ങിയത്. കാരവൻ, ജുദായി, ദാദാ​ഗിരി, ഹാഥി മേരേ സാഥി, മേരാ നാം ജോക്കർ തുടങ്ങിയവയാണ് ശ്രദ്ധേയമായ ചില ചിത്രങ്ങൾ.
പ്യാർ കാ ദർദ് ഹേ മീഠാ മീഠാ പ്യാരാ പ്യാരാ, ഏക് റിഷ്താ സഝേധാരി കാ, തെനാലി രാമ എന്നീ ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.

Related Articles

Back to top button