Uncategorized

“നാട്ടു നാട്ടു’വിലുണ്ട്‌ കൊല്ലം ടച്ച്‌

“Manju”

കൊല്ലം : ഇന്ത്യ ഓസ്കറില്‍ മുത്തമിട്ടപ്പോള്‍ മലയാളി “നാട്ടു നാട്ടു…’ പാട്ട് ഏറ്റുപാടുന്നത് കൊല്ലത്തെ യുവഗായകന്‍ യാസീന്റെ മധുര ശബ്ദം. ആര്‍ ആര്‍ ആര്‍ സിനിമയുടെ തമിഴ്, മലയാളം പതിപ്പുകളില്‍ നാട്ടു നാട്ടു പാട്ട് പാടിയത് കൊട്ടിയം സ്വദേശി യാസീന്‍ നിസാറാണ്. ലോസ് എയ്ഞ്ചലസിലെ ഹോളിവുഡ് ഡോള്‍ബി തിയറ്ററില്‍ നാട്ടു നാട്ടു പാട്ടിന് ഈണം നല്‍കിയ എം എം കീരവാണി ഓസ്കര്‍ പുരസ്കാരം ഏറ്റുവാങ്ങിയപ്പോള്‍ മലയാളക്കരയാകെ ഓര്‍ത്തെടുത്തത് യാസീന്റെ ശബ്ദമാണ്.
കൈരളി ഗന്ധര്‍വ സംഗീതം ജൂനിയര്‍ മത്സരത്തില്‍ വിജയിച്ച്‌ കൊല്ലത്തിന്റെ സംഗീതപ്പെരുമ അടയാളപ്പെടുത്തിയ യാസീന്‍, ബാഹുബലി 2, സീതാരാമം സിനിമകളുടെ മലയാളം പതിപ്പില്‍ പാടിയ പാട്ടുകള്‍ ന്യൂജന്‍ ഹരങ്ങളാണ്. പരേതനായ നിസാറിന്റെയും നാസിയയുടെയും മകനായ യാസീന്‍ സ്കൂള്‍, കോളേജ് വിദ്യാഭ്യാസവും സംഗീത പഠനവും കൊല്ലത്ത് തന്നെയായിരുന്നു. ഉമയനല്ലൂര്‍ വീണാകുമാരിയാണ് സംഗീതത്തില്‍ ആദ്യഗുരു. കൊല്ലം നൗഷാദ് ബാബു, രാജേഷ്, മയ്യനാട് ശ്രീകുമാര്‍ എന്നിവരില്‍നിന്നും പാട്ട് പഠിച്ചു. കുറച്ചുകാലം പണ്ഡിറ്റ് രമേഷ് നാരായണന്റെ ശിഷ്യനായി. കൊല്ലം എസ്‌എന്‍ ട്രസ്റ്റ് സെന്‍ട്രല്‍ സ്കൂളില്‍ പഠിക്കുമ്ബോഴാണ് 2002ല്‍ ഗന്ധര്‍വസംഗീതത്തില്‍ വിജയിയായത്. തുടര്‍ന്ന് സിബിഎസ്‌ഇ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പ്രതിഭയായി. കൊല്ലം എസ്‌എന്‍ കോളേജില്‍ ബിരുദ പഠനത്തിനുശേഷം ചെന്നൈയില്‍ എംബിഎക്ക് ചേര്‍ന്നതോടെ അവിടുത്തെ പ്രശസ്ത സ്റ്റുഡിയോകളില്‍ യാസീന്റെ ശബ്ദവും മുഴങ്ങി.
എ ആര്‍ റഹ്മാന്‍, ഇളയരാജ തുടങ്ങിയ പ്രശസ്ത സംഗീതജ്ഞരോടൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള യാസീന്‍ തമിഴിലെയും കന്നടയിലെയും തിരക്കേറിയ ഗായകനാണിപ്പോള്‍. മലയാളം ഉള്‍പ്പെടെ അറുനൂറിലേറെ ഗാനങ്ങള്‍ ആലപിച്ചു. ഇപ്പോള്‍ കൊട്ടിയത്ത് അമ്മയോടൊപ്പമാണ് താമസമെങ്കിലും മിക്കപ്പോഴും ചെന്നൈയില്‍ സംഗീതത്തിരക്കിലാകും. സഹോദരി: അസ്മിന്‍.

Related Articles

Check Also
Close
Back to top button